Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്യാജ ഏറ്റുമുട്ടലുകൾക്കെതിരെ പരാതി നൽകി; കുടുംബത്തിനു ഭീഷണിയെന്നു സൈനികൻ

Col-Dharamvir-Singh ലഫ്.കേണൽ ധരംവീർ സിങ്

ഇംഫാൽ∙ ഇന്ത്യൻ സൈന്യത്തിലെ ഒരു വിഭാഗം മണിപ്പൂരിൽ നടത്തിയ വ്യാജ ഏറ്റുമുട്ടലുകളുടെ വിവരങ്ങൾ പുറത്തുവിട്ടതിന്റെ പേരിൽ തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നു സൈനികൻ. ആർമിയുടെ 3 കോർ ഇന്റലിജൻസ് ആൻഡ് സർവൈലൻസ് യൂണിറ്റിലെ (സിഐഎസ്‌യു) ലഫ്. കേണലായ ധരംവീർ സിങ് മണിപ്പൂർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണു സംസ്ഥാനത്തെ സാധാരണക്കാരെയും സൈന്യം കൊലപ്പെടുത്തിയതായി പറയുന്നത്.

ജൂലൈ ഒന്നിനു ധരംവീറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീടു വിവരങ്ങളൊന്നും ലഭിക്കാത്തതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ ഭാര്യ കോടതിയിൽ ഹേബിയസ് കോർപസ് നൽകി. ഇതിന്മേൽ ധരംവീർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണു ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഈ സാഹചര്യത്തിൽ കേസിൽ ഓഗസ്റ്റ് ഒന്നിനു മുന്നോടിയായി എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്നു സൈന്യത്തോടു കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലൈ ഒന്നിനു രാവിലെ ഇംഫാലിലെ വീട്ടിൽവച്ചായിരുന്നു ധരംവീറിനെ അറസ്റ്റ് ചെയ്തത്. പിന്നീട് അഞ്ചു ദിവസം വീട്ടുതടങ്കലിലായിരുന്നു. കോടതി ഉത്തരവിനെത്തുടർന്നു ജൂലൈ അഞ്ചിന് ഇദ്ദേഹം മോചിതനായി. അറസ്റ്റ് വാർത്ത അടിസ്ഥാനരഹിതമാണെന്നും പുതിയ ചുമതല നൽകുന്നതിന്റെ ഭാഗമായാണു ധരംവീറിനെ മാറ്റിയതെന്നുമാണു സൈന്യത്തിന്റെ വാദം. ഇതിൽ അസംതൃപ്തനായാണു സേനയ്ക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും സൈനിക വക്താവ് പറയുന്നു.

ധരംവീർ നിലവിൽ അവധിയിലാണ്. ചില മുതിർന്ന ഉദ്യോഗസ്ഥരുടെ തെറ്റായ പ്രവർത്തനങ്ങളെപ്പറ്റി പരാതി നൽകിയതിന്റെ ഭാഗമായി തനിക്കു നേരെയുണ്ടായ പ്രതികാര നടപടിയാണ് അറസ്റ്റെന്നാണു ധരംവീർ പറയുന്നത്. 2016 സെപ്റ്റംബർ ഒൻപതിനാണ് ഇതിനാസ്പദമായ പരാതി നൽകിയത്. മണിപ്പൂരിൽനിന്നുള്ള ചെറുപ്പക്കാരെ സിഐഎസ്‌യുവിലെ ഒരു പ്രത്യേക യൂണിറ്റ് തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നായിരുന്നു പരാതി. ഇതിനു കാരണക്കാരായവർക്കെതിരെ ഉചിതമായ നടപടിയെടുക്കാമെന്ന ഉറപ്പു ലഭിച്ചതിനെ തുടർന്നു താൻ പിന്നീടു പരാതി പിൻവലിച്ചെന്നും ധരംവീർ സത്യവാങ്മൂലത്തിൽ പറയുന്നു. തനിക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കി.

സേനയുടെ സിഐഎസ്‌‌യുവിന്റെ ഒരു യൂണിറ്റിനെതിരെ മാത്രമാണു ധരംവീറിന്റെ ആരോപണം. 2010-11 കാലഘട്ടത്തിൽ മൂന്നു വ്യാജ ഏറ്റുമുട്ടലുകളും ഒരു തട്ടിക്കൊണ്ടു പോകലും ഈ യൂണിറ്റ് നടത്തിയെന്നാണു പരാതി. മേഘാലയയിലെ ഷില്ലോങ്, നാഗാലാൻഡിലെ ദിമാപുർ എന്നിവിടങ്ങളിൽനിന്ന് മണിപ്പൂരി യുവാക്കളെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം എവിടെയുമെത്തിയിട്ടില്ല. കേസാകട്ടെ കോടതിയുടെ പരിഗണനയിലുമാണ്.

2010ൽ മേജർ ടി. രവി കിരണും സമാനമായ പരാതി നൽകിയിരുന്നു. ദിമാപുറിൽനിന്നു മൂന്നു മണിപ്പുരി യുവാക്കളെ സിഐഎസ്‌യു അംഗങ്ങൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നായിരുന്നു പരാതി.