Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാത്തിച്ചാർജില്ല, ഫുൾടൈം ട്രോളിങ്; ചിരിപ്പിച്ച് കൊല്ലാൻ കേരളാ പൊലീസ്

kerala-police അൽ ട്രോളൻ പൊലീസ്: കേരള പൊലീസ് സോഷ്യൽ മിഡിയ സെല്ലിലെ പി.എസ്.സന്തോഷ്, വി.എസ്.ബിമൽ,ബി.ടി. അരുൺ, ബി.എസ്. ബിജു, കെ.ആർ. കമൽനാഥ് എന്നിവർ. ചിത്രം: മനോജ് ചേമഞ്ചേരി∙ മനോരമ

സീൻ ഒന്ന്: മൂന്നു വർഷം മുൻപുള്ള ഒരു പകൽ

‘‘നിങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങൾ ശ്രദ്ധിച്ച്, വന്നുപോയേക്കാവുന്ന അപകടങ്ങൾ മുൻകൂട്ടി കണ്ട്, പ്രതിരോധാത്മകമായി വാഹനം ഒാടിക്കുക’’
എന്തോ എങ്ങനേ......എന്ന് സുരാജ് സ്റ്റൈലിൽ ചോദിച്ചു പോയി പലരും. സംഗതി കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്കിലെ പോസ്റ്റായതു കൊണ്ടു മാത്രം എന്താണു സർ, ഈ പ്രതിരോധാത്മകം എന്നു ചോദിക്കാൻ ധൈര്യപ്പെട്ടില്ല.
നമ്മളീ പോളി ടെക്നിക്കിലൊന്നും പഠിക്കാത്തതു കൊണ്ടായിരിക്കും മനസ്സിലാകാത്തത് എന്നങ്ങ് ആശ്വസിച്ചു ഫെയ്സ്ബുക് പേജും അടച്ചു സ്വന്തം പാട്ടിനു പോയി.

സീൻ ഒന്നൊന്നര: ഒരു മാസം മുൻപുള്ള പകൽ

‘‘ ആഭരണ മോഷ്ടാക്കൾക്കു വമ്പിച്ച ഓഫർ, നിങ്ങൾക്കായി കേരള പൊലീസ് ‘കൈവളകൾ’ സമ്മാനമായി നൽകുന്നു’’
ഇതു സംഗതി കൊള്ളാലോ എന്നായി ജനം. ‘പോളണ്ടിനെക്കുറിച്ചു മിണ്ടിയാലും ബാങ്കിലെ പിൻ, ഒടിപി എന്നിവയെക്കുറിച്ച് ഒരക്ഷരം മിണ്ടരുത്’ എന്നു ‘സന്ദേശ’ത്തിലെ ശ്രീനിവാസനായും നിപ്പയെ പേടിക്കരുതെന്നു ദൃശ്യത്തിലെ ജോർജുകുട്ടിയായുമൊക്കെ പിന്നാലെ പടപടാ ട്രോളുകൾ. ചിരിക്കൊപ്പം കാര്യം പറയുന്ന പൊലീസ് ട്രോളുകൾക്കു ജനം കയ്യടിച്ചു. ഒറ്റമാസം കൊണ്ട് ഫെയ്സ്ബുക്കിൽ കേരള പൊലീസിനു ഫോളോവേഴ്സ് നാലേ കാൽ ലക്ഷം പേർ. റെസ്പോൺസ് റേറ്റോ 97%. ട്വിറ്ററിൽ 4000 പേർ!

Read: കള്ളന്മാരെ വെറുതെ പ്രലോഭിപ്പിക്കരുത് ! ...

അവരാണ്, ഇവർ

ഉപദേശം ആർക്കും പിടിക്കുന്നില്ല. ഫെയ്സ്ബുക് പേജിലേക്ക് ആരും തിരിഞ്ഞു നോക്കുന്നില്ല.ട്വിറ്ററിലാകെ 16 പേരാണു ഫോളോ ചെയ്യുന്നത്. എന്തു ചെയ്യും? ഐജി മനോജ് ഏബ്രഹാമിന്റെ അന്തരംഗത്തിൽ ഐഡിയ മൊട്ടിട്ടു, പൊലീസിനെന്താ ട്രോളിക്കൂടേ? ഉടൻ പിറന്നു, സോഷ്യൽ മീഡിയ സെൽ. ഏതു പൊലീസുകാരനും അപേക്ഷിക്കാം. നർമബോധവും ട്രോൾ നിർമിക്കാനുള്ള സാങ്കേതിക ജ്ഞാനവും യോഗ്യത. 60 പേർ അപേക്ഷിച്ചു. ഒന്നര മണിക്കൂർ പരീക്ഷയിൽ കിടിലൻ ട്രോളുകൾ ഉണ്ടാക്കിയ അഞ്ചു പേരെ ‘സിനിമേ’ലെടുത്തു.

അവരാണ് സീനിയർ സിവിൽ പൊലീസ് ഒാഫിസർ കമൽ നാഥ്, സിവിൽ പൊലീസ് ഒാഫിസർമാരായ വി.എസ്. ബിമൽ, പി. എസ്. സന്തോഷ്, ബി.ടി. അരുൺ, ബി.എസ്. ബിജു. പുറത്തു നിന്ന് ആളെ ഇറക്കിയാണ് പൊലീസ് ട്രോളുന്നതെന്ന് ഇനി സംശയിക്കില്ലല്ലോ. ഒന്നുകൂടി, യുകെയിൽ നിന്നു കംപ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം, സൈബർ ഫൊറൻസിക്സിൽ ബിരുദം, മലയാളത്തിൽ ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതകളുള്ളവർ ഉൾപ്പെടെയുണ്ട് സംഘത്തിൽ, കേട്ടോ.

കിടുവേ കിക്കിടുവേ

സക്കർബർഗിനെ സുക്കറണ്ണാന്നു വിളിക്കുന്നു, എന്തുപറ്റി രമണാ എന്നു ചോദിക്കുന്നു, നിക്കറും പോട്ടുക്കിട്ടു മീശയും മുറുക്കിക്കിട്ടു അന്തമാതിരി നിനച്ചിയാ എന്നു സ്റ്റൈൽ മന്നനാകുന്നു, പൊലീസെന്നാ സുമ്മാവാ എന്നു തട്ടുന്നു, മണവാളനും രമണനും ദശമൂലം ദാമുവും തോൽക്കുന്ന കിടിലൻ ട്രോളുകൾ വരുന്നു– പൊലീസിന്റെ ഓരോ പോസ്റ്റും ഹിറ്റ്. കമന്റിനൊക്കെ എമ്മാതിരി കൗണ്ടർ! സല്യൂട്ടടിച്ചു ചെറുപ്പക്കാർ പറഞ്ഞു, കിടുവേ കിക്കിടുവേ.

ഒരാളുടെ കണ്ടുപിടിത്തം ഇങ്ങനെ: ‘ ഇതു പഴയ കോൺസ്റ്റബിൾ കുട്ടൻ പിള്ള അല്ല, അൽ ഹൈടെക് ട്രോളൻ കേരള പൊലീസ്’.
പൊലീസ് ‘ട്രോളിങ്’ പക്ഷേ, അത്ര എളുപ്പമല്ല. ട്രോൾ തയാറാക്കി അനുമതിക്കായി ഐജി മനോജ് ഏബ്രഹാമിന് അയയ്ക്കും. ഒപ്പം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വാസ്ടാപ് ഗ്രൂപ്പിനും കൈമാറും. ഐജി ഗ്രീൻ സിഗ്നൽ നൽകിയാലേ ട്രോൾ വെളിച്ചം കാണൂ. വിവാദത്തിനോ പരാതികൾക്കോ ഇടനൽകുന്ന വാക്കുകളോ ചിത്രങ്ങളോ പാടില്ല. ഇൗ അതിരുകൾക്കുള്ളിൽ നിന്നു വേണം കോമഡി സൃഷ്ടിക്കാൻ. ഇൻബോക്സിൽ വരുന്ന ഓരോ കമന്റിനും സംശയത്തിനും അപ്പപ്പോൾ മറുപടിയും നൽകുന്നു.

പൊലീസിനും പൊങ്കാല

ഈയിടെ പൊലീസിനെ പ്രതിക്കൂട്ടിലാക്കിയ സംഭവങ്ങളുണ്ടായപ്പോൾ വഴിയേ പോയ എല്ലാവരും കേറി പൊലീസിന്റെ ഫെയ്സ്ബുക്കിലും പൊങ്കാലയിട്ടു. ഫെയ്ക് ഐഡിയിൽ നിന്നു പോലും പലരും കേറി മേഞ്ഞു. സഹിക്കാതെ വന്നപ്പോൾ പൊലീസ് ട്രോളൻമാരും പതിയെ പിൻവാങ്ങി. അതാണു സ്ട്രാറ്റജി. അല്ലാതെ വിരട്ടൽ ലൈനൊന്നും ഇല്ല.
തിരുവനന്തപുരം ജില്ലക്കാരാണ് ട്രോളുകളോട് കൂടുതൽ പ്രതികരിക്കുന്നത്. രണ്ടാമത് എറണാകുളം. മൂന്നാമത് ദുബായ്. പൊലീസിന്റെ മറുപടി കിട്ടാൻ വേണ്ടി മാത്രം കമന്റു ചെയ്യുന്നവരുണ്ട്. ഒടുവിൽ‌ ഒരു ഉരുളയ്ക്കുപ്പേരി കിട്ടിയാൽ ഹാപ്പിയായി.

ട്രോളൻ ചേട്ടൻ ഒന്നു മുഖം കാട്ടാമോ എന്നു ചോദിച്ച ആയിരക്കണക്കിനു പേരുണ്ട്. അവർക്കെല്ലാം കേരള പൊലീസിന്റെ എംബ്ലം ആയിരുന്നു മറുപടി. കട്ട സപ്പോർട്ടുമായി നിൽക്കുന്നരാണ് ഭൂരിപക്ഷം ഫോളോവർമാരും. പൊലീസിനെ അനാവശ്യമായി ചൊറിയാൻ വരുന്നവരെ അവർ തന്നെ കൈകാര്യം ചെയ്യുന്നതും കമന്റുകളിൽ കാണാം.
വൈരിഫൈഡ് പേജ് അല്ലാത്തതിനാൽ ‘കേരള പൊലീസ്’ എന്നത് ഒൗദ്യോഗിക പേജ് തന്നെയാണോ എന്ന സംശയുമുണ്ട് ചിലർക്ക്. ആ നീല ടിക് മാർക്കു കൂടി വാങ്ങി വച്ചുകൂടേ എന്ന ചോദ്യത്തിനുള്ള മറുപടി: ‘‘സുക്കറണ്ണനോടു ചോദിച്ചിട്ടുണ്ട്’’.