Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരാപ്പുഴ മുതൽ സമ്പത്ത് വരെ; പൊലീസ് ക്രൂരതകളുടെ ആവർത്തനങ്ങൾ

Kerala-Police-Attrocity

വരാപ്പുഴ കസ്റ്റഡി മരണം

അടുത്തകാലത്ത് ഏറ്റവും അധികം വിവാദങ്ങൾക്കു വഴിയൊരുക്കിയ കസ്റ്റഡി മരണം വരാപ്പുഴയിലെ ശ്രീജിത്തിന്റേതാണ്. വരാപ്പുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ വീടാക്രമണക്കേസിനെ തുടർന്ന് ഗൃഹനാഥൻ ആത്മഹത്യചെയ്ത സംഭവത്തിലാണു ദേവസ്വംപാടം സ്വദേശി ശ്രീജിത്ത് അടക്കം ഒൻപതു പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് വാഹനത്തിനുള്ളിലും വരാപ്പുഴ സ്റ്റേഷനിലും മർദനത്തിനിരയായ ശ്രീജിത്ത് ദഹനേന്ദ്രിയങ്ങൾ തകർന്നാണു മരിച്ചത്. അന്നത്തെ പറവൂർ സിഐ, വരാപ്പുഴ എസ്ഐ, എഎസ്ഐ, ആലുവ റൂറൽ ടൈഗർ ഫോഴ്സ്(ആർടിഎഫ്) അംഗങ്ങൾ അടക്കം ഒൻപതു പൊലീസ് ഉദ്യോഗസ്ഥർ കേസിൽ പ്രതികളാണ്. ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും.

മരട് കസ്റ്റഡി മർദനം, ആത്മഹത്യ

2015 ഡിസംബറിൽ പൊലീസ് കസ്റ്റഡിയിൽ മർദനമേറ്റതിൽ മനംനൊന്തു കുണ്ടന്നൂർ സ്വദേശി സുഭാഷ് ആത്മഹത്യ ചെയ്തതിന് ഉത്തരവാദിയായ മരട് എസ്ഐ പി.ആർ.സന്തോഷിനെ സസ്പെൻഡ് ചെയ്തിരുന്നു. പിന്നീടു തിരിച്ചെടുത്തു. കുണ്ടന്നൂർ ഇ.കെ.നായനാർ ഹാളിനു സമീപത്തു നിൽക്കുകയായിരുന്ന സുഭാഷിനെ മദ്യപിച്ചു എന്ന കുറ്റം ആരോപിച്ചാണു പിടിച്ചത്. പൊലീസിനെ കണ്ടു മറ്റുള്ളവർ ഓടി. രാത്രിയിൽ കാഴ്ചക്കുറവുണ്ടായിരുന്ന സുഭാഷ്, കൂട്ടുകാർ പറ്റിക്കുകയാണെന്നു കരുതി എസ്ഐയുടെ തോളിൽ കയ്യിട്ടു കെട്ടിപ്പിടിച്ചതാണു പൊലീസിനെ പ്രകോപിപ്പിച്ചത്. ഇയാൾ അളവിൽ കൂടുതൽ മദ്യപിച്ചിരുന്നില്ലെന്നാണു വൈദ്യപരിശോധനയിൽ തെളിഞ്ഞത്.

പാലക്കാട് സമ്പത്ത് കസ്റ്റഡി മരണം

ഐഎഎസ് ഉദ്യോഗസ്ഥൻ കെ.എസ്. സതീഷിന്റെ സഹോദരിയും പുത്തൂർ റോഡ് സായുജ്യത്തിൽ വി. ജയകൃഷ്ണന്റെ ഭാര്യയുമായ ഷീലയെ (47) കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി സമ്പത്ത് 2010 മാർച്ച് 30നു പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു. സംഭവത്തി‍ൽ അന്നത്തെ ഡിവൈഎസ്പി, സിഐ, രണ്ട് എസ്ഐമാർ ഉൾപ്പെടെ 12 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു. അന്നത്തെ പാലക്കാട് എസ്പി, തൃശൂർ റേഞ്ച് ഐജി എന്നിവർക്കെതിരെ ആരോപണം ഉയർന്നെങ്കിലും പുനരന്വേഷണത്തിൽ രണ്ടുപേരെയും ഒഴിവാക്കി. കേസ് വിചാരണാ ഘട്ടത്തിലാണ്. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബിഐ അഡീഷനൽ എസ്പിയുടെ അസ്വാഭാവിക മരണം ഉൾപ്പെടെ കേസിനെ വിവാദമാക്കിയിരുന്നു. 2013 മാർച്ച് 23നാണു ഷീല കെ‍ാല്ലപ്പെട്ടത്.