ഇന്ത്യൻ ജയിലിൽ സൗകര്യമില്ലെന്ന് മല്യ; വിഡിയോ കൈമാറണമെന്ന് യുകെ കോടതി

വിജയ് മല്യ

ലണ്ടൻ∙ മദ്യ വ്യവസായി വിജയ് മല്യയെ താമസിപ്പിക്കാൻ ഉദ്ദേശിക്കുന്ന ജയിലിന്റെ സൗകര്യങ്ങൾ വ്യക്തമാക്കുന്ന വിഡിയോ സമർപ്പിക്കണമെന്ന് ലണ്ടൻ കോടതി. യുകെയിലുള്ള മല്യയെ ഇന്ത്യയ്ക്കു കൈമാറുന്നതു സംബന്ധിച്ച കേസ് പരിഗണിക്കവെയാണു കോടതിയുടെ ഇടപെടൽ. മുംബൈ ആർതർ റോഡിലുള്ള ജയിലിൽ മതിയായ വെളിച്ചവും വായുവും ലഭിക്കില്ലെന്ന മല്യയുടെ പരാതിയെ തുടർന്നാണിത്. കേസ് വീണ്ടും പരിഗണിക്കുന്ന സെപ്റ്റംബർ 12നു മുൻപായി വിഡിയോ സമർപ്പിക്കണം.

നേരത്തേ, ജയിലിന്റെ ചിത്രങ്ങൾ ഇന്ത്യ കോടതിയിൽ സമർപ്പിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ വെളിച്ചം കൃത്രിമമായി ചേർത്തതാണെന്ന വാദം ഉയർന്നതിനെ തുടർന്നാണു വിഡിയോ ദൃശ്യം സമർപ്പിക്കാൻ കോടതി ആവശ്യപ്പെട്ടത്. മനുഷ്യാവകാശ കമ്മിഷന്റെ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള സൗകര്യങ്ങൾ എല്ലാം ജയിലിലുണ്ടെന്നും മല്യയ്ക്കുവേണ്ടി കൂടുതൽ ആധുനിക സൗകര്യങ്ങൾ ഒരുക്കുമെന്നും ഇന്ത്യയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകൻ മാർക്ക് സമ്മർ കോടതിയെ അറിയിച്ചു.

വിവിധ ബാങ്കുകളിൽ നിന്നെടുത്ത 9000 കോടി രൂപയുടെ വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മല്യക്കെതിരെ കേസെടുത്തത്. ജാമ്യം ലഭിച്ച അദ്ദേഹം കഴിഞ്ഞ ഏപ്രിൽ മുതൽ യുകെയിലാണ്. മല്യയെ വിട്ടുകിട്ടാനുള്ള കേസിൽ ഡിസംബർ മുതൽ ലണ്ടൻ കോടതി വാദം കേൾക്കുകയാണ്. വിജയ് മല്യയുടെ ബ്രിട്ടനിലെ ആസ്തികളിൽനിന്നു പണം ഈടാക്കാൻ ഇന്ത്യൻ ബാങ്കുകൾക്ക് ഈ മാസമാദ്യം യുകെ കോടതി അനുമതി നൽകിയിരുന്നു.