Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി; 0.5% വരെ വർധന

State Bank Of India - SBI

ന്യൂഡൽഹി∙ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കി. ഒരു വർഷം മുതൽ 10 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള ഒരു കോടി രൂപവരെയുള്ള നിക്ഷേപങ്ങൾക്ക് അര ശതമാനം വരെയാണു നിരക്കു വർധന. പുതിയ പലിശനിരക്ക് ഇന്നുമുതൽ പ്രാബല്യത്തിൽ വന്നതായി എസ്ബിഐ അറിയിച്ചു. മേയ് 28നാണ് ഇതിനു മുൻപ് എസ്ബിഐ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് പുതുക്കിയത്.

ഒരു വർഷം മുതൽ രണ്ടു വർഷത്തിനു താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പലിശനിരക്ക് 0.05% ഉയർത്തി, 6.70% ആക്കി. രണ്ടു മുതൽ മൂന്നു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.10% ഉയർത്തി 6.75%വും, മൂന്നു മുതൽ അഞ്ചു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 0.10% ഉയർത്തി 6.80%വും, അഞ്ചു മുതൽ 10 വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് 0.10% ഉയർത്തി 6.85 ശതമാനവുമാക്കി.

ഒരു കോടി രൂപ മുതൽ 10 കോടി രൂപ വരെയുളള നിക്ഷേപങ്ങൾക്ക്, ഒരു വർഷം മുതൽ രണ്ടു വർഷത്തിനു താഴെ വരെ കാലാവധിയിൽ 7.00% ആയിരുന്നത് 6.70% ആക്കി കുറച്ചു. രണ്ടു വർഷത്തിനു മേൽ മൂന്നു വർഷത്തിനു താഴെവരെ കാലാവധിക്ക് 6.75% ആയിരുന്നതിന് മാറ്റമില്ല. മൂന്നു മുതൽ അഞ്ചു വർഷത്തിൽ താഴെ വരെയുള്ള കാലവധിയിലെ നിക്ഷേപങ്ങൾക്ക് 0.15% വർധിപ്പിച്ച് 6.80% ആക്കി. അഞ്ചു മുതൽ 10 വർഷത്തിൽ താഴെ വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 0.50% വർധിപ്പിച്ച് 6.85 ശതമാനമാക്കി.

10 കോടിക്കു മേലുള്ള നിക്ഷേപങ്ങൾക്ക് ഒരു വർഷത്തിനു മേൽ രണ്ടു വർഷത്തിനു താഴെ വരെ കാലാവധിയിൽ 0.30% കുറച്ച് 6.70% ആക്കിയപ്പോൾ രണ്ടു വർഷം മുതൽ മൂന്നു വർഷത്തിനു താഴെവരെയുള്ളതിന് 6.75% പലിശനിരക്ക് നിലനിർത്തി.