Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോദിച്ച പണം നൽകിയില്ല; യുപിയിൽ സഹോദരങ്ങളെ വെടിവെച്ച് കൊന്നു

Shot-Gun-story Representative Image

ലക്നൗ∙ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനു വഴങ്ങാത്തതിന്റെ പേരിൽ സഹോദരങ്ങളെ ഉത്തർപ്രദേശില്‍ വെടിവച്ചു കൊന്നു. പ്രതാപ്ഗഢിലാണ് സംഭവം. ശ്യാം സുന്ദർ ജയ്സ്വാൾ (55), ശ്യാം മുരാത് ജയ്‌സ്വാൾ (48) എന്നിവരാണു കൊല്ലപ്പെട്ടത്. ഇവർക്ക് ദിവസങ്ങളായി പണമാവശ്യപ്പെട്ട് ഫോണിലൂടെ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പൊലീസും പ്രശ്നത്തിൽ ഇടപെട്ടില്ലെന്നാണു സൂചന. അന്വേഷണ വിധേയമായി കോഹാന്ദൗർ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ നാഗേന്ദ്ര സിങ് നാഗറിനെ സസ്പെൻഡ് ചെയ്തു. 

സഹോദരങ്ങളുടെ കുടുംബത്തിനു 10 ലക്ഷം രൂപ വീതം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചു. കേസിനു കൂടുതൽ പ്രാധാന്യം നൽകി അന്വേഷിക്കണം. പൊലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയും അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും ആദിത്യനാഥ് ആവശ്യപ്പെട്ടു. 

വ്യാഴാഴ്ച രാത്രി എട്ടോടെയായിരുന്നു സഹോദരന്മാർക്കു നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം ഇരുവർക്കും നേരെ വെടിയുതിർക്കുകയായിരുന്നു. കെട്ടിട നിർമാണ സാമഗ്രികൾ നിർമിക്കുന്ന തൊഴിലായിരുന്നു സഹോദരന്മാർ ചെയ്തിരുന്നത്. ഏതാനും ദിവസങ്ങളായി പണം ആവശ്യപ്പെട്ടുള്ള ഫോൺ സന്ദേശങ്ങള്‍ വന്നിരുന്നു. ഇക്കാര്യം സഹോദരങ്ങൾ കുടുംബാംഗങ്ങളോടു പങ്കുവയ്ക്കുകയും ചെയ്തു. അതിനിടെ, സംഭവത്തിൽ പ്രതിഷേധിച്ചു പ്രദേശവാസികൾ അലഹബാദ്– ഫൈസാബാദ് ദേശീയപാത ഉപരോധിച്ചു. ഇത് ഏറെനേരത്തെ ഗതാഗതക്കുരുക്കിനും ഇടയാക്കി.