കേന്ദ്രം നിലപാട് കർശനമാക്കി; ഇന്ത്യയിലേക്ക് തിരിച്ചുവരാമെന്ന് വിജയ് മല്യ

ന്യൂ‍ഡൽഹി∙ വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യയിലേക്കു തിരിച്ചുവരാൻ തയാറാണെന്ന് റിപ്പോർട്ട്. തിരികെയെത്തി നിയമനടപടികൾ നേരിടാൻ തയാറാണെന്ന് മല്യ സർക്കാരിനെ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇന്ത്യയിലെയും വിദേശത്തെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നീക്കത്തിലാണ് കേന്ദ്രസർക്കാർ. സാമ്പത്തിക കുറ്റകൃത്യം നടത്തി രാജ്യംവിടുന്നവരുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിനായി കേന്ദ്രസർക്കാർ ഓർഡിനൻസ് പുറത്തിറക്കിയിരുന്നു.

പുതിയ നിയമമനുസരിച്ച് സാമ്പത്തിക തട്ടിപ്പുകേസിലെ പ്രതികളുടെ വിദേശത്തുള്ളതടക്കം സ്വത്തുക്കൾ സർക്കാരിനു കണ്ടുകെട്ടാനാകും. അതേസമയം, മല്യയ്ക്കെതിരായ നടപടികൾ നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്ന് അധികൃതർ പറയുന്നു.

വിവിധ ബാങ്കുകളിൽനിന്നായി 9000 കോടിയുടെ വായ്പയെടുത്തു രാജ്യം വിട്ട വിജയ് മല്യ ഓഗസ്റ്റ് 27ന് മുൻപ് കോടതിയിൽ ഹാജരാകണമെന്ന് മുംബൈയിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കോടതി ഉത്തരവിട്ടിരുന്നു. 12,500 കോടി മൂല്യം വരുന്ന മല്യയുടെ സ്വത്തുക്കൾ എത്രയും വേഗം കണ്ടുകെട്ടണമെന്ന് കേന്ദ്രഅന്വേഷണ ഏജൻസിയും നിർദേശിച്ചിരുന്നു.