Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി മുഖ്യശത്രു; ബിഹാറിൽ എൻഡിഎയ്ക്ക് ചങ്കിടിപ്പേറ്റി ഭീം ആർമി

nitish-kumar-narendra-modi നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും (ഫയൽ ചിത്രം)

പട്ന ∙ ബിഹാറിൽ വിശാല പ്രതിപക്ഷമെന്ന ഭീഷണിക്കു പിന്നാലെ ബിജെപി– ജെഡിയു സഖ്യത്തിന്റെ ചങ്കിടുപ്പുകൂട്ടി പ്രബല ദലിത് സംഘടന. ബിഹാറിൽ ദലിത് വിഭാഗങ്ങൾക്കിടയിൽ വൻസ്വീകാര്യതയുള്ള ഭീം ആർമിയാണ് ബിജെപിക്കും എൻഡിഎയ്ക്കുമെതിരെ രംഗത്തുവന്നിരിക്കുന്നത്. ദലിത് വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന ബിജെപിയാണു സംഘടനയുടെ മുഖ്യശത്രുവെന്നും അവർക്കു വോട്ടു ചെയ്യില്ലെന്നും ഭീം ആർമി സംസ്ഥാന അധ്യക്ഷൻ അമർ അസാദ് വ്യക്തമാക്കി.

'ദലിത് വിഭാഗങ്ങൾ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരല്ല. ജെഡിയുവിനു ചെയ്യുന്ന ഓരോ വോട്ടും സഖ്യകക്ഷിയായ ബിജെപിയെ സഹായിക്കും. അതു സംഭവിക്കാൻ പാടില്ല. ബിജെപിയുടെ ദലിത് വിരുദ്ധ നിലപാടുകൾ മൂലം ജെഡിയു തിരഞ്ഞെടുപ്പിൽ പരാജയപ്പെടും. 2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നിൽകണ്ട് വീടുവീടാന്തരം ഈ സന്ദേശം എത്തിക്കും. നിതീഷ് കുമാറിനോടു സഹതാപമുണ്ടെങ്കിലും അവർക്കു വോട്ട് ചെയ്യില്ല'. - അമർ അസാദ് പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദലിത് വിഭാഗങ്ങൾ ബിജെപിയുടെ ആക്രമണങ്ങൾക്ക് ഇരയാകുന്നു. ആക്രമണങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വലിയതോതിൽ പ്രചരിക്കുന്നുണ്ട്. ഇത് ദലിത് ജനങ്ങൾക്കിടയിൽ അമർഷത്തിനിടയാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ഭരണഘടന തിരുത്തുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന ചിന്തയും ജനങ്ങൾക്കിടയിലുണ്ടെന്ന് സംഘടനയുടെ മറ്റൊരു നേതാവായ രജക് പറഞ്ഞു. ഉത്തർപ്രദേശിൽ 2014ൽ രൂപംകൊണ്ട ഭീം ആർമിക്ക് ബിഹാറിലും ജനപിന്തുണയുണ്ട്.

2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെയുള്ള 40ൽ 22 സീറ്റ് ബിജെപി വിജയിച്ചിരുന്നു. ആകെ ജനസംഖ്യയിൽ 16 ശതമാനം വരുന്ന ദലിത് വോട്ടുകളിൽ വലിയൊരുപങ്കും അന്നു ബിജെപിയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. എന്നാൽ ആർജെഡി – കോൺഗ്രസ് സഖ്യം കരുത്താർജിക്കുകയും കഴിഞ്ഞ തവണ തങ്ങൾക്കു വോട്ടുചെയ്ത വിഭാഗങ്ങൾ എതിരാകുകയും ചെയ്യുന്നത് ബിജെപി സഖ്യത്തിന്റെ വിജയസാധ്യതകളെ പ്രതികൂലമായി ബാധിക്കും.