Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ വീടും വെള്ളത്തിൽ: കേരളത്തിന്റെ വികല വികസനത്തെ വിമർശിച്ച് കുമ്മനം

kummanam-rajasekharan കണ്ണൂരിൽ സേവാഭാരതി സംഘടിപ്പിച്ച പ്ലാസ്റ്റിക് നിർമാർജന യജ്ഞം മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: ധനേഷ് അശോകൻ∙ മനോരമ

കണ്ണൂർ ∙ രണ്ടു ദിവസം അടുപ്പിച്ചു മഴ പെയ്താലും വെയിൽ വന്നാലും ദുരിതത്തിലാവുന്ന സ്ഥിതിയിലാണു കേരളമെന്നു മിസോറം ഗവർണർ കുമ്മനം രാജശേഖരൻ. പ്രകൃതി ക്ഷോഭിക്കുന്നുവെന്നു പറയുന്നതിൽ കാര്യമില്ല. വികലമായ വികസന കാഴ്ചപ്പാടിന്റെ ഫലമാണു വെള്ളപ്പൊക്കവും വരൾച്ചയുമെല്ലാം. സേവാഭാരതി സംഘടിപ്പിച്ച പ്ലാസ്റ്റിക് നിർമാർജന യജ്ഞം കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പശ്ചിമഘട്ടത്തിൽ മഴ പെയ്താൽ നാലോ അഞ്ചോ മണിക്കൂറുകൊണ്ട് ഒഴുകി കായലിലും കടലിലുമെത്തും. വെള്ളപ്പൊക്കം കുട്ടനാട്ടുകാർക്കു പുത്തരിയല്ല. തന്റെ വീടും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണെന്നു കുമ്മനം പറഞ്ഞു. 99ലെ വെള്ളപ്പൊക്കത്തിൽ ഒരാൾക്കുപോലും ജീവഹാനി സംഭവിച്ചിരുന്നില്ല. എന്നാൽ ഇത്തവണ അതല്ല സ്ഥിതി. അഞ്ചര ലക്ഷം ഹെക്ടർ പാടശേഖരമുണ്ടായിരുന്ന കേരളത്തിൽ ഇപ്പോഴുള്ളത് രണ്ടുലക്ഷം ഹെക്ടർ മാത്രം. പമ്പയാറിന്റെ 36 കൈവഴികളാണ് ഇല്ലാതായത്. പുഴകളിൽ മണലില്ല. 65 ശതമാനം കാവുകളും നശിപ്പിക്കപ്പെട്ടു. മഴവെള്ളം ശേഖരിക്കാനുള്ള ഇടങ്ങൾ ഇല്ലാതാക്കിയതാണു പ്രകൃതിദുരന്തങ്ങൾക്ക് ഇടയാക്കുന്നതെന്നു കുമ്മനം ഓർമപ്പെടുത്തി.

ടൈൽസ് പതിച്ച വീട്ടുമുറ്റങ്ങളാണ് ഏറെയും. മുറ്റത്തുവീഴുന്ന മഴവെള്ളം മണ്ണിലേക്കിറങ്ങാൻ കഴിയാതെ ഒഴുകി മുൻവശത്തെ റോഡിലെത്തും. ടാറിട്ടതോ കോൺക്രീറ്റ് ചെയ്തതോ ആയ റോഡിൽനിന്നു വെള്ളം കോൺക്രീറ്റിട്ട ഓടയിലേക്കും അവിടെയും മണ്ണിലിറങ്ങാൻ വഴിയില്ലാതെ കുത്തിയൊഴുകി തോട്ടിലും പുഴയിലും പതിക്കും. പ്ലാസ്റ്റിക് നിറഞ്ഞ സ്ഥിതിയിലാണു മിക്ക ജലാശയങ്ങളും. ഭൂമിയിലേക്കു വെള്ളം ഇറങ്ങാനുള്ള എല്ലാവഴികളും അടഞ്ഞതോടെ ഭൂർഗഭ ജലത്തിന്റെ അളവ് കുത്തനെ താണു. മൂന്നു മീറ്ററോളമാണു സംസ്ഥാനത്തെ ഭൂഗർഭ ജലവിതാനത്തിലുണ്ടായ കുറവ്. ഈ സ്ഥിതിക്കു മാറ്റമുണ്ടാവണമെങ്കിൽ വികസന കാഴ്ചപ്പാടും ചിന്താഗതികളും മാറണമെന്നും കുമ്മനം പറഞ്ഞു.

മിസോറം മാതൃക: കുമ്മനം

പല കാര്യങ്ങളിലും മിസോറമിനെ മാതൃകയാക്കാമെന്നു ഗവർണർ കുമ്മനം രാജശേഖരൻ. അവിടെ വാഹനങ്ങൾ ഹോൺ മുഴക്കാറില്ല, വാഹനങ്ങളിൽ ഉച്ചഭാഷിണി കെട്ടിയുള്ള അനൗൺസ്മെന്റുകളില്ല. പ്ലാസ്റ്റിക് വലിച്ചെറിയുന്ന പതിവുമില്ല. ആരെങ്കിലും പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ഇട്ടതുകണ്ടാൽ മിസോറമുകാർ അത് എടുത്തുമാറ്റും. ആദിവാസി ജനവിഭാഗത്തിൽപ്പെട്ട ആളുകളാണു മിസോറമുകാർ. ഉയർന്ന പരിസ്ഥിതി ബോധമാണ് അവർ പ്രകടിപ്പിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

പ്ലാസ്റ്റിക്കിന് എതിരെ കലക്ടർ മിർ മുഹമ്മദ് അലിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന പ്രവർത്തനങ്ങളെ ഗവർണർ അഭിനന്ദിച്ചു. സന്നദ്ധ സേവകർക്കുള്ള യൂണിഫോം വിതരണവും വൈഭവശ്രീ സ്ത്രീശാക്തീകരണ സംരഭത്തിന്റെ ഉദ്ഘാടനവും കുമ്മനം നിർവഹിച്ചു. സേവാഭാരതി രക്ഷാധികാരി ഡോ.ബി.വി.ഭട്ട് അധ്യക്ഷത വഹിച്ചു. എഡിഎം മുഹമ്മദ് യൂസഫ്, സേവാഭാരതി കണ്ണൂരിന്റെ അധ്യക്ഷൻ വി.പി.മുരളീധരൻ, ജോയിന്റ് സെക്രട്ടറി ടി.പി.രാജീവൻ, എസ്ബിഐ റീജണൽ മാനേജർ ആർ.വി.സുരേഷ് കുമാർ, സേവാഭാരതി സെക്രട്ടറി കെ.എം.മഹേഷ് എന്നിവർ സംസാരിച്ചു.

related stories