Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇമ്രാന്റെ സത്യപ്രതിജ്ഞയ്ക്ക് വിദേശ നേതാക്കളില്ല; ക്ഷണം ഉറ്റ സുഹൃത്തുക്കൾക്ക്

imran-khan ഇമ്രാൻ ഖാൻ.

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പങ്കെടുക്കാൻ വിദേശനേതാക്കൾക്കു ക്ഷണമുണ്ടാകില്ലെമന്നു റിപ്പോർട്ട്. വിദേശ നേതാക്കളെ ക്ഷണിക്കേണ്ടതില്ലെന്നു തീരുമാനമെടുത്തെന്നും എന്നാൽ ഇമ്രാൻ ഖാന്റെ ഏതാനും ഉറ്റ സുഹൃത്തുക്കൾക്കു ക്ഷണമുണ്ടാകുമെന്നും പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കി. സത്യപ്രതിജ്ഞ ലളിതമായ ചടങ്ങായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

വിദേശ നേതാക്കളെ ചടങ്ങിലേക്കു ക്ഷണിക്കുന്നതു സംബന്ധിച്ചു വിദേശകാര്യ മന്ത്രാലയത്തിന്റെ അഭിപ്രായം പിടിഐ ആരാഞ്ഞിരുന്നു. ഇന്ത്യയിൽ നിന്ന് നടൻ ആമിർ ഖാൻ, ക്രിക്കറ്റ് താരങ്ങളായ സുനിൽ ഗവാസ്കർ, കപിൽ ദേവ്, നവ്ജ്യോത് സിങ് സിദ്ദു എന്നിവർക്കാണു ക്ഷണമുള്ളത്. ഈ മാസം 11നു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിന് എല്ലാ സാർക് നേതാക്കളെയും ക്ഷണിക്കുന്ന കാര്യം ഉടൻ തീരുമാനിക്കുമെന്നും പിടിഐ വക്താവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഇമ്രാൻഖാനെ ഫോണിൽവിളിച്ച് അഭിനന്ദനം അറിയിച്ചു. അതേസമയം, 116 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും ഭരിക്കാൻ പിടിഐയ്ക്ക് 22 പേരുടെ പിന്തുണ കൂടി വേണം. കേവലഭൂരിപക്ഷം ലഭിക്കാത്തതിനാൽ പാർട്ടി നേതൃത്വം ചെറുകക്ഷികളുമായും സ്വതന്ത്രരുമായും ചർച്ച നടത്തുകയാണ്.