Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രിസ്ഥാനം പങ്കിടണമെന്ന് കൃഷ്ണൻകുട്ടി വിഭാഗം; മാത്യു ടി.തോമസ് ഡൽഹിക്ക്

Mathew T. Thomas മന്ത്രി മാത്യു ടി.തോമസ്

ന്യൂഡൽഹി∙ മന്ത്രി മാത്യു ടി. തോമസിനെതിരായ കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ നീക്കത്തില്‍ ഇടപെട്ട് ജനതാദള്‍ എസ് കേന്ദ്രനേതൃത്വം. ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവെഗൗഡ മാത്യു ടി. തോമസിനെ ഡൽഹിയിലേക്കു വിളിപ്പിച്ചു. മന്ത്രിസ്ഥാനം പങ്കിടണമെന്ന ആവശ്യം ആവര്‍ത്തിച്ച് കൃഷ്ണൻകുട്ടി വിഭാഗം പരാതി നല്‍കിയിരുന്നു. എന്നാല്‍ ദേശീയ സെക്രട്ടറി അടക്കം കേന്ദ്രനേതാക്കള്‍ മാത്യു ടി. തോമസിനെ മാറ്റേണ്ടെന്ന നിലപാടിലാണ്.

മാത്യു ടി. തോമസിനെതിരെ വര്‍ഗീയച്ചുവയുള്ള ആരോപണങ്ങളുമായി പാര്‍ട്ടിയില്‍ ഒരുവിഭാഗം പ്രചാരണം തുടങ്ങിയിരുന്നു. എറണാകുളത്ത് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തോടെ മന്ത്രിയെ നീക്കാനുള്ള ശ്രമം വഴിമുട്ടിയ സാഹചര്യത്തിലായിരുന്നു പുതിയ നീക്കം. സംസ്ഥാന പ്രസിഡന്റ് കെ കൃഷ്ണന്‍ കുട്ടിയെ അനുകൂലിക്കുന്ന പക്ഷമാണ് മാത്യു ടി. തോമസ് മന്ത്രിസ്ഥാനം ഒഴിയണമെന്ന ആവശ്യം ചർച്ചയാക്കിയത്. രണ്ട് തരത്തിലാണ് ഇത് ഉയര്‍ത്തിക്കൊണ്ട് വന്നത്. മാത്യു ടി.തോമസിന്റെ പ്രവര്‍ത്തനം മോശമാണ്, കൂടാതെ ഇതുവരെ മന്ത്രിയായിട്ടില്ലാത്ത മുതിര്‍ന്ന നേതാവായ കൃഷ്ണന്‍കുട്ടിക്ക് ഒരവസരം കൊടുക്കണം. കൊച്ചിയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സിലും എക്സിക്യൂട്ടീവും ഇത് രണ്ടും ചര്‍ച്ച ചെയ്തെങ്കിലും മന്ത്രിസ്ഥാനം വച്ചുമാറാനുള്ള ശ്രമത്തിന് പച്ചക്കൊടി കാട്ടിയില്ല.

ഇതിനു തൊട്ടുപിന്നാലെയാണു മന്ത്രിക്കെതിരെ വര്‍ഗീയച്ചുവയുള്ള പോസ്റ്റുകള്‍ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട വാട്സാപ് ഗ്രൂപ്പില്‍ വന്നു നിറയാൻ തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റ് കൃഷ്ണന്‍ കുട്ടിയുടെ സ്വന്തം പഴ്സനല്‍ അസിസ്റ്റന്റ് ടി.ടി. അരുണ്‍ ആണ് തുടക്കമിട്ടത്. അധികാരം നിലനിര്‍ത്താന്‍ വൃത്തികെട്ട വര്‍ഗീയ കളിയുമായി മാത്യു ടി. തോമസ് വീണ്ടും എന്ന തലക്കെട്ടിലുള്ള ഈ പോസ്റ്റാണ് ആദ്യം വന്നത്. മന്ത്രിയായത് വര്‍ഗീയ കളിയിലൂടെയാണ്. മാര്‍ത്തോമ്മാ സഭയിലെ സ്വാധീനം ഉപയോഗിച്ച് പി.ജെ. കുര്യന്‍ വഴി സോണിയ ഗാന്ധിയെ ഇടപെടുവിച്ച് ദേവെഗൗഡയെ വിളിപ്പിച്ചാണു മന്ത്രിസ്ഥാനം നേടിയതെന്നും അരുണ്‍ പിന്നീട് ആരോപിച്ചു.

ഇതിനുപിന്നാലെ അരുണിനെ പഴ്സനൽ അസിസ്റ്റന്റ് സ്ഥാനത്തുനിന്നു പുറത്താക്കുകയും ചെയ്തു. എംഎല്‍എ എന്ന നിലയില്‍ സര്‍ക്കാര്‍ അനുവദിച്ച പഴ്സനൽ സ്റ്റാഫ് അംഗത്തെയാണൂ നീക്കിയത്. വര്‍ഗീയകാര്‍ഡിറക്കിയാണ് മാത്യു ടി.തോമസ് മന്ത്രിപദം നേടിയതെന്ന് ധ്വനിപ്പിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചാരണം. മന്ത്രി പറഞ്ഞപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നും ഉടന്‍ നടപടിയെടുത്തെന്നും കൃഷ്ണന്‍ കുട്ടി അറിയിച്ചു.

related stories