Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തര കൊറിയയുടെ പുതിയ സാറ്റലൈറ്റ് ദൃശ്യങ്ങൾ; ട്രംപിനെ അനുസരിക്കുമോ കിം?

North Korea fires ballistic missile on Japan ഉത്തരകൊറിയയുടെ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം (ഫയൽ ചിത്രം)

പ്യോങ്യാങ്∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ഉച്ചകോടിയിൽ നൽകിയ വാക്കു പാലിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. ആണവ നിരായുധീകരണത്തിന്റെ ഭാഗമായി രാജ്യത്തെ തന്ത്രപ്രധാനമായ ആയുധ നിർമാണ കേന്ദ്രങ്ങൾ അടച്ചുപൂട്ടുന്നതിന്റെ നടപടിക്രമങ്ങൾക്കാണ് ഉത്തര കൊറിയ തുടക്കമിട്ടത്. ബാലിസ്റ്റിക് മിസൈലുകളുടെ എൻജിനുകൾ വികസിപ്പിച്ചെടുക്കാനുള്ള കേന്ദ്രങ്ങൾ ഉൾപ്പെടെ നശിപ്പിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നു.

ജൂണിൽ സിംഗപ്പൂരിൽ നടന്ന ട്രംപ്–കിം ഉച്ചകോടിയിലാണ് ആണവ നിരായുധീകരണം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന ഉറപ്പ് ഉത്തരകൊറിയ നൽകിയത്. ജൂലൈ 20നു പകർത്തിയ സാറ്റലൈറ്റ് ദൃശ്യങ്ങളാണ് ഉത്തരകൊറിയയുടെ പുതിയ നീക്കങ്ങൾ സംബന്ധിച്ച വിവരം നൽകിയത്. സോഹായ് ഉപഗ്രഹവിക്ഷേപണ കേന്ദ്രത്തോടു ചേർന്നുള്ള നിർമാണ കേന്ദ്രത്തിൽ ആണവ നിരായുധീകരണത്തിന്റെ നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നാണു വിവരം.

ബഹിരാകാശ പേടകങ്ങളുടെ ഘടകങ്ങൾ കൂട്ടിച്ചേർക്കുന്ന കേന്ദ്രമാണു സോഹായിലുള്ളത്. ഇതിനു സമീപത്തായി റോക്കറ്റ് എൻജിൻ പരീക്ഷണ കേന്ദ്രവുമുണ്ട്. ബാലിസ്റ്റിക് മിസൈലുകൾക്കായുള്ള ലിക്വിഡ്–ഫ്യുവൽ എൻജിനുകൾ പരീക്ഷിക്കുന്നത് ഇവിടെയാണ്. ബഹിരാകാശ പേടകങ്ങൾക്കായുള്ള റോക്കറ്റുകളും ഇവിടെത്തന്നെയാണു പരീക്ഷിക്കുന്നത്.

ഉത്തര കൊറിയയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങളിൽ നിർണായക പ്രധാന്യമാണ് ഈ കേന്ദ്രത്തിനുള്ളത്. ഇവിടെയുള്ള സംവിധാനങ്ങൾ നശിപ്പിക്കുന്നതിനെ ഉത്തര കൊറിയയുടെ ഭാഗത്തു നിന്നുള്ള മികച്ച പ്രതികരണമായാണു പാശ്ചാത്യ ലോകം കാണുന്നത്. മിസൈൽ എൻജിൻ പരീക്ഷണ കേന്ദ്രം നശിപ്പിക്കാമെന്ന ഉറപ്പ് കിം നൽകിയതായി സിംഗപ്പൂർ ഉച്ചകോടിക്കു ശേഷം വാർത്താസമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കിയിരുന്നു.

കൂടിക്കാഴ്ച കഴിഞ്ഞ് ഒരു മാസത്തിലേറെയായിട്ടും നടപടികളൊന്നുമില്ലാത്തതിൽ അടുത്തിടെ യുഎസ് പ്രതിഷേധവും അറിയിച്ചു. ആണവ നിരായുധീകരണത്തിനു തുടക്കമിടുന്നതു വരെ ഉത്തരകൊറിയയ്ക്കു മേൽ ഉപരോധം തുടരണമെന്നു ചൈനയോടും റഷ്യയോടും ഉൾപ്പെടെ യുഎസ് ആഹ്വാനവും ചെയ്തു. ഇതിനു പിന്നാലെയാണു സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്തുവന്നത്.

എന്നാൽ, എവിടെയുള്ള മിസൈൽ എൻജിൻ പരീക്ഷണ കേന്ദ്രമാണു തകർക്കുന്നതെന്നു ട്രംപ് വ്യക്തമാക്കിയിരുന്നില്ല. സാറ്റലൈറ്റ് ദൃശ്യങ്ങൾ പ്രകാരം സോഹായിലെ കേന്ദ്രമാണെന്ന് യുഎസ് അധികൃതർ തന്നെ വാർത്താഏജൻസിയായ റോയിട്ടേഴ്സിനോടു വ്യക്തമാക്കി. ഒരു വർഷത്തിനിടയിൽ വേണമെങ്കിൽ സമ്പൂർണ അണ്വായുധ നിരായുധീകരണത്തിന് ഉത്തര കൊറിയയ്ക്കാകും. എന്നാൽ ഇതു സംബന്ധിച്ച് സമയപരിധിയൊന്നും നൽകിയിട്ടില്ലെന്നാണു ട്രംപ് പറയുന്നത്. വാക്കുപാലിക്കാത്ത ഉത്തരകൊറിയയോടു പ്രതിഷേധം അറിയിച്ചെന്ന വാർത്തകളെ ട്രംപ് തള്ളിക്കളയുകയും ചെയ്തു.

അതിനിടെ, ഇരുകൊറിയകൾക്കുമിടയിലുള്ള സൈനികമുക്ത മേഖലയിൽ നിന്ന് ഒരുവിഭാഗം സൈനികരെയും ആയുധങ്ങളെയും ഒഴിവാക്കുകയാണെന്നു ദക്ഷിണ കൊറിയ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്. വിജയകരമാണെങ്കിൽ അതിർത്തിയിലെ മറ്റു മേഖലകളിലേക്കും നീട്ടുമെന്നും ദക്ഷിണ കൊറിയൻ പ്രതിരോധ വകുപ്പ് അറിയിച്ചു. കിം ജോങ് ഉന്നും ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജെ ഇന്നു ഇക്കഴിഞ്ഞ ഏപ്രിലിലാണ് ചരിത്രപരമായ കൂടിക്കാഴ്ച നടത്തിയത്. അതിർത്തിയെ ‘സമാധാന മേഖല’യാക്കാൻ ഇരുകൊറിയകളും അന്ന് തീരുമാനമെടുത്തിരുന്നു.