Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാദങ്ങളെ ഗൗനിക്കാതെ സർക്കാർ ക്ഷണിച്ചു; വരാമെന്ന് മോഹൻലാൽ

mohanlal മോഹൻലാൽ.

തിരുവനന്തപുരം∙ സംസ്ഥാന ചലച്ചിത്ര പുരസ്കാര സമർപ്പണച്ചടങ്ങിലെ മുഖ്യാതിഥിയായി മോഹൻലാലിനെ ഔദ്യോഗികമായി ക്ഷണിച്ച് സർക്കാർ. സാംസ്കാരിക വകുപ്പിന്റെ ക്ഷണം മോഹൻലാൽ സ്വീകരിച്ചു. ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കുമെന്ന് ബുധനാഴ്ച രാവിലെതന്നെ ‘മനോരമ ഓൺലൈൻ’ റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി എ.കെ.ബാലനുമായി ലാൽ സംസാരിച്ചു. ‘അമ്മ’ സംഘടനയ്ക്കും സിനിമാ രംഗത്തിനും സർക്കാർ നൽകുന്ന സേവനങ്ങളിൽ സന്തോഷം രേഖപ്പെടുത്തിയ ലാൽ ചടങ്ങിനെത്തുമെന്ന് ഉറപ്പു നൽകുകയായിരുന്നു.

കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് വിതരണ ചടങ്ങിലേക്കു മോഹൻലാലിനെ മന്ത്രി ബാലൻ ക്ഷണിച്ചിരുന്നു. അന്ന് ‘ഒടിയൻ’ സിനിമയുടെ ചിത്രീകരണത്തിരക്കിലായിരുന്നു. അടുത്ത വർഷം വരാമെന്ന് അറിയിച്ചതിനെ തുടർന്നാണു വീണ്ടും ക്ഷണിച്ചത്. അതേസമയം, തങ്ങൾ ആരുടെയും പേരെടുത്തു പറഞ്ഞിട്ടില്ലെന്നും ചലച്ചിത്ര അവാർഡ് വിതരണച്ചടങ്ങിൽ മുഖ്യാതിഥി വേണ്ടെന്നു മാത്രമാണു നിവേദനത്തിൽ ആവശ്യപ്പെട്ടതെന്നും ചലച്ചിത്ര കൂട്ടായ്മയിലെ ചിലർ വിശദീകരിച്ചു. മുഖ്യാതിഥി വേണ്ടെന്ന നിലപാടിനെ മോഹൻലാലിനെതിരായുള്ള നിവേദനമാക്കി മാറ്റിയതു മാധ്യമങ്ങളാണെന്നും അവർ കുറ്റപ്പെടുത്തി.

ചലച്ചിത്ര പുരസ്കാര സമർപ്പണ ചടങ്ങിൽ മുഖ്യാതിഥിയെ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ടു 107 സാംസ്കാരിക പ്രവർത്തകർ നൽകിയ കത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് ആറു ചലച്ചിത്ര സംഘടനകൾ കത്തു നൽകി. കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സാഗ അപ്പച്ചൻ, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.രഞ്ജിത്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് സിയാദ് കോക്കർ, ഫിയോക് ജനറൽ സെക്രട്ടറി എം.സി.ബോബി, ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്ണൻ, അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു എന്നിവരാണു കത്തിൽ ഒപ്പുവച്ചിട്ടുള്ളത്.

ചടങ്ങിന് എല്ലാവരും വരണമെന്നാണ് ആഗ്രഹമെന്ന് മികച്ച നടനുള്ള പുരസ്കാരം നേടിയ ഇന്ദ്രൻസ് അഭിപ്രായപ്പെട്ടു. മോഹൻലാലിന്റെ സാന്നിധ്യം എങ്ങനെയാണ് അവാർഡ് ചടങ്ങിനു മങ്ങലേൽപിക്കുകയെന്നു മനസ്സിലാകുന്നില്ല. തന്നെപ്പോലുള്ളവർക്ക് അപൂർവമായി ലഭിക്കുന്ന അവസരമാണ്. ചടങ്ങിൽ എല്ലാവരും വരണം. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ളവരുടെ ചൂടും ചൂരുമേറ്റാണു താൻ വളർന്നത്. അവരൊക്കെ ഇല്ലാതായാൽ നാഥനില്ലാത്ത കുടുംബംപോലെയാവുമെന്നും ഇന്ദ്രൻസ് പറഞ്ഞു.