Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പയും മഴയും: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ നീട്ടിയേക്കും

sslc exam ഫയൽ ചിത്രം.

തിരുവനന്തപുരം∙ ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ നീട്ടിവയ്ക്കാൻ ശുപാർശ. മാർച്ച് ആറിനു തുടങ്ങേണ്ട പരീക്ഷ 13 മുതൽ 27 വരെ നടത്താനാണു ശുപാർശ. നിപ്പയും മഴയും കാരണം അധ്യയന ദിവസങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്നാണു തീരുമാനം. ഏപ്രിലിലേക്കു മാറ്റാനുള്ള നിർദേശം ഇന്നു ചേർന്ന സ്കൂൾ ക്യുഐപി (ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) മോണിറ്ററിങ് കമ്മിറ്റി അംഗീകരിച്ചില്ല. അതേസമയം, പരീക്ഷ മാറ്റുന്നതു സംബന്ധിച്ച അന്തിമതീരുമാനമെടുക്കേണ്ടത് സർക്കാരാണ്.

മഴക്കെടുതി മൂലം പല മേഖലകളിലും ആഴ്ചകളോളം സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണു മാർച്ചിൽ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി പരീക്ഷ ഏപ്രിലിലേക്കു മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചത്.

∙ 30.08.2018-ന് ആരംഭിക്കാനിരുന്ന ഒന്നാം പാദവാര്‍ഷിക പരീക്ഷ 31.08.2018 ലേയ്ക്ക് മാറ്റുന്നതിന് ശുപാര്‍ശ ചെയ്യുന്നു. മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവൃത്തിക്കുന്ന സ്കൂളുകളിലെ ഒന്നാം പാദവാര്‍ഷിക പരീക്ഷയും ഇതോടൊപ്പം നടക്കും

∙ നിപ്പ പ്രതിരോധപ്രവര്‍ത്തനങ്ങളുടെയും മഴക്കെടുതിയുടെയും പശ്ചാത്തലത്തില്‍ നഷ്ടപ്പെട്ട അധ്യയന ദിനങ്ങള്‍ പരിഹരിക്കുന്നതിലേയ്ക്കായി എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 13-ന് ആരംഭിച്ച് 27-ന് അവസാനിക്കുന്ന തരത്തില്‍ പുന:ക്രമീകരിക്കുന്നതിനു സര്‍ക്കാരിലേക്കു ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

∙ എല്ലാദിവസവും ഉച്ചയ്ക്കുശേഷം ആരംഭിക്കുന്ന എസ്എസ്എല്‍സി വാര്‍ഷിക പരീക്ഷ എല്ലാദിവസവും രാവിലെ ഹയര്‍ സെക്കൻഡറി പരീക്ഷയോടൊപ്പം നടത്താനുള്ള അനുമതിക്കായി ശുപാര്‍ശ ചെയ്യുന്നതിനും തീരുമാനിച്ചു.

∙ മഴക്കെടുതിമൂലം അധ്യയന ദിനങ്ങള്‍ നഷ്ടപ്പെട്ട ജില്ലകളിലെ സ്കൂളുകളില്‍ അധ്യയന ദിനങ്ങള്‍ ക്രമീകരിക്കാന്‍ മേല്‍ ശുപാര്‍ശകള്‍ക്കു പുറമേ ആറാം പ്രവൃത്തിദിനം ഉള്‍പ്പെടെ രണ്ടാം ശനിയാഴ്ച ഒഴികെയുള്ള മറ്റു ശനിയാഴ്ചകള്‍കൂടി പ്രവൃത്തി ദിനമായി ക്രമീകരിക്കുന്നതിനും തീരുമാനിച്ചു. അതാത് ജില്ലകളിലെ ഉപഡയറക്ടര്‍മാര്‍ അടിയന്തരമായി ക്യൂഐപി യോഗം വിളിച്ചുകൂട്ടി ജില്ലകളിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നഷ്ടപ്പെട്ട പ്രവൃത്തിദിനങ്ങള്‍ക്ക് പരിഹാരം കാണേണ്ടതാണ്.

∙ സ്കൂള്‍ പ്രവൃത്തി ദിനങ്ങളില്‍ വിദ്യാഭ്യാസവകുപ്പിന്‍റെ അനുമതികൂടാതെ യാതൊരുവിധ പാഠ്യേതര പരിപാടികളും നടത്താന്‍ പാടുള്ളതല്ല. വിദ്യാലയങ്ങളുടെ മതേതര സ്വഭാവം നഷ്ടപ്പെടുന്ന രീതിയിലുള്ള പരിപാടികള്‍ നടത്താന്‍ പാടില്ലെന്നും യോഗം നിർദേശിച്ചു.

∙ ഈ വർഷത്തെ ഓണപ്പരീക്ഷ ഓഗസ്റ്റ് 31 ന് ആരംഭിച്ച് സെപ്റ്റംബർ 10 ന്‌ സമാപിക്കും. ഓഗസ്റ്റ് 30ന് നിശ്ചയിച്ച പരീക്ഷ പരീക്ഷകളും അന്നുതന്നെ നടത്തും. മറ്റു പരീക്ഷകൾക്ക് മാറ്റമില്ല. മുസ്‌ലിം കലണ്ടർ പ്രകാരം പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഈ ടൈംടേബിൾ ബാധകമായിരിക്കും.

∙ ഈ അധ്യയന വർഷത്തേക്കുള്ള മറ്റ് ക്ലാസുകളിലെ വർഷാന്ത്യപരീക്ഷ 2019 മാർച്ച് 15, 16, 22, 23, 28, 29 തീയതികളിൽ നടക്കും.

∙ മേളകൾ സംബന്ധിച്ച മുൻ തീരുമാനങ്ങളിൽ മാറ്റമില്ല.

∙ 2019 മാർച്ച് 30 ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കും