Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്എസിനെതിരെ രാഷ്ട്രീയ സഖ്യങ്ങൾ വേണം: സോണിയ ഗാന്ധി

Sonia Gandhi

ന്യൂഡൽഹി ∙ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആർഎസ്എസ്സിന്റെ സംഘടനാ, സാമ്പത്തിക കരുത്തിനെ നേരിടാൻ ഫലപ്രദമായ രാഷ്ട്രീയ സഖ്യങ്ങൾ ആവശ്യമെന്നു കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാചാടോപം അദ്ദേഹത്തിന്റെ നിരാശയുടെ പ്രതിഫലനമാണ്. നിരാശയും ഭയവും നിറയ്ക്കുന്ന ഭരണത്തിൻകീഴിലാണ് ഇന്ത്യയിലെ പാവപ്പെട്ടവർ. രാജ്യത്തിന്റെ ജനാധിപത്യത്തെ അടിയറ വയ്ക്കുന്ന അപകടകരമായ ഭരണത്തിൽനിന്ന് നമ്മുടെ ജനങ്ങളെ രക്ഷിക്കണം. മോദി സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിക്കഴിഞ്ഞെന്നും സോണിയ പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മോദിക്കെതിരെ ആഞ്ഞടിച്ചു. രാജ്യ പുരോഗതിക്കും സാമ്പത്തിക വളർച്ചയ്ക്കും വേണ്ട നയങ്ങൾക്കു പകരം ആത്മപ്രശംസയും വ്യാജപ്രചാരണങ്ങളുമാണ് മോദി നടത്തുന്നതെന്നു മൻമോഹൻ പറഞ്ഞു.

കോൺഗ്രസ് ഇപ്പോൾ അനുഭവസമ്പത്തിന്റെയും ഊർജത്തിന്റെയും സങ്കലനമാണെന്ന് യോഗത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറ‍ഞ്ഞു. അത് ഭൂതകാലത്തെ വർത്തമാന, ഭാവി കാലങ്ങളുമായി ബന്ധിപ്പിക്കുന്ന പാലമാണ്. താഴേത്തട്ടിലുള്ള സംഘടനാ സംവിധാനം ശക്തമാക്കണം. കോൺഗ്രസ് പ്രവർത്തകർ ഉണരണമെന്നും പീഡിതർക്കു വേണ്ടി പൊരുതണമെന്നും രാഹുൽ പറഞ്ഞു.

12 സംസ്ഥാനങ്ങളിൽ കോൺഗ്രസിനു സ്വന്തം നിലയിൽ കരുത്തുണ്ടെന്നു പി. ചിദംബരം പറഞ്ഞു. മറ്റിടങ്ങളിൽ സഖ്യങ്ങളുണ്ടാക്കണം. ബിജെപിയെ നേരിടാൻ മഹാസഖ്യം ആവശ്യമാണെന്നും ചിദംബരം പറഞ്ഞു.

രാഹുൽ ഗാന്ധി അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള, പുതിയ പ്രവർത്തക സമിതിയുടെ ആദ്യ യോഗമാണിത്. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് വൈകിട്ട് രമേശ് ചെന്നിത്തല, എം.എം. ഹസൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.