Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭീഷണിപ്പെടുത്തരുത്, പ്രത്യാഘാതം കടുത്തതാകും: ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

trump ഡോണൾഡ് ട്രംപ്.

വാഷിങ്ടൻ ∙ അമേരിക്കയെ ഭീഷണിപ്പെടുത്താൻ തുനിഞ്ഞാൽ കടുത്ത പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്ന് ഇറാനോട് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയെ അഭിസംബോധന ചെയ്ത് ട്വിറ്ററിലൂടെയാണു ട്രംപിന്റെ മുന്നറിയിപ്പ്. 'മേലിൽ യുഎസിനെ ഭീഷണിപ്പെടുത്താൻ മുതിരരുത്, ചരിത്രത്തിലുടനീളം വളരെ ചുരുക്കമായി അനുഭവിച്ചിട്ടുള്ള കടുത്ത പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരും. ഹിംസയെയും മരണങ്ങളെയും കുറിച്ചുള്ള നിങ്ങളുടെ ഭ്രാന്തമായ വാക്കുകൾ കേട്ടിരിക്കുന്ന രാജ്യമായിരിക്കില്ല ഇനി ഞങ്ങൾ, കരുതിയിരിക്കുക' - ട്രംപ് കുറിച്ചു.

ഇറാൻ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അമേരിക്ക ശ്രമിക്കുന്നതായുള്ള റിപ്പോർട്ടിനെ സംബന്ധിച്ച റൂഹാനിയുടെ പ്രസ്താവനയാണു ട്രംപിനെ ചൊടിപ്പിച്ചത്. ഇറാനോടു ശത്രുതാമനോഭാവം പുലർത്തിയുള്ള അമേരിക്കൻ നയങ്ങൾക്ക് മുന്നറിയിപ്പു നൽകിയ റൂഹാനി, ഇറാനുമായുള്ള യുദ്ധം എല്ലാ യുദ്ധങ്ങളുടെയും മാതാവായിരിക്കുമെന്നു കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു.

നേരത്തേ, യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയും ഇറാനിലെ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇറാനിയൻ നേതാക്കളെ ‘മാഫിയ’ എന്നു വിശേഷിപ്പിച്ച പോംപെയോ, ഇറാൻ സർക്കാരിൽ അസന്തുഷ്ടരായ ജനങ്ങൾക്കു പിന്തുണയും വാഗ്ദാനം ചെയ്തിരുന്നു. പശ്ചിമേഷ്യയിൽ വൻ സംഘർഷസാധ്യത ഒഴിവാക്കുകയും രാജ്യാന്തരതലത്തിൽ നാഴികക്കല്ലാവുകയും ചെയ്ത ചരിത്രപ്രധാനമായ 2015ലെ ഇറാൻ ആണവക്കരാറിൽനിന്നു കഴിഞ്ഞ മേയിൽ യുഎസ് പിൻമാറിയിരുന്നു.