Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അണികൾ പോലും വായിക്കാത്ത ആർഎസ്എസ് ഭരണഘടന; രാഷ്ട്രീയവും നിഷിദ്ധം

RSS-A View To the Inside ആർഎസ്എസ്: എ വ്യൂ ടു ദി ഇൻസൈഡ് പുസ്കത്തിന്റെ പുറംചട്ട.

നാഗ്പുർ∙ ‘രാഷ്ട്രീയത്തിൽനിന്നു പൂർണമായും വിട്ടുനിൽക്കണം. സാമൂഹിക–സാംസ്കാരിക പരിപാടികളിൽ മാത്രം സജീവമാകണം’– രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) ഭരണഘടന അണികളോട് അനുശാസിക്കുന്ന കാര്യങ്ങളാണിത്. ഇത്തരത്തിൽ ആർഎസ്എസ് ഭരണഘടനയുടെ അകക്കാഴ്ചകൾ ഉൾപ്പെടെ ലോകത്തിനു മുന്നിലെത്തിക്കുന്നത് ‘ആർഎസ്എസ്: എ വ്യൂ ടു ദി ഇൻസൈഡ്’ എന്ന പുസ്തകത്തിലൂടെയാണ്. ആർഎസ്എസിനെപ്പറ്റി അണികൾക്കു പോലും അറിയാത്ത കാര്യങ്ങളാണു പുസ്തകത്തിലുള്ളതെന്നും രചയിതാക്കളായ വാൾട്ടർ കെ.ആൻഡേഴ്സനും ശ്രീധർ ഡി.ഡാംലെയും പറയുന്നു.

ആർഎസ്എസിന്റെ സംഘടനാതലത്തിലും വീക്ഷണങ്ങളിലുമുണ്ടായ മാറ്റങ്ങളുടെ ചരിത്രമാണു പുസ്തകം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ആർഎസ്എസ് നേതൃത്വത്തിൽ നടന്ന പ്രചാരണ നടപടികളും പുസ്തകം വിശകലനം ചെയ്യുന്നു. ബിജെപിയുടെ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം പാർട്ടിയുമായുണ്ടായ ഐക്യവും അസ്വാരസ്യങ്ങളും ഇതോടൊപ്പം വിശകലനം ചെയ്യുന്നുണ്ട്.

ആർഎസ്എസിന്റെ ഭരണഘടനയെപ്പറ്റി അതിന്റെ നേതാക്കൾക്കും അടുത്ത നിരീക്ഷകർക്കും മാത്രമേ അറിവുള്ളൂ. ഭരണഘടനയുടെ ചില ഭാഗങ്ങൾ മാത്രമായി നേരത്തേ ഏതാനും പുസ്തകങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഭരണഘടനയെപ്പറ്റി ആർഎസ്എസിനും വ്യത്യസ്തമായ മനഃസ്ഥിതിയാണ്. അതിനാൽത്തന്നെ സംഘടനയുടെ നിർണായക വിഷയങ്ങളിൽ പലപ്പോഴും അതു പരിഗണിക്കുക പോലും ചെയ്യാറില്ല. ഭരണഘടനയുടെ മുഴുവൻ വിവരങ്ങളും ഏറെ ബുദ്ധിമുട്ടിയാണു കണ്ടെത്തിയതെന്നും എഴുത്തുകാർ പറയുന്നു.

1972ലെ ഭരണഘടനയുടെ ഒരു പകർപ്പു ലഭിക്കാൻ ഏറെ ബുദ്ധിമുട്ടി. ഇതാണു നിലവിൽ ആർഎസ്എസ് പിന്തുടരുന്ന ഭരണഘടന. എഴുതിച്ചേർത്ത നയങ്ങൾ അടിസ്ഥാനമാക്കിയല്ല, മറിച്ച് മുഖാമുഖമിരുന്നാണ് ആർഎസ്എസിന്റെ സംഘടനാപ്രവര്‍ത്തനം എന്നതാണു ഭരണഘടന അപ്രസക്തമാകാനുള്ള കാരണമായി എഴുത്തുകാർ പറയുന്നത്. അതായത്, ഒരു കുടുംബം പോലെ പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമാണ് ആർഎസ്എസ് എന്നർഥം.

മഹാത്മാഗാന്ധിയുടെ വധത്തിനു പിന്നാലെ 1948ലാണ് ആദ്യമായി ആർഎസ്എസിനെ നിരോധിക്കുന്നത്. അക്കാലത്താണു ഭരണഘടനയുടെ ആവശ്യം സംഘടനയ്ക്കു മനസ്സിലാകുന്നത്. നിരോധനം മാറ്റുന്നതിനു വേണ്ടി 1949ൽ അന്നത്തെ ആഭ്യന്തരമന്ത്രി വല്ലഭായ് പട്ടേലുമായി നിരന്തര ചർച്ചകളും ആർഎസ്എസ് നടത്തി. ആ കൂടിക്കാഴ്ചകളിലാണ് എഴുതിത്തയാറാക്കിയ ഭരണഘടനയുടെ പ്രസക്തിയും ആർഎസ്എസ് മനസ്സിലാക്കുന്നത്. രാഷ്ട്രീയത്തിൽനിന്നു പൂർണമായും മാറി നിൽക്കണമെന്ന കാര്യം ഭരണഘടനയിൽ എഴുതിച്ചേർത്തത് അന്നത്തെ നിരോധനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. സംഘടനയുടെ മുഴുവൻ പ്രവർത്തനങ്ങളും സാംസ്കാരിക പരിപാടികൾക്കായി മാത്രം മാറ്റിവയ്ക്കണമെന്നും 1949ലിറങ്ങിയ ഭരണഘടന നിർദേശിക്കുന്നു.

ആമുഖത്തിൽ തന്നെ പറയുന്നതിങ്ങനെ: ‘രാജ്യം പല ഭാഗങ്ങളായി മാറിയ അവസ്ഥയിലാണിപ്പോൾ. വേറിട്ട വിശ്വാസം, ജാതി, വിഭാഗം, മതം തുടങ്ങിയവയിലൂടെയും രാഷ്ട്രീയവും സാമ്പത്തികവും ഭാഷാപരവും പ്രവിശ്യാപരവുമായ വ്യത്യാസങ്ങളിലൂടെയും ഹിന്ദുക്കൾക്കിടയിൽ ഇയർന്നു വരുന്ന വിഭജന മനോഭാവത്തെ ഇല്ലാതാക്കാൻ ഒരു സംഘടന അത്യാവശ്യമാണ്. ഒപ്പം അവരുടെ പാരമ്പര്യത്തിന്റെ മഹത്വത്തെക്കുറിച്ച് അവരെ ബോധവത്കരിക്കുകയും വേണം’. ഏതു പാർട്ടിയിലും സ്ഥാപനത്തിലും സംഘടനയിലും പ്രവർത്തിക്കാൻ തക്കവിധം സ്വതന്ത്ര വ്യക്തിയായിരിക്കും സ്വയംസേവകുമാർ. എന്നാൽ രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികൾക്കൊപ്പം ചേരരുതെന്നും ഭരണഘടന അനുശാസിക്കുന്നു.

രാഷ്ട്രീയത്തിൽ പ്രവർത്തിക്കരുതെന്നാണു നിര്‍ദേശമെങ്കിലും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ആർഎസ്എസിനു നിർണായകമായിരുന്നു. 1977ൽ ഇന്ദിരാഗാന്ധിയെ അധികാരത്തിൽനിന്നു പുറത്താക്കാൻ ജനതാപാർട്ടിക്കു തിരഞ്ഞെടുപ്പു പിന്തുണ പ്രഖ്യാപിച്ചതു പോലെ 2014ൽ കോൺഗ്രസിനെ അധികാരത്തിൽനിന്നു പുറത്താക്കാൻ ബിജെപിക്കൊപ്പം നിൽക്കുകയാണ് ആർഎസ്എസ് ചെയ്തത്. മറ്റു തിരഞ്ഞെടുപ്പുകളിലും ആർഎസ്എസ് പരോക്ഷമായി ഇടപെട്ടിട്ടുണ്ട്. പക്ഷേ 1977, 2014 തിരഞ്ഞെടുപ്പുകളിൽ പ്രവർത്തകരോടും മുതിർന്ന നേതാക്കളോടും ഉൾപ്പെടെ തിരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കാൻ ആർഎസ്എസ് ആഹ്വാനം ചെയ്യുകയായിരുന്നു. ഇക്കാര്യം ഒരു മുതിർന്ന ബിജെപി നേതാവാണു തങ്ങളോടു വ്യക്തമാക്കിയതെന്നും എഴുത്തുകാർ പറയുന്നു.

അയോധ്യയിലെ രാമക്ഷേത്രം, ഇന്ത്യയുടെ വിദേശനയം (പ്രത്യേകിച്ചു ചൈനയുമായി), വിദ്യാഭ്യാസം, ജമ്മുവിൽ പിഡിപിയുമൊത്തു ബിജെപി സർക്കാർ രൂപീകരണം, അതിന്റെ തകർച്ച, ഗോരക്ഷ, ഘർ വാപസി, തൊഴിലാളി നിയമ പരിഷ്കരണം, വിദേശനിക്ഷേപം തുടങ്ങിയ വിഷയങ്ങളിലുള്ള ആർഎസ്എസ് നയങ്ങളിലേക്കും പുസ്തകം ഇറങ്ങിച്ചെല്ലുന്നു. ബിജെപി ഉൾപ്പെടെയുള്ള സഖ്യകക്ഷികളുമായി മറ്റു ചില സംഘടനകളെ ‘ബന്ധിപ്പിക്കാനുള്ള’ ഇടനിലക്കാരായും ആർഎസ്എസ് പ്രവർത്തിക്കുന്നുണ്ടെന്നും പുസ്തകം പറയുന്നു.

ഇതാദ്യമായല്ല ആൻഡേഴ്സനും ഡാംലെയും ആർഎസ്എസിനെപ്പറ്റി എഴുതുന്നത്. മൂന്നു ദശാബ്ദം മുൻപ് ഇരുവരും ചേർന്നെഴുതിയ ‘ദ് ബ്രദർഹുഡ് ഇൻ സാഫ്രൺ: ദ് രാഷ്ട്രീയ സ്വയംസേവക് സംഘം ആൻഡ് ഹിന്ദു റിവൈവലിസം’ കൈകാര്യം ചെയ്തതും സമാനവിഷയമായിരുന്നു.  

related stories