Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറഞ്ഞ നിരക്കിൽ എസി യാത്ര; കെഎസ്ആർടിസി ‘ചിൽ’ സർവീസിനു തുടക്കം

low-floor-ksrtc കെയുആർടിസി എസി ലോ ഫ്ളോർ ബസുകളുപയോഗിച്ചാണ് സർവീസ് (ഫയൽ ചിത്രം)

കൊച്ചി∙ ശീതീകരിച്ച ബസിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ അവസരമൊരുക്കി കെഎസ്ആർടിസി ചിൽ ബസിന്റെ പരീക്ഷണ ഓട്ടത്തിനു തുടക്കമായി. എറണാകുളം–തിരുവനന്തപുരം റൂട്ടിൽ ആലപ്പുഴ വഴി പകൽ ഒരോ മണിക്കൂർ ഇടവിട്ടാണു സർവീസ്. കെയുആർടിസി എസി ലോ ഫ്ളോർ ബസുകളുപയോഗിച്ചാണ് സർവീസ് നടത്തുന്നത്. രാവിലെ ആറിനും രാത്രി പത്തിനും ഇടയിൽ  ഒരോ മണിക്കൂർ ഇടവിട്ടും രാത്രി 10ന് ശേഷം 12, രണ്ട്, അഞ്ച് എന്നീ സമയങ്ങളിലുമാണ് സർവീസ്. എസി ലോ ഫ്ളോർ ബസിന്റെ നിരക്കാണു ചിൽ ബസിനും. 

ചേർത്തല–79, ആലപ്പുഴ–122, ഹരിപ്പാട്–174, കായംകുളം–197, കരുനാഗപ്പള്ളി–220, കൊല്ലം–258, ആറ്റിങ്ങൽ–319, തിരുവനന്തപുരം–357 എന്നിങ്ങനെയാണു എറണാകുളത്തു നിന്നുള്ള നിരക്കുകൾ. ചിൽ ബസിന്റെ കോട്ടയം വഴിയുളള എറണാകുളം– തിരുവനന്തപുരം സർവീസും മൂന്നാർ, തൊടുപുഴ, കുമളി, ഗുരുവായൂർ, കോഴിക്കോട്, പാലക്കാട് സർവീസുകളും ഓഗസ്റ്റ് ഒന്നിനു പദ്ധതിയുടെ ഒൗദ്യോഗിക ഉദ്ഘാടനത്തോടൊപ്പം നിലവിൽ വരും.

പരീക്ഷണ ഓട്ടത്തിനു മികച്ച പ്രതികരണമാണു ലഭിച്ചതെന്നു കെഎസ്ആർടിസി സോണൽ ഓഫിസർ വി.എം. താജുദ്ദീൻ സാഹിബ് പറഞ്ഞു. ഇന്നലെ ബസുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ നടത്തിയ ട്രിപ്പുകൾക്കു 15,000 രൂപയ്ക്കടുത്ത് കലക്‌ഷൻ ലഭിച്ചു.

കെഎസ്ആർടിസി സിഎംഡി ടോമിൻ തച്ചങ്കരിയുടെ നിർദേശ പ്രകാരം കൃത്യമായ ഇടവേളകളിൽ ബസുകളുറപ്പാക്കാനുള്ള നടപടിയുടെ ഭാഗമാണു ചിൽ ബസ് പദ്ധതി. കണക്ടിങ് കേരള എന്ന ആശയത്തിൽ വിവിധ റൂട്ടുകളിലായി തിരുവനന്തപുരം മുതൽ കാസർകോട് വരെ എല്ലാ മണിക്കൂറിലും ബസുകൾ ലഭിക്കുമെന്നതാണു പ്രധാന നേട്ടം.

എറണാകുളത്തു നിന്നു തിരുവനന്തപുരം വരെ ട്രെയിനിൽ എസിയിൽ യാത്ര ചെയ്യണമെങ്കിൽ ജനശതാബ്ദിയിൽ 425 രൂപയും സാധാരണ എക്സ്പ്രസ് ട്രെയിനുകളിൽ 495 രൂപയുമാണു (തേഡ് എസി) നിരക്ക്. ചിൽ ബസിൽ നിരക്കു കുറവാണെന്നതു യാത്രക്കാരെ ആകർഷിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി. എറണാകുളത്തു നിന്നുള്ള  എല്ലാ തിരുവനന്തപുരം ബസുകളും നിറഞ്ഞാണു പോകുന്നത്.

ആവശ്യത്തിനു ട്രെയിനുകളില്ലെന്നതും കെഎസ്ആർടിസിക്കു മേൽക്കൈ നൽകുന്നു. കൃത്യസമയത്തു ബസ് ഉറപ്പാക്കാൻ കഴിഞ്ഞാൽ പദ്ധതി വിജയമാകുമെന്ന സൂചനയാണു പരീക്ഷണ ഓട്ടം നൽകുന്നത്. ഓൺലൈൻ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.www.keralartc.in

related stories