Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പട്ടാളത്തിന്റെ പിന്തുണ ഇമ്രാൻ ഖാന് ; വരുമോ ‘പുതിയ’ പാക്കിസ്ഥാൻ?

imran-khan ഇമ്രാൻ ഖാൻ

ഇസ്‍ലാമാബാദ്∙ പാക്കിസ്ഥാനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ ഇമ്രാൻ ഖാന്റെ പാർട്ടിക്ക് ഭരണം കയ്യാളാൻ ഐഎസ്ഐയുടെയും സൈന്യത്തിന്റെയും പിന്തുണയെന്നു സൂചന. ഇമ്രാന് ആവശ്യമായ പിന്തുണ സംഘടിപ്പിച്ചു നൽകാൻ സൈന്യം തയാറായേക്കും. ഇതിനായി സമ്മർദം ചെലുത്താൻ സൈന്യം ഒരുങ്ങിയെന്നാണു റിപ്പോർട്ടുകൾ.

നവാസ് ഷെരീഫിന്റെ പിഎംഎൻ–എലുമായി കുറച്ചുനാളുകളായി സൈന്യം ചേർച്ചയിലല്ലായിരുന്നു. മാത്രമല്ല, സൈന്യത്തെ എതിർത്ത് പിഎംഎൻഎലും ബേനസീർ ഭൂട്ടോയുടെ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയും (പിപിപി) സഖ്യത്തിലാകാനുള്ള സാധ്യത വിരളമാണ്. ഇതോടെ, സർക്കാർ രൂപീകരിക്കാൻ കാര്യമായ എതിർപ്പ് ഇമ്രാൻ ഖാന് നേരിടേണ്ടി വരില്ലെന്നാണു സൂചനകൾ.

പട്ടാള പിന്തുണ ഇമ്രാന്

അധികാരത്തിലിരുന്നപ്പോൾ സൈന്യത്തെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുണ്ടായിരുന്നു എന്നതാണു നവാസ് ഷെരീഫിനെയോ പിപിപിയുടെ ആസിഫ് അലി സർദാരിയെയോ സൈന്യം പിന്തുണയ്ക്കാത്തതിനു കാരണം. സർദാരി പ്രസിഡന്റ് ആയിരുന്നപ്പോൾ ഐഎസ്ഐയെ ആഭ്യന്തര മന്ത്രാലയത്തിനു കീഴിലാക്കാൻ ഉത്തരവിട്ടു. എന്നാൽ സമ്മർദത്തെത്തുടർന്ന് 24 മണിക്കൂറിനകം തീരുമാനം പിൻവലിക്കേണ്ടിവന്നു. ഷെരീഫിന്റെ കാലത്ത് ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ശ്രമം നടത്തിയതും സൈന്യത്തെ ചൊടിപ്പിച്ചു.

അതിനാൽ, താരതമ്യേന രാഷ്ട്രീയത്തിൽ പുതുമുഖമായ ഇമ്രാൻ അധികാരത്തിൽ വരാനാണ് സൈന്യവും ഐഎസ്ഐയും ഇഷ്ടപ്പെടുന്നത്. ജുഡീഷ്യറിയെ സ്വാധീനിക്കാൻ ഐഎസ്ഐ ശ്രമിക്കുന്നുണ്ടെന്ന് ഇസ്‌ലാമാബാദ് ഹൈക്കോടതി ജഡ്ജി ഷൗക്കത് അസീസ് വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഷെരീഫും മകളും ജയിലിൽനിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ട് ഐഎസ്ഐ ഹൈക്കോടതിയെ സമീപിച്ചിരുന്നെന്നാണ് അസീസ് പറയുന്നത്.

മാത്രമല്ല, പാനമ രേഖകള്‍ പുറത്തുവന്നതിനു പിന്നാലെയുണ്ടായ കേസിൽ ശിക്ഷിക്കപ്പെട്ട നവാസ് ഷെരീഫും മകളും ദുബായിൽനിന്ന് പാക്കിസ്ഥാനിലെത്തി കീഴടങ്ങിയതു തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു. സൈന്യത്തിന്റെ പിന്തുണ ഇമ്രാന്റെ പാർട്ടിക്കാണെന്നു വ്യക്തമായ സാഹചര്യത്തിലാണ് ‘കീഴടങ്ങൽ തന്ത്ര’ത്തിലൂടെ വോട്ടുപിടിക്കാൻ ഷെരീഫ് ശ്രമിച്ചത്.

ഉദിക്കുമോ പുതിയ പാക്കിസ്ഥാൻ?

പൂർണഫലം പുറത്തുവരാത്തത് ആശങ്കയുണ്ടാക്കുന്നുണ്ടെങ്കിലും അഴിമതിവിരുദ്ധത മുഖ്യവിഷയമാക്കി പോരാടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പിടിഐ മുന്നിലെത്തിയത് പുതിയ പാക്കിസ്ഥാന്റെ ഉദയത്തിനു കാരണമാകുമെന്ന വിലയിരുത്തലിലാണ് വിദഗ്ധർ. വർഷങ്ങളായി തുടർന്നുപോരുന്ന അഴിമതി പൂർണമായി മാറ്റാൻ ഇമ്രാന്റെ ഭരണത്തിനു കഴിഞ്ഞില്ലെങ്കിലും മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയാണു തിരഞ്ഞെടുപ്പ് ഫലം തരുന്നത്. 106 മില്യൻ വോട്ടർമാരിൽ 50–55% വരെയാണു വോട്ട് രേഖപ്പെടുത്തിയത്. 2013ലും സമാന വോട്ടിങ് ശതമാനമാണ് രേഖപ്പെടുത്തിയതെന്ന് വാർത്താഏജൻസി എഎഫ്പി റിപ്പോർട്ട് ചെയ്തു.

പരാതിയുമായി പിഎംഎൽ–എൻ

തിരഞ്ഞെടുപ്പിൽ പരാജയം രുചിച്ചതിനുപിന്നാലെ ഫലം തള്ളി നവാസ് ഷെരീഫിന്റെ പാർട്ടിയായ പിഎംഎൽ– എൻ (പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് – നവാസ്) രംഗത്തെത്തി. തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നിട്ടുണ്ടെന്നാണ് ഇവരുടെ വാദം. എന്നാൽ ഈ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളിക്കളഞ്ഞു. പുലർച്ചെ നാലിന് വാർത്താസമ്മേളനം വിളിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ മുഹമ്മദ് റാസാ ഖാൻ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത ജനങ്ങളെ അനുമോദിച്ചു.