Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിൽ മുട്ടുമടക്കി ഗൂഗിൾ; ‘സെൻസർഷിപ്പോടെ’ തിരിച്ചുവരവ്

Google-

സാൻഫ്രാൻസിസ്കോ∙ സർക്കാർ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ ഒഴിവാക്കി ചൈനയിൽ പ്രത്യേക സേർച്ചിങ് ആപ് കൊണ്ടുവരാൻ ഗൂഗിള്‍. സെൻസർഷിപ് നടപ്പാക്കാൻ ആകില്ലെന്നറിയിച്ചതിനെത്തുടർന്ന് എട്ടു വർഷം മുൻപ് ചൈനയിലെ പ്രവർത്തനം നിർത്തിയതാണു ഗൂഗിൾ. എന്നാൽ ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യത്തെ വിപണി നഷ്ടപ്പെടുത്താനാകില്ലെന്ന തിരിച്ചറിവിലാണു വിട്ടുവീഴ്ചകളോടെ പുതിയ സേർച്ച് എന്‍ജിനൊരുക്കാന്‍ ഗൂഗിൾ തയാറാകുന്നത്. ഇതിനു വേണ്ടിയുള്ള പ്രത്യേക സോഫ്റ്റ്‌വെയർ കമ്പനി തയാറാക്കിയതായായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

‘ഡ്രാഗൺഫ്ലൈ’ എന്ന പേരിലുള്ള പ്രോജക്ടുമായി ഒരു വർഷത്തോളം ഗൂഗിള്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായാണു തിരിച്ചുവരവെന്ന് ‘ദി ഇന്റർസെപ്റ്റ്’ റിപ്പോർട്ട് ചെയ്തു. ഇതു സംബന്ധിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയും ചൈനീസ് സർക്കാരും ഇക്കഴിഞ്ഞ ഡിസംബറിൽ ചർച്ച നടത്തിയിരുന്നു. ആൻഡ്രോയ്ഡ് ഓപറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന മൊബൈൽ ഡിവൈസുകൾക്കു വേണ്ടിയുള്ള ആപ്പെന്ന നിലയിൽ മാത്രമായിരിക്കും ആദ്യം പ്രവർത്തനം. പിന്നീടായിരിക്കും ഡെസ്ക്ടോപ്പിലേക്കു മാറുക. ആപ്പിന്റെ പ്രവർത്തനം ചൈനീസ് അധികൃതർക്കു വിവരിച്ചു നല്‍കിയിട്ടുണ്ട്. എന്നാൽ ഇതിന്മേൽ ഗൂഗിളോ ചൈനയോ ഔദ്യോഗികമായി ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.

സെൻസർഷിപ്, ഹാക്കിങ് വിഷയങ്ങളിൽപ്പെട്ട് 2010ലാണു ഗൂഗിൾ ചൈനയിലെ പ്രവർത്തനം അവസാനിപ്പിക്കുന്നത്. ചൈനയിലെ മനുഷ്യാവകാശ പ്രവർത്തകരുടെ ജിമെയിൽ അക്കൗണ്ടുകൾ ഹാക്ക് ചെയ്തതിന്റെ പേരിൽ ഉൾപ്പെടെയാണു ഭരണകൂടവുമായി ഗൂഗിൾ അസ്വാരസ്യത്തിലായത്. തിരിച്ചുവരവിലും ഏതാനും കാര്യങ്ങളിൽ സേർച്ച് എൻജിനിൽ സെൻസർഷിപ്പ് ഉണ്ടാകും. മനുഷ്യാവകാശം, ജനാധിപത്യം, മതം, സമാധാന സമരങ്ങൾ തുടങ്ങിയ വാക്കുകളെ ‘ബ്ലാക്ക്‌ലിസ്റ്റ്’ ചെയ്തിട്ടുണ്ട്.

related stories