അത് ഹാക്കിങ്ങല്ലെന്ന് യുഐഡിഎഐ; ട്രായ് തലവന്റെ ആധാർ ചോർന്നിട്ടില്ല

ന്യൂഡൽഹി∙ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തലവൻ ആർ.എസ്.ശർമയുടെ ആധാറുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ വിശദീകരണവുമായി സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യുഐഡിഎഐ). ആധാർ ഡേറ്റ ബേസിൽ നിന്നോ സെര്‍വറുകളിൽ നിന്നോ വിവരങ്ങൾ ചോർന്നിട്ടില്ലെന്ന് ആധാറിന്റെ ചുമതലയുള്ള  യുഐഡിഎഐ വ്യക്തമാക്കി. ഗൂഗിളിൽ നിന്നോ മറ്റു വെബ്സൈറ്റുകളിൽ നിന്നോ ഉള്ള വിവരങ്ങൾ സേര്‍ച്ച് ചെയ്തെടുത്തതാണ് ഹാക്ക് ചെയ്തതെന്ന മട്ടിൽ ട്വിറ്ററിൽ പ്രചരിപ്പിച്ചത്. ഇത് 12 അക്ക ആധാർ നമ്പറില്ലാതെ തന്നെ ആർക്കും കണ്ടെത്താനാകുമെന്നും  യുഐഡിഎഐ വ്യക്തമാക്കി. 

ആധാർ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ടെന്ന ചർച്ചയ്ക്കിടെയാണു ശർമ സ്വന്തം ആധാർ നമ്പർ ട്വിറ്ററിൽ പ്രസിദ്ധീകരിച്ചത്. വെറുമൊരു നമ്പർ കൊണ്ട് ആർക്കും ഒന്നും ചെയ്യാനാകില്ലെന്നായിരുന്നു വെല്ലുവിളി. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ഹാക്കർമാർ പുറത്തിവിടുകയായിരുന്നു. പാൻ നമ്പറും മൊബൈൽ നമ്പറുമെല്ലാം ഇത്തരത്തില്‍ പുറത്തുവന്നു. ഇതു വൻവിവാദമായതോടെയാണ് ഇപ്പോൾ  യുഐഡിഎഐ ഇടപെട്ടിരിക്കുന്നത്. 

വർഷങ്ങളായി പൊതുസേവന രംഗത്തുള്ള ശർമയുടെ വിവരങ്ങൾ ഒട്ടേറെ വെബ്സൈറ്റുകളിൽ ലഭ്യമാണെന്നും ആധാറിന്റെ സഹായമില്ലാതെ തന്നെ അവയെല്ലാം കണ്ടെത്താമെന്നുമാണ് യുഐഡിഎഐയുടെ വാദം. ലോകത്തിലെ ഏറ്റവും വലിയ സവിശേഷ തിരിച്ചറിയൽ പദ്ധതിയുടെ പ്രതിച്ഛായ ഇല്ലാതാക്കാൻ വേണ്ടി ചിലർ നടത്തുന്ന നീചപ്രവൃത്തികളാണ് ഇത്. പബ്ലിസിറ്റിക്കു വേണ്ടി ചെയ്യുന്ന തരംതാണ പരിപാടികളാണ് തെറ്റായ വാർത്തകളായി പ്രചരിപ്പിക്കപ്പെടുന്നത്.  ആധാർ ഡേറ്റ ബേസ് സുരക്ഷിതമാണെന്നും അതോറിറ്റി വ്യക്തമാക്കി. 

വിവരം ചോരുന്നതിലല്ല, ആധാർ നമ്പർ ഉപയോഗിച്ച് തനിക്ക് ആരെങ്കിലും ദോഷം ചെയ്യുമോ എന്നറിയാനാണു ട്വിറ്ററിൽ നൽകിയതെന്നായിരുന്നു ഇതിനിടെ ശർമയുടെ വിശദീകരണം. ഡേറ്റ പ്രൊട്ടക്‌ഷൻ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആധാർ നിയമം, വിവരാവകാശ നിയമം എന്നിവയിൽ ഭേദഗതികൾ വരുത്തണമെന്ന ശുപാർശ കഴിഞ്ഞ ദിവസമാണ് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.എൻ.ശ്രീകൃഷ്ണ ചെയർമാനായ സമിതി കേന്ദ്രത്തിനു നൽകിയത്.