Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ബോംബുമായി’ സ്ത്രീകളും കുട്ടികളും; മുഖംമൂടി ധരിച്ച് കഴുത്തറുക്കുന്ന ആശയം മാറ്റാൻ ഐഎസ്

Syria-ISIS-Women-Fighters-ISlamic-State അംഗങ്ങളെല്ലാം സ്ത്രീകളായ ഐഎസിന്റെ സിറിയയിലെ അൽ ഖാൻസ ബ്രിഗേഡ് (ഫയൽ ചിത്രം)

ലണ്ടൻ∙ ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ നിന്നു മടങ്ങിയെത്തുന്ന സ്ത്രീകളുടെയും കുട്ടികളുടെയും കണക്ക് ഞെട്ടിക്കുന്നതാണെന്നും എന്നാൽ ഇതിന്മേൽ ലോകരാജ്യങ്ങൾ കണ്ണടയ്ക്കുകയാണെന്നും ബ്രിട്ടിഷ് സർവകലാശാലയിൽ നിന്നുള്ള പഠന റിപ്പോർട്ട്. ഇത്തരത്തിൽ തിരിച്ചെത്തുന്നവരെപ്പറ്റിയുള്ള വിവരങ്ങൾ പോലും സർക്കാർ ശേഖരിക്കുന്നില്ലെന്നും കിങ്സ് കോളജ് ലണ്ടൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

സിറിയയിൽ നിന്നും ഇറാഖിൽ നിന്നും തിരിച്ചെത്തിയവരുടേതായി നിലവിൽ ബ്രിട്ടിഷ് സർക്കാർ നൽകുന്ന കണക്കുകൾ എല്ലാ വിവരങ്ങളെയും കുറച്ചു കാണിക്കുന്നതാണെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്. സർക്കാരിന്റെ കയ്യിൽ കൃത്യമായ കണക്കില്ലാത്തതും വനിതകളെ ‘പോരാളി’കളാക്കുന്നതു സംബന്ധിച്ച് ഐഎസിൽ വരുന്ന മാറ്റങ്ങളും പരിശോധിച്ചാൽ അപകടകരമായ അവസ്ഥയിലേക്കാണു കാര്യങ്ങളുടെ പോക്കെന്നും സർവകലാശാലയിലെ ഇന്റർനാഷനൽ സെന്റർ ഫോർ ദ് സ്റ്റഡി ഓഫ് റാഡിക്കലൈസേഷൻ റിപ്പോർട്ടില്‍  വ്യക്തമാക്കുന്നു. 

ലോകമെമ്പാടും ഐഎസിന്റെ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങളിലെല്ലാം വനിതകൾ വ്യാപകമായി പങ്കെടുക്കുന്നതായാണ് റിപ്പോർട്ടുകൾ. 2013 ഏപ്രിലിനും 2018 ജൂണിനും ഇടയിൽ 41,490 വിദേശികൾ ഇറാഖിലും സിറിയയിലും ഇസ്‌ലാമിക് സ്റ്റേറ്റിനൊപ്പം ചേർന്നതായാണു കണക്ക്. ഇതിൽ 4,761 പേർ (13%) സ്ത്രീകളാണ്. 4,640 പേരാകട്ടെ കുട്ടികളും. ഐഎസിൽ ആകെ ചേർന്ന വിദേശികളിൽ 12% വരുമിത്! ഭീകരതയുടെ ആശയ–പ്രത്യയശാസ്ത്ര ‘ബോംബുകൾ’ ജനങ്ങളിലേക്ക് എളുപ്പം ഒളിച്ചുകടത്തി എല്ലാം തകിടം മറിക്കുന്നതിനുള്ള ഉപകരണങ്ങളായാണ് സ്ത്രീകളെയും കുട്ടികളെയും ഐഎസ് കണക്കാക്കുന്നതെന്നും റിപ്പോർട്ടിൽ സൂചനയുണ്ട്. 

മുഖംമൂടി ധരിച്ച് കഴുത്തറുക്കുന്നവർ മാത്രമല്ല!

Islamic-State-ISIS

മൂന്നു തരത്തിലാണു സ്ത്രീകൾ ഉൾപ്പെടുന്ന ഭീകരാക്രമണ പദ്ധതികൾ–സ്ത്രീകൾ മാത്രമുള്ള സെൽ, കുടുംബ സെൽ, ഒറ്റയ്ക്ക് ആക്രമണം നടത്തുന്നവർ എന്നിങ്ങനെയാണത്. 2016 ഒക്ടോബറിൽ മൊറോക്കോയിൽ നിന്ന് 10 സ്ത്രീകൾ പിടിയിലായത് പാർലമെന്റ് തിരഞ്ഞെടുപ്പിനിടെ ബോംബ് ആക്രമണം പദ്ധതിയിട്ടതിനാണ്. ഇവരിൽ നാലു പേർ ഇന്റർനെറ്റിലൂടെ ഇറാഖിലെയും സിറിയയിലെയും ഐഎസ് അംഗങ്ങളെ വിവാഹം ചെയ്തിരുന്നു. കഴിഞ്ഞ വർഷം ലണ്ടനിലെ ബ്രിട്ടിഷ് മ്യൂസിയത്തിൽ ആക്രമണത്തിനു പദ്ധതിയിട്ട സ്ത്രീകളുടെ സംഘത്തെയും അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് സ്ത്രീകൾ മാത്രമായി ആക്രമണം പദ്ധതിയിട്ട ആദ്യത്തെ സംഭവവുമായിരുന്നു അത്. 

മുഖംമൂടി ധരിച്ച് കറുത്ത കൊടി വീശുന്നവരും മറ്റുള്ളവരുടെ തലയറുക്കുന്നവരുമായ ഭീകരതയാണ് ഐഎസുമായി ബന്ധപ്പെട്ടു ഭൂരിപക്ഷം പേരുടെയും മനസ്സിലുള്ളത്. എന്നാൽ സ്ത്രീകളും പ്രായപൂർത്തിയാകാത്തവരും ഡോക്ടർമാരും എന്‍ജിനീയർമാരും ജഡ്ജുമാരും ഉൾപ്പെടെ  ഒപ്പം ചേരുമ്പോൾ ‘ഭീകരതയുടെ മുഖം’ മാറുമെന്ന തോന്നലാണ് ഐഎസിനെന്നും റിപ്പോർട്ടിൽ പറയുന്നു. നടത്തുന്നത് അവകാശപ്പോരാട്ടമാണെന്നു തോന്നിപ്പിക്കുകയെന്ന ലക്ഷ്യവും സ്ത്രീകളെ ഒപ്പം കൂട്ടുന്നതിനു പിന്നിലുണ്ട്. 

‘ജിഹാദി വധു’ക്കളായി മാത്രമല്ല!

‘ജിഹാദി വധു’ക്കളായി ഉപയോഗിക്കാനാണു സ്ത്രീകളെ ഐഎസ് ഉപയോഗിക്കുന്നതെന്നായിരുന്നു നേരത്തേയുള്ള വാദം. എന്നാൽ ഇതിനുമപ്പുറത്താണ് ഇപ്പോഴത്തെ കാര്യങ്ങൾ. മറ്റു സ്ത്രീകളെ ഐഎസിലേക്ക് ആകർഷിക്കാനും ഐഎസ് ഭീകരാശയങ്ങൾ പ്രചരിപ്പിക്കാനും ഫണ്ട് ശേഖരണത്തിനുമെല്ലാം സ്ത്രീകളെ ഉപയോഗിക്കുന്നു. ഒരു സ്ത്രീ മറ്റൊരു ചെറുപ്പക്കാരിക്കു സിറിയയിലേക്കു യാത്രയ്ക്കുള്ള സൗകര്യം ഒരുക്കിക്കൊടുത്ത സംഭവം വരെ കാനഡയിൽ റിപ്പോർട്ട് ചെയ്തിരുന്നു. സ്പെയിനിലാകട്ടെ രണ്ടു കൂട്ടുകാരികൾ ഇറാഖിലേക്കും സിറിയയിലേക്കും കടക്കുന്നതിനു മുൻപ് മറ്റു സ്ത്രീകളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തിരുന്നു. 

isis

സമൂഹത്തിലെ ഒറ്റപ്പെടൽ, ഉപദ്രവിക്കൽ, വംശീയപരമായ ഒറ്റപ്പെടുത്തൽ ഇതെല്ലാം സ്ത്രീകളെ ഐഎസിലേക്ക് ആകർഷിക്കുന്നുണ്ട്. സ്ത്രീശാക്തീകരണത്തിന്റെ പേരിൽ ഐഎസ് നടത്തുന്ന പ്രചാരങ്ങളും ആശയങ്ങളുമാണ് മറ്റൊരു ഘടകം. 2015ൽ യുകെയിൽ നിന്ന് നാല് സ്കൂൾ വിദ്യാർഥിനികളാണ് ഐഎസ് ഭീകരരെ വിവാഹം ചെയ്യാനായി സിറിയയിലേക്കു കടന്നത്. ബ്രിട്ടനെ ഞെട്ടിച്ച സംഭവമായിരുന്നു ഇത്. 2017ൽഐഎസിന്റെ പതനത്തെത്തുടർന്ന് ഒട്ടേറെ സ്ത്രീകളെപ്പറ്റി യാതൊരു വിവരവുമുണ്ടായിരുന്നില്ല. വനിതകൾ നേരിട്ട് ആക്രമണത്തിനിറങ്ങില്ലെന്നാണു 2015ൽ ഐഎസ് വ്യക്തമാക്കിയിരുന്നതെങ്കിലും പിന്നീട് അതെല്ലാം മാറി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ആയുധധാരികളായ വനിതകൾ മറ്റു ഭീകരർക്കൊപ്പം പോരാട്ടത്തിനൊരുങ്ങുന്നതിന്റെ വിഡിയോയും പുറത്തുവിട്ട് ഐഎസ് ലോകത്തെ ഞെട്ടിച്ചു. 

യൂറോപ്യൻ യൂണിയന്റെ ഔദ്യോഗിക ഇന്റലിജൻസ് ഏജൻസിയായ യൂറോപോളിന്റെ കണക്കു പ്രകാരം 96 വനിതകളാണ് 2014ൽ ഭീകരാക്രമണത്തിനു പിടിയിലായത്. 2015ൽ ഇത് 171 ആയി. 2016ൽ 180 ആയി ഉയർന്ന സംഖ്യ തൊട്ടടുത്ത വർഷം 123 ആയി കുറഞ്ഞു. വിദേശികൾക്ക് ഇക്കാലയളവിൽ ഐഎസ് ക്യാംപിൽ വച്ചു മാത്രം 730 കുട്ടികളുണ്ടായെന്നും കണക്കുകളുണ്ട്. തങ്ങളുടെ പൗരന്മാർ എവിടെയാണെന്നു തിരിച്ചറിഞ്ഞ് അവർക്ക് ആവശ്യമായ പുനരധിവാസം നൽകണമെന്ന ആവശ്യവും ലോകരാജ്യങ്ങൾക്കു നേരെ റിപ്പോർട്ടിൽ ഉന്നയിക്കുന്നു.

കുട്ടികളുടെ കാര്യത്തിലാണു പ്രത്യേക ശ്രദ്ധ വേണ്ടത്. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട ഭീകരാക്രമണങ്ങൾ കുറവാണെങ്കിലും ഇവരുടെ ഭാവിയിൽ അധികൃതർ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യം. പ്രശ്നങ്ങളൊന്നുമില്ലാതെ തിരിച്ചെത്തിയാലും ഐഎസുമായി ബന്ധമുള്ളവരെന്നു  മുദ്ര കുത്തപ്പെട്ടാൽ കുട്ടികളുടെ ഭാവി തന്നെ അപകടത്തിലാകുമെന്നും റിപ്പോർട്ട് മുന്നറിയിപ്പു നൽകുന്നു. ഐഎസ് ആശയങ്ങൾ ഫലപ്രദമായി മറ്റുള്ളവരിലേക്കെത്തിക്കാനുള്ള മാർഗമായാണ് നിലവിൽ ഭീകരർ സ്ത്രീകളെയും കുട്ടികളെയും കാണുന്നത്. ഇതിനു തടയിടാനുള്ള നടപടിയാണ് രാജ്യാന്തര തലത്തിൽ ഉണ്ടാകേണ്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.

EUROPE-2017/FACES

കേരളത്തിൽ നിന്നും ഐഎസിലേക്ക്!!

കേരളത്തിൽനിന്നു കാണാതായ, ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന 21 പേരുടെ രേഖാചിത്രങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഇക്കഴിഞ്ഞ ഡിസംബറിൽ പുറത്തുവിട്ടിരുന്നു. ഇതിൽ ആറുപേർ സ്ത്രീകളായിരുന്നു. ഇവർ 2017 മേയ്– ജൂലൈ മാസങ്ങളിൽ പല സംഘങ്ങളായി ഐഎസിൽ ചേരാൻ രാജ്യം വിട്ടതായാണ് എൻഐഎ നിഗമനം. കാണാതായ മലയാളികളിൽ 14 പേർ 26 വയസ്സിൽ താഴെയുള്ളവരാണ്. ഇവരിൽ കുറഞ്ഞത് 19 പേരെങ്കിലും ടെഹ്റാനിൽനിന്ന് ഇറാഖ്– സിറിയ അതിർത്തി കടന്ന് ഐഎസ് സംഘാംഗങ്ങൾക്കൊപ്പം ചേർന്നതായാണ് എൻഐഎയുടെ നിഗമനം. 

യുകെയിൽ നിന്നും ഒട്ടേറെ പേർ ഐഎസിൽ ചേരാൻ ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്കു കടന്നിരുന്നു. ബ്രിട്ടിഷ് പൗരത്വമുള്ള 850 പേരാണ് ഐഎസിൽ ചേർന്നത്. ഇവരിൽ 145 പേർ സ്ത്രീകളും 50 പേർ കുട്ടികളുമാണ്. 425 പേർ ബ്രിട്ടനിൽ തിരിച്ചെത്തിയതായാണു വിവരം. ഇവരിൽ രണ്ടു സ്ത്രീകളും നാലു കുട്ടികളും ഉണ്ടെന്നു മാത്രമാണ് ഇതുവരെ സ്ഥിരീകരിക്കാനായത്. എന്നാൽ ഇതു തീരെ കുറവാണെന്നാണു കിങ്സ് കോളജ് ലണ്ടന്റെ  പഠനം വ്യക്തമാക്കുന്നത്. കൃത്യമായ വിവരം ഇല്ലാത്തതാണ് ഇവിടെ തിരിച്ചടിയായത്. യുകെയിലേക്ക് തിരിച്ചെത്തുന്നവരെ വയസ്, ലിംഗഭേദം എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നില്ല. ബ്രിട്ടനിൽ നിന്ന് ഐഎസിലെത്തിയവരിൽ 23 ശതമാനം പേരും സ്ത്രീകളും പ്രായപൂർത്തിയാകാത്തവരുമാണെന്നിരിക്കെയാണു സർക്കാരിന്റെ ഇത്തരമൊരു നയം. 

തിരിച്ചെത്തിയവരെ പലതരത്തിലും ഭയക്കേണ്ടതുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഐഎസിൽ നിന്ന് ആയുധ ഉപയോഗത്തിൽ വരെ പരിശീലനം ലഭിച്ചവരാണിവർ. ഇതിന്റെ പരിശീലനം മറ്റുള്ളവർക്കോ സ്വന്തം കുട്ടികൾക്കു തന്നെയോ നൽകാൻ ഇവർ ശ്രമിക്കും. ഫ്രാൻസ്, മൊറോക്കോ, കെനിയ, ഇന്തൊനീഷ്യ, യുഎസ് എന്നിവിടങ്ങളിൽ നടന്ന ഐഎസ് ഭീകരാക്രമണങ്ങളിലെല്ലാം സ്ത്രീകൾ പങ്കാളികളായിരുന്നു. ഏതെല്ലാം സാഹചര്യത്തിലാണു സ്ത്രീകൾ ആയുധമെടുക്കേണ്ടതെന്നതു സംബന്ധിച്ചു വ്യക്തമായ മാറ്റങ്ങളാണ് തങ്ങളുടെ ആക്രമണ രീതികളിൽ ഐഎസ് അടുത്തകാലത്തു കൈക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിൽ ഐഎസിൽ നിന്നു മടങ്ങിയെത്തുന്ന സ്ത്രീകളെ അപകടകാരികളായിത്തന്നെ കണക്കാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.