Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീഷണിയുടെ പേരില്‍ എഴുത്തുനിര്‍ത്തരുത്; ഹരീഷിനെ പിന്തുണച്ച് സർക്കാർ

Novelist Hareesh

കൊച്ചി∙ ഒരു വിഭാഗം ഹിന്ദു സംഘടനകളുടെ എതിര്‍പ്പിനു പിന്നാലെ നോവല്‍ പിന്‍വലിച്ച യുവ എഴുത്തുകാരന്‍ എസ്.ഹരീഷിന് രാഷ്ട്രീയ രംഗത്തുനിന്ന് പിന്തുണ. 'മീശ' നോവല്‍ പ്രസിദ്ധീകരണം നിര്‍ത്തരുതെന്ന് മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. മൗലികവാദികളുടെ ഭീഷണിയുടെ പേരില്‍ എഴുത്തുനിര്‍ത്തരുത്. പൗരസമൂഹവും സാഹിത്യകാരന്മാരും ശക്തമായി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ, എസ്.ഹരീഷിന് നോവല്‍ പിന്‍വലിക്കേണ്ടിവന്നത് പ്രബുദ്ധ കേരളത്തിന് നാണക്കേടെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. നോവലിസ്റ്റിന്റെ കുടുംബാംഗങ്ങളെയടക്കം സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിച്ചിട്ടും നടപടിയെടുക്കാത്ത ആഭ്യന്തരവകുപ്പിന്റെ നിലപാട് ദുരൂഹമെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി.

സൈബര്‍ ലോകത്തും പുറത്തുമായി ഉയര്‍ന്ന ഭീഷണിയെ തുടര്‍ന്ന് ഇന്നലെയാണ് സാഹിത്യകാരന്‍ എസ്.ഹരീഷ് പ്രമുഖ ആഴ്ച്ചപതിപ്പില്‍നിന്ന് തന്റെ നോവല്‍ പിന്‍വലിച്ചത്. ഹരീഷിന്റെ മീശയെന്ന നോവലിനെതിരെ ഒരു വിഭാഗം ഹിന്ദു സംഘടനകളും പ്രവര്‍ത്തകരുമാണ് വിദ്വേഷപ്രചാരണം അഴിച്ചുവിട്ടത്. സമൂഹമനസ് പാകമാകുമ്പോള്‍ നോവല്‍ പുസ്തകമായി പ്രസിദ്ധീകരിക്കുമെന്ന് ഹരീഷ് അറിയിച്ചു.

നോവലിന്റെ മൂന്നാം ലക്കത്തില്‍ രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണ ശകലമാണ് ചില സമുദായ സംഘടനകളെയും അതിന്റെ സൈബര്‍ പോരാളികളെയും ചൊടിപ്പിച്ചത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികള്‍ക്ക് എതിരാണെന്ന് ആരോപിച്ച് സംഘടനകള്‍ പ്രത്യക്ഷ സമരവും സംഘടിപ്പിച്ചിരുന്നു. അര നൂറ്റാണ്ട് മുമ്പുള്ള കേരളത്തിന്റെ ജാതി ജീവിതത്തെ ദലിത് പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന നോവലായിരുന്നു മീശ. കുടുംബത്തിന്റെ സ്വൈര്യജീവിതം പോലും താറുമാറാക്കുംവിധം ഭീഷണിയും തെറിവിളിയും ഉണ്ടായ സാഹചര്യത്തിലാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് സാഹിത്യഅക്കാദമി അവാര്‍ഡ് േജാതാവ് കൂടിയായ ഹരീഷ് പ്രതികരിച്ചു.

എന്നാല്‍ നോവല്‍ പുസ്തകരൂപത്തില്‍ പിന്നീട് വയനക്കാരിലെത്തിക്കുമെന്ന് അദേഹം അറിയിച്ചു. ഹരീഷിനെതിരെ സൈബര്‍ ആക്രമണം ശക്തമായപ്പോഴും സാംസ്കാരിക കേരളവും ബുദ്ധിജീവികളും മൗനം അവംലംബിച്ചുവെന്ന പരാതിയും വ്യാപകമാണ്.