Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജയിൽ നിറച്ച് മറാഠ പ്രക്ഷോഭകർ; അതിവേഗ അനുനയ പദ്ധതികളുമായി സർക്കാർ

Maratha Rally സംവരണം ആവശ്യപ്പെട്ടു നടന്ന റാലി (ഫയൽചിത്രം)

മുംബൈ ∙ വിദ്യാഭ്യാസ, തൊഴിൽ സംവരണം അടിയന്തരമായി നടപ്പാക്കണം എന്നാവശ്യപ്പെട്ടു മറാഠ പ്രക്ഷോഭകർ ജയിൽനിറയ്ക്കൽ സമരം നടത്തി. ദക്ഷിണ മുംബൈയിലെ ആസാദ് മൈതാനത്തു സംഘടിച്ച 34 പ്രക്ഷോഭകരെ പൊലീസ് കസ്റ്റഡിയിലെടുത്തു നീക്കി. നഗരത്തിലെ റോഡ് റെയിൽ ഗതാഗതത്തെ സമരം ബാധിച്ചില്ല.

സംസ്ഥാനത്തിന്റെ മറ്റുചില ഭാഗങ്ങളിലും മറാഠ ക്രാന്തി മോർച്ച സമാനമായ സമരങ്ങൾ സംഘടിപ്പിച്ചു. ഉത്തര സോലാപ്പുരിൽ പുണെ- സോലാപ്പുർ ദേശീയപാത ഉപരോധിച്ചു. പുണെയിൽ ജുന്നാർ, ഷിരൂർ, ഖേഡ് എന്നീ പ്രദേശങ്ങളിലും പ്രകടനങ്ങൾ നടന്നു. മറാഠ്‌വാഡ മേഖലയിലെ ഹിൻഗോളി ജില്ലയിൽ സംവരണാനുകൂലികൾ കാളവണ്ടികളുമായി മാർച്ച് നടത്തി. ലാത്തുരിൽ തൊഴിൽ മന്ത്രി സംഭാജി പാട്ടീലിന്റെ വസതിക്കു മുൻപിൽ പ്രകടനം നടന്നു.

ഇതിനിടെ, മറാഠ സമൂഹത്തിൽപെട്ട യുവാക്കൾക്കു ബിസിനസ്, സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ സർക്കാർ ജാമ്യത്തിൽ വായ്പ നൽകാൻ റവന്യു മന്ത്രി ചന്ദ്രകാന്ത് പാട്ടീൽ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചു. പ്രതിവർഷം എട്ടു ലക്ഷം രൂപയിൽ കുറവ് കുടുംബ വാർഷിക വരുമാനമുള്ളവർക്കു 608 പ്രഫഷനൽ കോഴ്‌സുകളിൽ 50% ഫീസ് സർക്കാർ വഹിക്കും.

മത്സരപരീക്ഷകൾക്കു തയാറെടുക്കുന്ന മറാഠ വിഭാഗത്തിലെ വിദ്യാർഥികൾക്കു പുണെയിൽ പരിശീലന കേന്ദ്രവും സ്ഥാപിക്കും. മറാഠസമൂഹത്തിന്റെ ക്ഷേമത്തിന് ആവശ്യമായ തീരുമാനങ്ങളെടുക്കാൻ രൂപീകരിച്ചതാണ് ഉപസമിതി. ധൃതിയിലുള്ള ഏതു പ്രഖ്യാപനവും നിയമയുദ്ധത്തിലേ കലാശിക്കൂ. കോടതിയിൽ ചോദ്യംചെയ്യപ്പെടാത്തവിധം ഇതു നടപ്പിലാക്കാൻ ആത്മാർഥമായി പ്രയത്നിക്കുകയാണു സർക്കാരെന്നു പ്രക്ഷോഭകർ മനസ്സിലാക്കണമെന്നും മുൻഗൻതിവാർ പറഞ്ഞു.

related stories