Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘മിഴികൾ നിറയുന്നു, കൈകൾ വിറയ്ക്കുന്നു’; പൊലീസ് പരീക്ഷയ്ക്ക് വിരുതന്റെ കവിത

Kerala-Police-PSC കേരള പൊലീസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച കവിത.

തിരുവനന്തപുരം∙ ‘എങ്ങനെയെങ്കിലും എന്നെയൊന്നു ജയിപ്പിച്ചു വിടണേ സാറേ...’ എന്ന അപേക്ഷ നിറഞ്ഞ ഉത്തരക്കടലാസ് കിട്ടിയ കഥകൾ പല മൂല്യനിർണയ ക്യാംപുകളിൽനിന്നും അധ്യാപകർ നേരത്തേ പങ്കുവച്ചിട്ടുണ്ട്. പക്ഷേ ‘തീക്കട്ട’യിൽ ഉറുമ്പരിച്ചാലോ? സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്കു പിഎസ്‌സി നടത്തിയ പരീക്ഷയിലാണ് റഫ് വർക്കിന് അനുവദിച്ച സ്ഥലത്ത് ഒരു മുഴുവൻ കവിത എഴുതിയിരിക്കുന്നത്.

Read Also: ലാത്തിച്ചാർജില്ല, ഫുൾടൈം ട്രോളിങ്; ചിരിപ്പിച്ച് കൊല്ലാൻ കേരളാ പൊലീസ്...

പൊലീസുകാർക്ക് ഇത്രയേറെ അറിവുണ്ടാകുമെന്നു കരുതിയിരുന്നില്ല. ഇനിയൊരിക്കലും പൊലീസുകാരെ കുറ്റം പറയില്ലെന്നും അദ്ദേഹം കവിതയിലൂടെ വ്യക്തമാക്കുന്നു. ഇത്രയും ബുദ്ധിമുട്ടേറിയ ചോദ്യങ്ങൾക്ക് ഉത്തരം എഴുതിക്കയറിയവരാണ് പൊലീസ് എന്ന് അറിഞ്ഞിരുന്നില്ലെന്നും ‘വഴിതെറ്റി’ പരീക്ഷാഹാളിലെത്തിയ അദ്ദേഹം കുറിച്ചു.

കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിലാണ് ഈ കവിത പങ്കുവച്ചിരിക്കുന്നത്. സംഗതി രസകരമായതിനാലാണു പങ്കുവയ്ക്കുന്നതെന്നും എഴുതിയ ആളെ അറിയാമെങ്കിൽ ‘മെൻഷൻ’ ചെയ്യണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു പ്രത്യേക അറിയിപ്പു കൂടിയുണ്ട്: ഇതു കണ്ടിട്ട് ആരും കവിത എഴുതി ഇങ്ങോട്ട് അയയ്ക്കരുത്... പ്ലീസ്..!

‘പിഎസ്‌സി കവിത’ എന്ന തലക്കെട്ടോടെ പരീക്ഷാപേപ്പറിൽ വന്ന ആ സൃഷ്ടി:

മിഴികൾ നിറയുന്നു
കൈകൾ വിറയ്ക്കുന്നു
തൊണ്ട ഇടറുന്നു
ആകെ വിറയ്ക്കുന്നു
അറിഞ്ഞിരുന്നില്ല ഞാൻ
പൊലീസുകാർക്കിത്ര
അറിവുണ്ടെന്ന സത്യമേതും

ചോദ്യക്കടലാസു കൈകളിൽ
തന്നൊരു സാറിനും ശത്രുവിൻ രൂപഭാവം
ഇനിയൊരുനാളിലും പൊലീസുകാരെ
ഞാൻ കുറ്റമൊട്ടും പറയുകയില്ല

ഇത്രയും പാടുള്ള ചോദ്യത്തിനുത്തരം
എഴുതിക്കയറിയവരാണ് പൊലീസ്
ഒന്നുമേ അറിയില്ല എങ്കിലും ഞാനിന്നു
എന്നിലെ ആവതുപോലെ എഴുതിയെ
പണ്ടൊരു ചൊല്ലതു കേട്ടതുപോൽ
‘കിട്ടിയാൽ കിട്ടി അല്ലെങ്കിൽ ചട്ടി’..!