പട്ടേൽ സംവരണപ്രക്ഷോഭം: ഹാർദിക് പട്ടേലിന് രണ്ടു വർഷം തടവ്

ഹാർദിക് പട്ടേൽ

അഹമ്മദാബാദ് ∙ ഗുജറാത്തിൽ നടന്ന പട്ടേൽ സംവരണപ്രക്ഷോഭ കേസിൽ ഹാർദിക് പട്ടേൽ ഉൾപ്പെടെ മൂന്നു പേർക്ക് ഗുജറാത്ത് സെഷൻസ് കോടതി രണ്ടു വർഷം തടവും അൻപതിനായിരം രൂപ പിഴയും വിധിച്ചു. ഹാർദിക് പട്ടേലിന്റെ കൂട്ടാളികളായിരുന്ന ലാൽജി പട്ടേൽ, എ.കെ.പട്ടേൽ എന്നിവരാണ് ശിക്ഷ ലഭിച്ച മറ്റു രണ്ടുപേർ.

കലാപം, നിയമവിരുദ്ധമായ കൂട്ടംകൂടൽ, പൊതുമുതൽ നശിപ്പിക്കൽ, തീവയ്പ് തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ. വിധി പുറപ്പെടുവിച്ചതിനു പിന്നാലെ മൂന്നു പേർക്കും ജാമ്യം അനുവദിച്ചു. കേസിൽ പ്രതികളായിരുന്ന മറ്റു പതിനാലു പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. 

പട്ടേൽ സമുദായത്തെ മറ്റു പിന്നാക്ക വിഭാഗത്തിൽ (ഒബിസി) ഉൾപ്പെടുത്തി സർക്കാർ സർവീസുകളിലും വിദ്യാഭ്യാസരംഗത്തും സംവരണം നൽകണമെന്ന് ആവശ്യപ്പെട്ട് 2015 ജൂണിൽ ആരംഭിച്ച പ്രചാരണം ജൂലൈയിൽ പ്രക്ഷോഭമായി മാറുകയായിരുന്നു. പ്രക്ഷോപത്തിനിടെ ആൾക്കൂട്ടം വിസാഗ് നഗറിൽ എംഎൽഎ ഓഫിസ് ആക്രമിക്കുകയും കാറിനു തീവയ്ക്കുകയും ചെയ്തിരുന്നു.