Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓർമകളിൽ ‘92 ലെ ആ കുത്തൊഴുക്ക്

idukki-cheruthoni-dams-jp ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി ഡാം. കുറവൻ–കുറത്തി മലകൾക്കിടയിൽ ഇടുക്കിയിലെ ആർച്ച് ഡാമും ദൂരെ കാണാം. ചിത്രം – ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

1981 ഒക്ടോബർ 29 നും 1992 ഒക്ടോബർ 12 നുമാണ് ഇടുക്കി അണക്കെട്ട് ഇതിനു മുൻപ് പൂർണമായും നിറഞ്ഞത്.

ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും 1981 ൽ തുറന്നിരുന്നു. രാവിലെ ഒൻപതോടെ അണക്കെട്ടു തുറന്നു; രണ്ടു മണിക്കൂറിനു ശേഷം ഷട്ടർ താഴ്ത്തി. വൈകിട്ട് നാലു മണിയോടെ വീണ്ടും തുറന്നു. 1981 ൽ ആകെ 15 ദിവസമാണ് അണക്കെട്ടിന്റെ ഷട്ടർ തുറന്നിട്ടത്. 

1992 ഒക്‌ടോബറിൽ ഇടുക്കി ഡാം തുറന്നത് നേരിട്ടുകണ്ട കാഴ്ചയെക്കുറിച്ച് മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ ബോബി എബ്രഹാമിന്റെ ഓർമക്കുറിപ്പ്

ഇടുക്കി നിറഞ്ഞുതുളുമ്പുകയായിരുന്നു. അപൂർവമായൊരു കാഴ്‌ച. ഉയർന്നുനിന്ന കുന്നുകളൊക്കെ വെള്ളത്താൽ മൂടപ്പെട്ടു. പെരിയാർ തടത്തിൽ അതീവജാഗ്രത. ഇടുക്കി അണക്കെട്ട് ഏതുനിമിഷവും തുറന്നേക്കാം. അപകടസാധ്യതയുള്ള സ്‌ഥലത്തെ ജനത്തെ നേരത്തേതന്നെ ഒഴിപ്പിച്ചിരുന്നു. പെരിയാർ ഇനി ഇതുവഴിയേ ഒഴുകില്ലെന്ന് ഉറപ്പിച്ച് പഴയ പെരിയാറിൽത്തന്നെ കൃഷിയിറക്കിയവർ നേരത്തേതന്നെ ഫലം കുറച്ചൊക്കെ കൊയ്‌തുമാറ്റി. ഇനി തുറന്നാലും ഒന്നുമില്ലെന്ന് ഉള്ളിലൊരു ഭാവം.

ചെറുതോണി ഡാമിന്റെ മുകളിൽ കാത്തുനിന്നവർ അണക്കെട്ടിലെ വെള്ളം പുറത്തേക്ക് കുതിക്കുന്ന മനോഹരദൃശ്യം നുകരാൻ വന്നവരായിരുന്നു. ഉദ്യോഗസ്‌ഥ വൃന്ദത്തിന് ആശങ്കയുടെ നിമിഷം. പെരിയാർ തടത്തിലെ ജനമനസിൽ മലവെള്ളപ്പാച്ചിലിൽ നഷ്‌ടപ്പെടാൻ എന്തൊക്കെ എന്നോർത്തുള്ള വേവലാതി. ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്ന ചരിത്രനിമിഷം.

1992 ഒക്‌ടോബർ 11 ന് രാവിലെ 9.08. ചെറുതോണി അണക്കെട്ടിന്റെ മധ്യ ഷട്ടർ തുറക്കുമ്പോൾ ഞങ്ങൾ അണക്കെട്ടിനു മുകളിൽ നിന്ന് അതു കാണുന്നുണ്ടായിരുന്നു. ഷട്ടർ അനങ്ങാൻ സമയം ഏറെയെടുത്തു. ആശങ്കകളൊക്കെ നിമിഷനേരം കൊണ്ട് അകന്നുപോയി. പാൽപ്പതപോലെ നുരഞ്ഞ് പിന്നെ പതഞ്ഞുപൊങ്ങി ഷട്ടറിന്റെ നേർത്തവിടവിലൂടെ വെള്ളം താഴേക്ക്.

പഴയ പെരിയാർ വീണ്ടും നനഞ്ഞു. ഷട്ടർ ആദ്യം ഉയർത്തിയത് രണ്ടു സെന്റീമീറ്ററോളം മാത്രമായിരുന്നു. പിന്നെ പടിപടിയായി രണ്ടടിയോളം ഉയർത്തി.അതോടെ അതീവശക്‌തിയിൽ തന്നെ വെള്ളം പുറത്തേക്ക് ഒഴുകിത്തുടങ്ങി. ഭാഗ്യം! പുഴയ്‌ക്കകത്തെ കൃഷി കുറെ നശിച്ചെങ്കിലും പെരിയാർതടത്തിലെ ജനം ഭയന്നതുപോലെ ദുരന്തമൊന്നും സംഭവിച്ചില്ല. ദുരന്തം അണക്കെട്ടിലേക്കുള്ള വഴികളിലായിരുന്നു - ദൃശ്യവിസ്‌മയം കാണാൻ കുതിച്ചെത്തിയ സഞ്ചാരികളുടെ വാഹനങ്ങൾ പലയിടത്തും അപകടത്തിൽപെട്ടു.

വെള്ളം കുതിച്ചുചാടാൻ തുടങ്ങിയതോടെ കാഴ്ചക്കാർ പതുക്കെ റോഡിലേക്കിറങ്ങി താഴോട്ടുനടന്നു. മുകളിൽ നിന്നുള്ള ആ കുത്തൊഴുക്ക് എങ്ങനെ എന്നു കാണാൻ.. പെരിയാർ അതിന്റെ യഥാർഥ ‘റൂട്ടിലുടെ’ തന്ന ഒഴുകുന്നത് ഒന്നു കണ്ടറിയാൻ അവർ തിക്കിത്തിരക്കി. അപൂർവദൃശ്യം ചിത്രത്തിലാക്കാൻ മനോരമ ഫൊട്ടോഗ്രഫർ വിക്‌ടർ ജോർജും.

തലേന്ന് രാത്രി പെട്ടെന്ന് നടത്തിയ തയ്യാറെടുപ്പിന്റെ ഫലം 12 ന് രാവിലെ മലയാള മനോരമയുടെ ഒന്നാം പേജിൽ ദൃശ്യവിരുന്നായി.ആ ദൃശ്യവിരുന്ന് മനസിൽ കണ്ട് വിക്‌ടർ വെള്ളം ഒഴുകിവരുന്ന വഴികളിലേക്ക് നേരത്തേ തന്നെ നടന്നു നീങ്ങിയിരുന്നു. അവിടെ ഏതോ ഒരു സുരക്ഷിത കോണിൽ നിന്ന് വിക്‌ടറിന്റെ ക്യാമറ പകർത്തിയെടുത്തത് ഷട്ടറിനടിയിലൂടെ വെള്ളം കിനിഞ്ഞിറങ്ങുന്നതുമുതൽ കുതിച്ചൊഴുകുന്നതുവരെ നിരവധി ചിത്രങ്ങൾ.

വിക്ടറിന്റെ വിഖ്യാതചിത്രം - 1992 ൽ അണക്കെട്ട് തുറന്ന അതേ നിമിഷം തന്നെ മനോരമയുടെ ഫോട്ടോഗ്രഫർ വിക്ടർ ജോർജിന്റെ ക്യാമറയുടെ കണ്ണും തുറന്നപ്പോൾ.. ആ നിമിഷം ഇതാ..

രാത്രി കോട്ടയത്ത് തിരിച്ചെത്തി വിക്‌ടറിന്റെ ചിത്രങ്ങളിലൂടെ ഞാനും ആൻഡ്രൂസ് ഫിലിപ്പും ആ ദൃശ്യം കൺമുന്നിൽ പിന്നെയും കണ്ടു. 13 വർഷത്തിനു ശേഷം ഇടുക്കി അണക്കെട്ട് തുറക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ് നൽകിയത് 1992 ഒക്‌ടോബർ 10ന് ആയിരുന്നു. തകർത്തുപെയ്യുന്ന തുലാവർഷത്തിൽ അണക്കെട്ട് നിറഞ്ഞു തുടങ്ങുകയും മുല്ലപ്പെരിയാറിൽ നിന്ന് 136 അടി കവിഞ്ഞ് വെള്ളം പ്രവഹിക്കുകയും ചെയ്‌തുതുടങ്ങിയതോടെ ഇടുക്കിയിലും മുൻകരുതലെന്ന നിലയിൽ ജലനിരപ്പ് നിയന്ത്രിക്കാൻ തീരുമാനിക്കുകയായിരുന്നു.

cheruthoni-town-idukki-dam ചെറുതോണി ഡാമിൽനിന്നു തുറന്നുവിടുന്ന വെള്ളം ചെറുതോണി പുഴ വഴി ഒരു കിലോമീറ്റർ അകലെ വെള്ളക്കയത്ത് പെരിയാറിൽ എത്തും.പെരിയാറിലെ വെള്ളം തടിയമ്പാട്, കരിമ്പൻ, ചേലച്ചുവട്, കീരിത്തോട്, പാംബ്ല വഴി ലോവർ പെരിയാർ അണക്കെട്ടിൽ എത്തിച്ചേരും. ലോവർ പെരിയാർ പദ്ധതിയുടെ ഷട്ടറുകൾ ഇപ്പോൾതന്നെ ഉയർത്തിയിരിക്കുകയാണ്. അതുകൊണ്ട് വെള്ളം പെരിയാറിലൂടെ എറണാകുളം ജില്ലയിൽ പ്രവേശിച്ച് ആലുവയിലേക്ക് എത്തും.

2403 അടിവരെ സംഭരണ ശേഷിയുണ്ടെങ്കിലും 2401.18 അടി ആയപ്പോൾ തന്നെ ഷട്ടർ ഉയർന്നു. അണക്കെട്ട് തുറക്കുന്നതു കാണാമെന്നു കരുതിയെങ്കിലും 10 ന് രാത്രി വിക്‌ടറിനൊപ്പം പോകുമ്പോൾ ഞങ്ങളുടെ മനസിൽ ഇത്രയേറെ പ്രതീക്ഷ ഉണ്ടായിരുന്നില്ല. വറ്റിവരണ്ട ഇടുക്കി അണക്കെട്ട് തുടർന്നുള്ള വർഷങ്ങളിലൊക്കെ വാർത്തയാകുമ്പോഴും ഉള്ളിൽ തെളിയുന്ന ചിത്രം നിറഞ്ഞുതുളുമ്പുന്ന ഇടുക്കി മാത്രം. ഇനി സംഭവിക്കാൻ സാധ്യതയില്ലെന്നു കരുതിയത് വീണ്ടും സംഭവിച്ചേക്കുമെന്ന സൂചനയാണിപ്പോൾ. ഇടുക്കി പിന്നെയും തുളുമ്പുന്നു.

related stories