Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊലയാളികളുടെ ഹിറ്റ്ലിസ്റ്റിൽ ഒന്നാമത് ഗിരീഷ് കർണാട്, ഗൗരി ലങ്കേഷ് രണ്ടാമത്

Gauri Lankesh ഗൗരി ലങ്കേഷ്, ഗിരീഷ് കർണാട്

ബെംഗളരു∙ മുതിർന്ന മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലയാളികൾ പ്രശസ്ത സിനിമാ, നാടക പ്രവർത്തകനായ ഗിരീഷ് കർണാടിനെയും ലക്ഷ്യം വച്ചിരുന്നതായി പ്രത്യേക അന്വേഷണ സംഘം. കൊല്ലപ്പെടേണ്ടവരുടെ പേരുകൾ പട്ടികപ്പെടുത്തിയ ‘ഹിറ്റ് ലിസ്റ്റ്’ ഉൾപ്പെടുന്ന ഡയറി അന്വേഷണത്തിനിടെ പൊലീസിനു ലഭിച്ചിരുന്നു. ഇതിൽ ഒന്നാമതുള്ളത് ഗിരീഷ് കർണാടിന്റെ പേരാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

തീവ്രഹിന്ദുത്വ ആശയങ്ങൾക്കെതിരെ ശക്തമായ വിമർശനമുന്നയിക്കുന്ന വ്യക്തിയാണ് ഗിരീഷ് കർണാട്. ഗൗരി ലങ്കേഷിന്റെ മരണത്തിനു ശേഷം കർണാടിന്റെ സുരക്ഷ വർധിപ്പിച്ചിരുന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഗൗരി ലങ്കേഷിന്റെ പേരുണ്ടായിരുന്നത്. ദേവനാഗരി ലിപിയിലായിരുന്നു ഇത് എഴുതിയിരുന്നതെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

സാഹിത്യകാരി ബി.ടി. ലളിതാ നായ്ക്, നിടുമാമിഡി മഠത്തിലെ വീരഭദ്ര ചന്നമല്ല സ്വാമി, യുക്തിവാദി സി.എസ്. ദ്വാരകാനാഥ് എന്നിവരുടെ പേരുകളും പട്ടികയിലുണ്ട്. 'ഹിറ്റ് ലിസ്റ്റി'ൽ ഉള്ളവരെല്ലാം തീവ്രഹിന്ദു ആശയങ്ങൾക്കെതിരെ കർശന നിലപാടുകളെടുത്തിരുന്നവരാണ്. എന്നാൽ, ഇത്തരം സംഭവങ്ങളോട് പ്രതികരിക്കാനില്ലെന്ന് ഗിരീഷ് കർണാട് വ്യക്തമാക്കി.

ഗൗരി ലങ്കേഷ് വധക്കേസിലെ 10–ാം പ്രതിയെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. 23ന് കുടക് ജില്ലയിലെ മടിക്കേരിയിൽ നിന്ന് രാജേഷ് ഡി ബംഗേര എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഓഗസ്റ്റ് ആറുവരെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഗൗരിയുടെ മരണത്തിൽ ഇയാളുടെ പങ്ക് എന്തെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിന് ബെംഗളുരു രാജരാജേശ്വരി നഗറിലെ വീടിനു മുന്നിൽവച്ചാണ് ഗൗരി ലങ്കേഷ് വെടിയേറ്റു മരിക്കുന്നത്. ഗൗരിക്കു നേരെ വെടിയുതിര്‍‌ത്ത പരശുറാം വാഗ്‌മറയെ ഉൾപ്പെടെയുള്ള പ്രതികളെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

related stories