Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാചകം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു; ദുരിതം മാറാതെ കുട്ടനാട്

rain-havoc മഴ ദുരിതം. (ഫയൽ ചിത്രം)

ആലപ്പുഴ ∙ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ കുഴഞ്ഞുവീണ തൊഴിലുറപ്പു തൊഴിലാളി മരിച്ചു. തലവടി കുന്തിരിക്കൽ കോടത്തുശേരിൽ ബിജുവിന്റെ ഭാര്യ ഗിരിജ (41) ആണു മരിച്ചത്. തലവടി കോടത്തുശേരിയിലെ ക്യാംപിനെയായിരുന്നു ഗിരിജയും കുടുംബവും ഭക്ഷണത്തിന് ആശ്രയിച്ചിരുന്നത്. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിച്ചു.

പമ്പിങ് ആരംഭിച്ചെന്ന് ജി.സുധാകരൻ

ആലപ്പുഴ-ചങ്ങനാശേരി എസി റോഡിലെ വെള്ളക്കെട്ട് നീക്കുന്നതിന് പമ്പിങ് ആരംഭിച്ചതായി മന്ത്രി ജി.സുധാകരൻ. വരുംദിവസങ്ങളിൽ രണ്ടുമൂന്ന് പമ്പുകൾ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യും. ബണ്ടുകളുടെ വിഷയം കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. മുറിഞ്ഞ ബണ്ട് തിരികെ കിട്ടാൻ ആറു ലക്ഷം മുതൽ പത്ത് ലക്ഷം വരെ വേണ്ടിവരും. രണ്ടുലക്ഷം രൂപയെങ്കിലും മുൻകൂറായി നൽകുന്നതിന് നടപടി എടുക്കണമെന്നു കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു.

ക്യാംപുകളിൽ 40 ബയോ ടോയ്‌ലറ്റ്

കുട്ടനാട്ടിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്കു പ്രാഥമികാവശ്യങ്ങൾക്കായി 40 ബയോ ടോയ്‌ലറ്റുകളുടെ നിർമാണം ആരംഭിച്ചു. കൈനകരി, പുളിങ്കുന്ന് പഞ്ചായത്തുകളിലായാണു 40 ശുചിമുറികൾ നിർമ‍ിക്കുക. കൈനകരിയിൽ 28,  പുളിങ്കുന്നിൽ 12 എണ്ണം വീതം. ആകെ 100 ബയോ ടോയ്‍ലറ്റുകൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് 40 ശുചിമുറികളുടെ നിർമാണം ആരംഭിച്ചത്. സഞ്ചരിക്കുന്ന ബയോ ടോയ്‍ലറ്റുകളും പ്രവർത്തനം തുടങ്ങി.

∙ കുട്ടനാട്ടിൽ എത്ര മട വീണെന്ന കണക്ക് ഉടൻ നൽകാൻ മന്ത്രി ജ‍ി.സുധാകരൻ കൃഷിവകുപ്പിനോട് നിർദേശിച്ചു.

∙ സ്കൂൾ തുറന്നാൽ കുട്ടികൾക്കു കുടിക്കാൻ ചൂടുവെള്ളം നൽകാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്നു മന്ത്രി നിർദേശിച്ചു

∙ ഒരു ക്യാംപിന് ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ റവന്യു  ജീവനക്കാരെ വിന്യസിച്ചു തുടങ്ങി.

∙ മഴക്കെടുതിയിൽ പുസ്തകം നഷ്ടമായ മുഴുവൻ വിദ്യാർഥികൾക്കും സൗജന്യമായി പാഠപുസ്തകം നൽക‍‍ുമെന്നു മുഖ്യമന്ത്രി. ഇതിന്റെ കണക്കെടുക്കാൻ കലക്ടർ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തി. 

∙ ആലപ്പുഴ മെഡിക്കൽ കോളജിലെ 40 അംഗ ഡോക്ടർമാരുടെ സംഘം ഡോ. ബി.പത്മകുമാറിന്റെ നേതൃത്വത്തിൽ കുട്ടനാട്ടിലെത്തി. ആവശ്യത്തിനു മരുന്നും പാരാമെഡിക്കൽ ജീവനക്കാരും സംഘത്തിലുണ്ട്.

∙ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാംപുകളിൽ ഉപയോഗിച്ച കുടിവെള്ള കുപ്പികൾ പഞ്ചായത്ത് സെക്രട്ടറിമാർ ശേഖരിച്ചു ശുചിത്വമിഷനു കൈമാറണമെന്നു കലക്ടർ. പ്ലാസ്റ്റിക് കുപ്പികൾ മറ്റൊരു ദുരന്തമാകാൻ അനുവദിക്കരുത്.

related stories