Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻസെക്സിന് മികച്ച ക്ലോസിങ്; 222 പോയിന്റ് നേട്ടത്തിൽ 36,718

BSE

മുംബൈ∙ ബിഎസ്ഇ ഓഹരി സൂചികയായ സെൻസെക്സ് തിങ്കളാഴ്ച റെക്കോർഡ് നിലവാരത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 222 പോയിന്റ് ഉയർന്ന് സെൻസെക്സ് 36,718 ൽ ക്ലോസ് ചെയ്തു. നാഷനൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ഓഹരി വില സൂചികയായ നിഫ്റ്റി 74 പോയിന്റ് ഉയർന്ന് 11,084 ൽ വ്യാപാരം അവസാനിച്ചു. 

തിങ്കളാഴ്ച വ്യാപാരത്തിനിടെ ഒരു വേള എക്കാലത്തെയും ഉയർന്ന തലമായ 36,749.69 എന്ന നിലയും സെൻസെക്സ് കൈവരിച്ചു. ശനിയാഴ്ച ചരക്കു സേവന നികുതി കൗൺസിൽ റഫ്രിജറേറ്റർ, വാഷിങ് മെഷിൻ, ചെറു ടിവികൾ, ചെരുപ്പുകൾ തുടങ്ങി നൂറോളം ഉൽപന്നങ്ങൾക്ക് നികുതി കുറച്ചതും സാനിറ്ററി നാപ്കിൻ അടക്കമുള്ള ചില ഉൽപന്നങ്ങൾക്കു നികുതി വേണ്ടെന്നു വച്ചതും ഓഹരി നിക്ഷേപകരിൽ ആവേശം വർധിപ്പിക്കാൻ സഹായിച്ചതായാണ് വിലയിരുത്തൽ. ജൂലൈ 27 നാണ് പുതിയ നികുതി നിരക്കുകൾ നിലവിൽ വരുന്നത്. 

ഐടി, എനർജി ഒഴികെയുള്ള സെക്ടറുകളെല്ലാം നേട്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ അവസാന മണിക്കൂറിൽ മിഡ് ക്യാപ്, പിഎസ്‌യു ബാങ്ക്, മെറ്റൽ, എഫ്എംസിജി എന്നീ വിഭാഗം ഓഹരികൾക്കുണ്ടായ മുന്നേറ്റം വിപണിക്കു കരുത്തായി. ഇരുസൂചികകളിലും വിപ്രോ ഓഹരിക്ക് രണ്ടു ശതമാനത്തിലധികം നഷ്ടം നേരിട്ടു. യുപിഎൽ, വേദാന്ത, ഭാരതി എയർടെൽ, ഐടിസി, അദാനി പോർട്സ് എന്നിവയാണു മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. ഹീറോ മോട്ടോകോർപ്, ബജാജ് ഓട്ടോ, എച്ച്‍‍ഡിഎഫ്സി ബാങ്ക് എന്നീ ഓഹരികൾക്കാണു കൂടുതൽ നഷ്ടം നേരിട്ടത്.