ബ്രിട്ടനിൽ സർക്കാർ ജോലിക്കാർക്ക് ശമ്പളം കൂടും; മലയാളികൾക്കും സന്തോഷം

ലണ്ടൻ∙ ദീർഘനാളത്തെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ ബ്രിട്ടനിൽ ഡോക്ടർമാരും അധ്യാപകരും സായുധസേനാംഗങ്ങളും ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്കു ശമ്പളം വർധിപ്പിക്കാൻ തീരുമാനം. ഇതുസംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ഉടനുണ്ടാകുമെന്നു സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. രാജ്യത്തൊട്ടാകെ 10 ലക്ഷത്തോളം പേർക്കു ഗുണകരമാകും.

സാമ്പത്തിക മാന്ദ്യകാലത്ത് നിർത്തലാക്കിയ ശമ്പള വർധന പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് വിവിധ മേഖലകളിലെ സർക്കാർ ഉദ്യോഗസ്ഥർ പ്രക്ഷോഭത്തിലായിരുന്നു. ശമ്പള വർധനവിൽ നിലവിലുണ്ടായിരുന്ന ഒരു ശതമാനം ക്യാപ് എടുത്തുകളയാൻ കഴിഞ്ഞവർഷം സർക്കാർ തീരുമാനിച്ചിരുന്നു. ഇതേത്തുടർന്ന് എല്ലാവർക്കും ശമ്പള വർധനയുണ്ടാകുമെന്നു കരുതിയിരുന്നെങ്കിലും നഴ്സുമാർ ഉൾപ്പെടെയുള്ള എൻഎച്ച്എസ് സ്റ്റാഫിനും ജയിൽ ഉദ്യോഗസ്ഥർക്കും പൊലീസിനും മാത്രമായിരുന്നു വർധന കിട്ടിയത്.

ഇതിനു പുറമേയാണ് ഇപ്പോൾ ഡോക്ടർമാർക്കും അധ്യാപകർക്കും സായുധസേനാംഗങ്ങൾക്കും ശമ്പള വർധന പ്രഖ്യാപിക്കാനൊരുങ്ങുന്നത്. മൂന്നു വർഷംകൊണ്ട് ലഭ്യമാകത്തക്കവിധം ആറര ശതമാനം മുതൽ ഒമ്പത് ശതമാനം വരെ ശമ്പള വർധനയാണ് എൻഎച്ച്എസ് ജീവനക്കാർക്ക് അടുത്തിടെ സർക്കാർ പ്രഖ്യാപിച്ചത്. ഏറെക്കുറെ ഇതിനു സമാനമായ വർധനയാണു മറ്റ് മേഖലയിലുള്ളവരും പ്രതീക്ഷിക്കുന്നത്.