Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ വാർത്ത പിടിക്കാൻ മെഷീൻ ലേണിങ്; ‘ലോജിക്കലി’യുമായി ഇന്ത്യൻ വംശജൻ

lyric-jain-logically ലിറിക് ജെയ്ൻ.

ലണ്ടൻ ∙ ലോകത്താകെ ഭീതിയും വെറുപ്പും പടർത്തുന്ന വ്യാജവാർത്തകൾക്കെതിരെ പൊരുതാൻ ഇന്ത്യൻ വംശജൻ. സ്റ്റാർട്ടപ് സംരംഭകനും കേംബ്രിജ് യൂണിവേഴ്സിറ്റിയിൽ എൻജിനീയറിങ് വിദ്യാർഥിയുമായ ലിറിക് ജെയ്ൻ ആണ് പദ്ധതിയുടെ അമരക്കാരൻ.

മെഷീൻ ലേണിങ് അൽഗോരിതം ഉപയോഗിച്ച് വ്യാജവാർത്തകളെ ഫലപ്രദമായി തടയാമെന്നു മൈസൂരുവിൽ വേരുകളുള്ള ലിറിക് പറയുന്നു. വ്യാജവാർത്തയുടെ ചുവടുപിടിച്ച് ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്ന ഇന്ത്യയെ പ്രത്യേകമായി പരിഗണിക്കും. ‘ലോജിക്കലി’ എന്ന സംവിധാനം പരീക്ഷണ ഘട്ടത്തിലാണ്. സെപ്റ്റംബറിൽ യുകെ, യുഎസ് എന്നിവിടങ്ങളിലും ഒക്ടോബറിൽ ഇന്ത്യയിലും പൊതുജനങ്ങൾക്കു ലഭ്യമാക്കും.

70,000 ഡൊമെയ്നുകളിൽനിന്നുള്ള വാർത്തകളും വിവരങ്ങളും ശേഖരിച്ച് വിശകലനം ചെയ്താണ് വ്യാജവാർത്തകൾ കണ്ടുപിടിക്കുന്നതെന്ന് 21കാരനായ ലിറിക് പറഞ്ഞു. ഇന്ത്യയിൽ 20 കോടിയിലധികം ആളുകൾ വാട്സാപ് ഉപയോഗിക്കുന്നുണ്ട്. വാട്സാപ്പിലൂടെ പ്രചരിച്ച വ്യാജവാർത്തകൾ രാജ്യത്ത് മുപ്പതോളം പേരുടെ കൊലപാതകത്തിലേക്കു നയിച്ചു. ശക്തമായ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് മെസേജ് ഫോർവേഡ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വാട്സാപ് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.