Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതാ എന്റെ ആധാർ നമ്പറെന്ന് ട്രായ് തലവൻ; മൊബൈലും മെയിലും വരെ ഹാക്ക് ചെയ്തു

rs-sharma-aadhar-data-breach ആർ.എസ്. ശർമ; അദ്ദേഹത്തിന്റെ ട്വീറ്റും ഹാക്കറുടെ ട്വീറ്റുകളും ചിത്രത്തിൽ.

ന്യൂഡൽഹി∙ ആധാർ സുരക്ഷിതമാണെന്ന വാദമുയർത്തി ഹാർക്കർമാരെ വെല്ലുവിളിച്ച് 12 അക്ക ആധാർ നമ്പർ പുറത്തുവിട്ട ടെലികോം റെഗുലേറ്ററി അതോറിറ്റ് ഓഫ് ഇന്ത്യ (ട്രായ്) ചെയർമാൻ ആർ.എസ്. ശർമയ്ക്ക് കിട്ടിയത് ഉഗ്രൻ പണി. പാൻകാർഡ് നമ്പർ അടക്കം ശർമയുടെ വ്യക്തിവിവരങ്ങളും മൊബൈൽ നമ്പരുകൾ തുടങ്ങി പ്രധാനപ്പെട്ട പല വിവരങ്ങളും ഹാക്കർമാർ പുറത്തുകൊണ്ടുവന്നു. ശനിയാഴ്ച ഉച്ചയോടെയാണു സമൂഹമാധ്യമമായ ട്വിറ്ററിലൂടെ തന്നെ വെല്ലുവിളിച്ച ഒരു അക്കൗണ്ടിനു (@kingslyj)മറുപടിയായി ആധാർ നമ്പർ ശർമ പുറത്തുവിട്ടത്. ആയിരത്തിലധികം പേർ ആ ട്വീറ്റ് റീട്വീറ്റ് ചെയ്തു.

പിന്നാലെ ആറു മണിയോടെ, ഫ്രഞ്ച് സുരക്ഷാ വിദഗ്ധനും ആധാർ പദ്ധതിയുടെ വിമർശകനുമായ എലിയട്ട് ആൽഡേഴ്സണിന്റെ ട്വിറ്റർ അക്കൗണ്ടിൽനിന്ന് ശർമയുടെ മൊബൈൽ നമ്പരും മറ്റും പുറത്തുവന്നു. പാൻ കാർഡ്, മറ്റു മൊബൈൽ നമ്പരുകൾ, ഇമെയിൽ ഐഡി, ശർമ ഉപയോഗിക്കുന്ന ഫോൺ ഏതു കമ്പനിയുടേതാണെന്നത്, വാട്സാപ്പിന്റെ പ്രൊഫൈൽ ചിത്രം, മറ്റു വ്യക്തി വിശദാംശങ്ങൾ തുടങ്ങിയവയും പല ട്വീറ്റുകളിലായി എത്തി. 

‘ജനങ്ങൾക്കു താങ്കളുടെ വ്യക്തി വിവരങ്ങൾ, ജനനത്തീയതി, ഫോൺ നമ്പരുകൾ... എന്നിവ ലഭിച്ചു. ഞാൻ ഇവിടം കൊണ്ടു നിർത്തി. നിങ്ങളുടെ ആധാർ നമ്പർ പരസ്യപ്പെടുത്തുന്നത് നല്ലതല്ലെന്ന് ഇനിയെങ്കിലും മനസ്സിലാക്കുമെന്നു കരുതുന്നു’ – ആൽഡേഴ്സൺ ട്വിറ്ററിൽ കുറിച്ചു. ബാങ്ക് അക്കൗണ്ടുമായി ശർമ ആധാർ ബന്ധപ്പെടുത്തിയിട്ടില്ലെന്നും ആൽഡേഴ്സൻ കണ്ടെത്തി. ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പറും പുറത്തുവിട്ടു. ശര്‍മയുടെ  വാട്സാപ് പ്രൊഫൈൽ ചിത്രവും ഹാക്കർ പുറത്തുവിട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദിയോടും സാധിക്കുമെങ്കിൽ ആധാർ നമ്പർ പുറത്തുവിടാൻ വെല്ലുവിളിച്ചിട്ടാണ് ആൽഡേഴ്സൻ താൽക്കാലികമായി  പിൻവാങ്ങിയത്– അതും ആധാർ നമ്പർ ഉണ്ടെങ്കിൽ മാത്രം!!!

‘ഡീൻ ഓഫ് ജിയോ ഇൻസ്റ്റിറ്റ്യൂട്ട്’ എന്നറിയപ്പെടുന്ന അക്കൗണ്ടിൽ നിന്ന് ശർമയ്ക്കു കിട്ടിയത് മറ്റൊരു തിരിച്ചടി. ആൽഡേഴ്സന്‍ പുറത്തുവിട്ട വിവരങ്ങൾ ഉപയോഗിച്ച് എയർഇന്ത്യയിൽ നിന്ന് ‘ഫ്രീക്വന്റ് ഫ്ലൈയർ നമ്പർ’ വരെ ഈ ഹാക്കർ നേടിയെടുത്തു. ജിമെയിൽ അക്കൗണ്ടിലേക്കുള്ള ‘സെക്യൂരിറ്റി ചോദ്യ’ത്തിന്റെ ഉത്തരമായിരുന്നു ഈ നമ്പർ. ശർമയുടെ യാഹൂ മെയിൽ ഐഡിയും ഇതുവഴി ഹാക്കറുടെ കയ്യിലെത്തി.