Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആധാർ നമ്പർ നൽകാതെയും ഓൺലൈനിൽ നികുതി അടയ്ക്കാം: ഡൽഹി ഹൈക്കോടതി

delhi-high-court

ന്യൂഡൽഹി∙ ഓൺലൈനിൽ‌ ആദായനികുതി അടയ്ക്കുന്നതിന് ആധാർ നിര്‍ബന്ധമില്ലെന്ന നിർദേശവുമായി ഡൽഹി ഹൈക്കോടതി. രണ്ട് ഹർജിക്കാർക്കനുകൂലമായി നിലപാടെടുത്ത കോടതി ഇതിനുള്ള സൗകര്യം ഒരുക്കാന്‍ കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡിന് നിർദേശം നൽകി. പാൻ – ആധാർ കാർഡുകൾ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതിയായ 2019 മാർച്ച് 31 വരെ ഇത് പാലിക്കണമെന്നും ഹൈക്കോടതി നിലപാടറിയിച്ചു.

ആധാർ കാർഡ് റജിസ്ട്രേഷൻ നമ്പരോ ആധാർ എൻറോൾമെന്റ് നമ്പരോ ഇല്ലാതെ ഓൺലൈനായി ആദായ നികുതി അടയ്ക്കുന്നതിനാണ് രണ്ട് ഹര്‍ജിക്കാർക്കും കോടതി അനുമതി നൽകിയത്. ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, എ.കെ. ചൗള എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജിയിൽ തീരുമാനമെടുത്തത്. ഒൻപത് പേർ സമര്‍പ്പിച്ച അപേക്ഷയിൽ മദ്രാസ് ഹൈക്കോടതിയും സമാനമായ വിധി പുറപ്പെടുവിച്ചിട്ടുണ്ട്.

ശ്രേയ സെൻ, ജയ്ശ്രീ സത്പുതെ എന്നിവർ നല്‍കിയ ഹർജിയിലായിരുന്നു ഡൽഹി ഹൈക്കോടതിയുടെ നിര്‍ദേശം. ആധാർ എൻറോൾമെന്റ് നമ്പർ നൽകാതെ വെബ്സൈറ്റിൽ ആദായ നികുതി അടയ്ക്കാൻ സാധിക്കാതിരുന്നതോടെയാണ് ഇരുവരും പരാതിയുമായി കോടതിയെ സമീപിച്ചത്. പാൻ കാർഡും ആധാർ കാര്‍ഡും ലിങ്ക് ചെയ്യുന്നതിന്റെ അവസാന തീയതി അഞ്ചാം തവണയും കേന്ദ്രസർക്കാർ നീട്ടിയിരുന്നു.