Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തെളിവില്ലാത്ത കേസ് എങ്ങനെ നിലനിൽക്കും; ബാർ കോഴയിൽ വിജിലൻസ്

km-mani

തിരുവനന്തപുരം∙ ബാര്‍ക്കോഴയില്‍ തെളിവില്ലെന്ന നിലപാട് ആവര്‍ത്തിച്ച് വിജിലന്‍സ്. കോഴ വാങ്ങിയതിനും നല്‍കിയതിനും തെളിവില്ലെന്നും പാലായില്‍ കെ.എം. മാണി കോഴ വാങ്ങുന്നതു കണ്ടെന്നു പറഞ്ഞ സാക്ഷിയുടെ ടവര്‍ ലൊക്കേഷന്‍ ആ സമയത്ത് പൊന്‍കുന്നത്താണെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി പരിഗണിക്കവെയാണു വിജിലന്‍സ് നിലപാടു വ്യക്തമാക്കിയത്

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു സ്വീകരിച്ച അതേ നിലപാടു തന്നെ വിജിലന്‍സ് ഇന്നും കോടതിയില്‍ ആവര്‍ത്തിക്കുകയായിരുന്നു. ആരോപണങ്ങള്‍ തെളിവായി സ്വീകരിക്കാന്‍ കഴിയില്ലെന്നും തെളിവില്ലാത്ത കേസ് എങ്ങനെ നിലനില്‍ക്കുമെന്ന് അറിയില്ലെന്നും അവർ കോടതിയിൽ വ്യക്തമാക്കി. അഴിമതി ആരോപണത്തെ സാധൂകരിക്കുന്നതല്ല സാക്ഷിമൊഴികള്‍. പ്രധാന തെളിവായി ബിജു രമേശ് നല്‍കിയതു കൃത്രിമ സിഡിയാണ്. ശാസ്ത്രീയ പരിശോധനയില്‍ ഇക്കാര്യം തെളിഞ്ഞിട്ടുണ്ടെന്നും വിജിലന്‍സ് അഭിഭാഷകന്‍ സി.സി.അഗസ്റ്റിന്‍ കോടതിയില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കിയ വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളണമെന്നും കെ.എം. മാണി കോഴ വാങ്ങിയതായി തെളിവുണ്ടെന്നും വിഎസ്.അച്യുതാനന്ദന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.

എന്നാല്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ കേസില്‍ നിന്നു നേരത്തെ പിന്‍മാറി. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അനുകൂലമല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. മൂന്നുതവണ കേസ് അന്വേഷിച്ചപ്പോഴും തെളിവില്ലെന്ന റിപ്പോര്‍ട്ടാണ് വിജിലന്‍സ് സമര്‍പ്പിച്ചത്.