Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭൂചലനം തകർത്ത ലോംബോക്കിൽ പുറംലോകം കാണാതെ ഇപ്പോഴും 560 പേർ

indonesia-earthquake-1 ഇന്തൊനേഷ്യയിലെ ഭൂചലനത്തിൽ തകർന്ന കെട്ടിടം.

ജക്കാർത്ത∙ ഇന്തൊനീഷ്യയിലെ വിനോദസഞ്ചാര ദ്വീപായ ലോംബോക്കിലുണ്ടായ ശക്തമായ ഭൂചലനത്തെ തുടർന്ന് അഞ്ഞൂറോളം പേർ മലനിരകളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഭൂചലനത്തെ തുടർന്ന് തകർന്നടിഞ്ഞ മലനിരകളിൽ ഇപ്പോഴും മണ്ണിടിച്ചിൽ തുടരുന്നതാണ് ഇവർ കുടുങ്ങിപ്പോകാൻ കാരണം. മലനിരകളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനു ഹെലികോപ്റ്ററുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി രക്ഷാപ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്.

പർവതാരോഹകരുടെ പ്രിയപ്പെട്ട സ്ഥലമായ ഇവിടെ സാഹസികയാത്രയ്ക്കെത്തിയ വിനോദ സഞ്ചാരികളാണു കുടുങ്ങിക്കിടക്കുന്നവരിലേറെയും. ഏതാണ്ട് 560 പേർ മലനിരകളിൽ കുടുങ്ങിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. റോഡുകളിൽ മിക്കവയും തകർന്നതും കല്ലു മണ്ണും നിറഞ്ഞ വഴികൾ മൂടിപ്പോയതും രക്ഷാപ്രവർത്തനത്തിനു വെല്ലുവിളിയാണ്.

റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 16 പേര്‍ക്കാണ് ജീവൻ നഷ്ടമായത്. 160 പേർക്കു പരുക്കേറ്റു. അറുപതോളം പേരുടെ നില ഗുരുതരമാണ്. നൂറു കണക്കിന് കെട്ടിടങ്ങളും ഭൂചലനത്തിൽ തകർന്നടിഞ്ഞു. സമീപത്തെ വിനോദസഞ്ചാര ദ്വീപായ ബാലിയിലും പ്രകമ്പനമുണ്ടായെങ്കിലും നാശനഷ്ടമില്ല.