Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓൺലൈൻ വഴി ചാരായ, വാറ്റുപകരണങ്ങളും; തടയിടാൻ ഋഷിരാജ് സിങ്

Rishiraj Singh ഋഷിരാജ് സിങ്

തിരുവനന്തപുരം ∙ പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റുകളിൽ ചാരായ, വാറ്റുപകരണങ്ങളും വിൽപനയ്ക്ക്. വിവരമറിഞ്ഞതോടെ ഓൺലൈൻ വഴി സാധനങ്ങൾ ഓർഡർ ചെയ്ത് എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് ഉറപ്പുവരുത്തി. ഇതിനുപിന്നാലെ സൈറ്റുകളുടെ നടത്തിപ്പുകാർക്കെതിരെ നടപടിയെടുക്കാനും ആരംഭിച്ചു. ഇതോടെ സൈറ്റിൽനിന്ന് ഉൽപന്നങ്ങൾ പിൻവലിച്ചു. അതേസമയം ഓൺലൈൻ സൈറ്റുകൾ വഴി ലഹരിമരുന്നു വിതരണവും നടക്കുന്നുണ്ടെന്നു വിവരമുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കുന്നതിനായി എക്സൈസ് വകുപ്പ് രാജ്യാന്തര ഒാണ്‍ലൈന്‍ സൈറ്റായ ഡാര്‍ക് നെറ്റ്.കോമിനെ നിരീക്ഷി‌ക്കാൻ തുടങ്ങിയിട്ടുണ്ട്. നടപടി ആവശ്യപ്പെട്ട് പൊലീസിനും വിശദ റിപ്പോര്‍ട്ട് നല്‍കി.

മുന്‍നിര വ്യാപാര സൈറ്റുകളാണു വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നത്. വ്യാപാര സൈറ്റുകളില്‍ ലിക്വര്‍ മാനുഫാക്ചറിങ് യൂണിറ്റ് എന്നു ടൈപ്പു ചെയ്താല്‍ ഉപകരണങ്ങളുടെ വിവരങ്ങൾ ലഭ്യമാകും. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ എക്സൈസ് ആസ്ഥാനത്തും ലഭിച്ചു. തുടര്‍ന്നാണ് ഋഷിരാജ് സിങ് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിച്ചത്. കേരളത്തില്‍ ഇത് ഓര്‍ഡര്‍ ചെയ്യുന്നവരുടെ പേരു വിവരം പൊലീസ് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ എക്സൈസ് ശേഖരിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് മുന്‍നിര വ്യാപാര സൈറ്റുകളുടെ സംസ്ഥാനത്തെ ചുമതലക്കാരെ എക്സൈസ് കമ്മിഷണര്‍ വിളിച്ചു വരുത്തി മുന്നറിയിപ്പു നല്‍കിയത്. ലഹരിമരുന്നുകളുടെ വില്‍പനയും സൈറ്റുകള്‍ വഴിയുണ്ടെന്നാണു വിവരം.

എന്നാല്‍ ലഹരി മരുന്നുകള്‍ വില്‍പന നടത്തുന്ന ഡാര്‍ക്നെറ്റ്.കോമുമായി ബന്ധപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ തങ്ങള്‍ക്കു വില്‍പനയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഋഷിരാജ് സിങ് പറഞ്ഞു. നിലവിലെ നിയമത്തിന്റെ പരിധിയില്‍നിന്ന് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളെ നിയന്ത്രിക്കാന്‍ എളുപ്പമല്ലെന്നതാണ് എക്സൈസിനെ കുഴക്കുന്നത്. വാറ്റുപകരണങ്ങളും ലഹരി മരുന്നുകളും വാങ്ങുന്നയാളുകളെ കണ്ടെത്തി കേസെടുക്കുക മാത്രമാണ് മുന്നിലുള്ള പോംവഴിയെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. വ്യാപാര സൈറ്റുകള്‍ വഴിയുള്ള ഇത്തരം സാധനങ്ങളുടെ വില്‍പന തടയാന്‍ കേന്ദ്രസർക്കാരിനെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. മദ്യാസക്തി കൂട്ടുന്നുവെന്ന പേരില്‍ ജിഎന്‍പിസി ഫെയ്സ്ബുക് കൂട്ടായ്മയെ ബ്ലോക്ക് ചെയ്യണമെന്നു എക്സൈസ് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഫെയ്സ്ബുക്ക് ആവശ്യം നിരസിച്ചിരുന്നു.

related stories