Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയ്ക്ക് കൈ കൊടുത്ത് യുഎസ്; പ്രതിരോധത്തിന് കൂടുതൽ കരുത്ത്

Indian-Army ഇന്ത്യന്‍ സൈന്യം

വാഷിങ്‌ടൻ∙ ഉന്നത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച ഉപകരണങ്ങൾ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ കൂടുതൽ എളുപ്പത്തിലാക്കി യുഎസ്. സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷൻ– 1 (എസ്ടിഎ–1) പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയാണ് യുഎസ് പുതിയ നയതന്ത്രത്തിനു വഴിയൊരുക്കിയത്. ഈ പട്ടികയിൽ ഉൾപ്പെടുന്ന ആദ്യ ദക്ഷിണേഷ്യൻ രാഷ്ട്രമായിരിക്കും ഇന്ത്യ.

2016 ൽ ഇന്ത്യയെ പ്രതിരോധ മേഖലയിലെ പ്രധാന പങ്കാളിയായി യുഎസ് അംഗീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണു പുതിയ ആനുകൂല്യം കൂടി ഇന്ത്യയ്ക്കു ലഭ്യമാകുന്നത്. ഇനി മുതൽ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചു നിർമിച്ച യുഎസ് ഉപകരണങ്ങൾ കൂടുതലായി ഇന്ത്യയ്ക്കു സ്വന്തമാക്കാനാകും. കയറ്റുമതി നിയന്ത്രണ മേഖലയിൽ ഇതോടെ ഇന്ത്യയ്ക്കു സുപ്രധാന മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് യുഎസ് വാണിജ്യ സെക്രട്ടറി വിൽ‌ബർ റോസ് പറഞ്ഞു. ഇന്ത്യയും യുഎസും തമ്മിലുള്ള കയറ്റുമതി– സാമ്പത്തിക ബന്ധങ്ങളിലുള്ള അംഗീകാരമാണ് എസ്ടിഎ– 1അംഗത്വമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ 36 രാഷ്ട്രങ്ങളാണ് എസ്ടിഎ–1 ലിസ്റ്റിൽ ഉള്ളത്. ദക്ഷിണേഷ്യയിൽ നിന്നുള്ള ഏകരാജ്യം ഇന്ത്യയും. ഏഷ്യയിൽ നിന്ന് ദക്ഷിണകൊറിയ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങളും പട്ടികയിലുണ്ട്. നേരത്തേ എസ്ടിഎ–2 രാഷ്ട്രങ്ങളുടെ പട്ടികയിലും ഇന്ത്യയ്ക്ക് ഇടം ലഭിച്ചിരുന്നു. ദേശീയ സുരക്ഷ, കെമിക്കൽ, ജൈവ ആയുധങ്ങൾ, കുറ്റ നിയന്ത്രണം തുടങ്ങിയ തന്ത്രപ്രധാന മേഖലയിലെ ഉപകരണങ്ങള്‍ എസ്ടിഎ–1 വിഭാഗത്തിൽ പെട്ട രാഷ്ട്രങ്ങളിലേക്കാണ് യുഎസ് കയറ്റുമതി ചെയ്യുന്നത്.