Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹനാനെ അധിക്ഷേപിച്ച ഒരാൾ കൂടി പിടിയിൽ: 10 പേരുടെ വിവരങ്ങൾ ശേഖരിച്ചു

hanan

കൊച്ചി∙ ഉപജീവനത്തിനായി മീൻ വിറ്റ കോളജ് വിദ്യാർഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ ഒരാൾ കൂടി പിടിയില്‍. ഗുരുവായൂർ സ്വദേശി വിശ്വനാഥനെയാണു പൊലീസ് കസ്റ്റഡിയിൽ എടുത്തത്. നേരത്തെ വയനാട് സ്വദേശി നൂറുദ്ദീൻ ഷെയ്ഖ് എന്ന യുവാവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. വിദ്യാർഥിനിയെ അധിക്ഷേപിക്കുന്ന പ്രചാരണത്തിൽ പങ്കാളികളായ പത്തു സൈബർ കുറ്റവാളികളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വസ്തുത മറച്ചുവച്ചു ഹനാനെ വളരെ മോശമായ ഭാഷയിൽ അപമാനിച്ചവരെയാണു പൊലീസ് ആദ്യഘട്ടത്തിൽ നോട്ടമിടുന്നത്.

ഒരു ഓൺലൈൻ മാധ്യമപ്രവർത്തകനാണു ഹനാനെ അപമാനിക്കുന്ന തരത്തിലുള്ള വിവരങ്ങൾ തനിക്കു കൈമാറിയതെന്നാണ് നൂറുദ്ദീന്റെ മൊഴി. അതുവരെ ഹനാനെ അനുകൂലിക്കുന്ന നിലപാടാണ് എടുത്തിരുന്നതെന്നും ഹനാൻ അഭിനയിക്കാൻ പോവുന്ന സിനിമയുടെ പ്രചാരണത്തിനു വേണ്ടിയാണു തമ്മനം മാർക്കറ്റിൽ കോളജ് യൂണിഫോമിൽ മീൻ വിൽക്കാൻ എത്തിയതെന്നു പറഞ്ഞു വിശ്വസിപ്പിച്ചതും ഓൺലൈൻ മാധ്യമ പ്രവർത്തകനാണെന്നാണു നൂറുദ്ദീന്റെ നിലപാട്. ഇയാളുടെ മൊഴികൾ പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല.

സംഭവത്തിൽ നൂറുദീൻ ഷെയ്ഖിനെതിരെ സൈബർ നിയമപ്രകാരം പൊലീസ് കേസെടുത്തതോടെ സൈബർ കുറ്റവാളികളിൽ പലരും അവർ പ്രചരിപ്പിച്ച അപകീർത്തി പോസ്റ്റുകൾ പിൻവലിച്ചു. എന്നാൽ, ഇത്തരക്കാർ നടത്തിയ ദുഷ്പ്രചാരണത്തിന്റെ തെളിവുകൾ വനിതാ കമ്മിഷൻ ശേഖരിച്ചിട്ടുണ്ടെന്നും അതു പൊലീസിനു കൈമാറാൻ തയാറാണെന്നും കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈൻ അറിയിച്ചു