Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക്സഭ തിരഞ്ഞെടുപ്പിൽ പേപ്പർ ബാലറ്റ് വേണം; പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിച്ച് മമത

mamata-banerjee സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മമത ബാനർജിയെ സന്ദർശിച്ചപ്പോൾ

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനു പകരം ബാലറ്റ് പേപ്പറുകൾ ഉപയോഗിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷപാർട്ടികൾ. തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയുടെ നേതൃത്വത്തിൽ 17 പ്രതിപക്ഷ പാർട്ടികൾ ഈ ആവശ്യമുന്നയിച്ച് തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കും. കോൺഗ്രസ്, സമാജ്‌വാദി പാർട്ടി, ബിഎസ്പി, എൻസിപി, ആർജെഡി, എഎപി, വൈഎസ്ആർ, ഡിഎംകെ, ജെഡിഎസ്, ടിഡിപി, കേരള കോൺഗ്രസ് (എം), സിപിഎം, സിപിഐ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയവയാണത്.

മമത ബാനർജിയാണ് പ്രതിപക്ഷഐക്യത്തിനു ചുക്കാൻ പിടിച്ചതെന്നാണു നിഗമനം. രണ്ടു ദിവസം ഡൽഹിയിലുണ്ടായിരുന്ന മമത, രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയുമടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019 ജനുവരിയിൽ നടക്കുന്ന ഫെഡറൽ റാലിയിലേക്ക് നേതാക്കളെ ക്ഷണിക്കുകയും ചെയ്തു.

അതേസമയം, കൂടിക്കാഴ്ചയ്ക്ക് തിരഞ്ഞെടുപ്പു കമ്മിഷനിൽനിന്ന് തീയതി കിട്ടിയിട്ടില്ലെന്നാണു വിവരം. ഈ ആഴ്ചയവസാനം ചേരുന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ ഇതുസംബന്ധിച്ച ചർച്ചയുണ്ടാകുമെന്നാണു സൂചന. തിങ്കളാഴ്ച ഗുലാം നബി ആസാദിന്റെ വീട്ടിൽവച്ച് സർവകക്ഷി യോഗം ചേരുന്നുണ്ട്. അടുത്ത ആഴ്ചയോടെ കമ്മിഷനെ സമീപിക്കാനാണു നിലവിലെ തീരുമാനം. വോട്ടിങ് യന്ത്രങ്ങളുടെ നിഷ്പക്ഷത ചോദ്യം ചെയ്ത തൃണമൂൽ കോൺഗ്രസ് നേരത്തെ തന്നെ ബാലറ്റ് പേപ്പറിനായി ആവശ്യം ഉന്നയിച്ചിരുന്നു.