Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീണ്ടും ബാഹുബലി, വീണ്ടും രാജമൗലി; 152 രാജ്യങ്ങളിൽ റിലീസ്, ചെലവ് 500 കോടി

bahubali-image

മുംബൈ ∙ ‘ബാഹുബലി’ സിനിമയുടെ പൂർവകഥ പറയുന്ന, മലയാളി എഴുത്തുകാരൻ ആനന്ദ് നീലകണ്ഠന്റെ പുസ്തകം ദ് റൈസ് ഓഫ് ശിവഗാമി’യെ ആസ്പദമാക്കി ആഗോള ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോം നെറ്റ്ഫ്ലിക്സിൽ ബിഗ് ബജറ്റ് പരമ്പര വരുന്നു. ‘ബാഹുബലി: ബിഫോർ ദ് ബിഗിനിങ്’ എന്ന പരമ്പര ചിത്രീകരിക്കുന്നതിനു പിന്നിൽ സംവിധായകൻ രാജമൗലിയുമുണ്ട്. ദേവ കട്ട, പ്രവീൺ സതാരു എന്നിവർ േചർന്നാണ് സംവിധാനം ചെയ്യുന്നത്. തിരക്കഥാ നിർദേശം രാജമൗലിയുടേതാണ്. മൂന്നുഭാഗങ്ങളായുള്ള പരമ്പരയ്ക്കു ചെലവു കണക്കാക്കുന്നത് 500 കോടിയോളം. ബാഹുബലിയുടെ ജനനത്തിനു മുൻപുള്ള ശിവഗാമിയുടെയും കട്ടപ്പയുടെയും കഥയാണ് ആദ്യഭാഗം.

കേരളത്തിൽ ഉൾപ്പെടെയാകും ചിത്രീകരണം. റിലീസ് 152 രാജ്യങ്ങളിൽ. മൂന്നു ബാഹുബലി സിനിമകൾ പുതുതായി ചിത്രീകരിച്ച് ഇന്റർനെറ്റ് വഴി മൂന്നുഭാഗങ്ങളായി റിലീസ് ചെയ്യുന്നവിധമാണു പരമ്പര. ആനന്ദ് നീലകണ്ഠൻ എഴുതിക്കൊണ്ടിരിക്കുന്ന രണ്ടാമത്തെ പുസ്തകത്തെയും എഴുതാനിരിക്കുന്ന മൂന്നാമത്തേതിനെയും ആസ്പദമാക്കിയാകും രണ്ടും മൂന്നും സീസണുകൾ. ഒരു മണിക്കൂർ വീതമുള്ള എട്ടു ഭാഗങ്ങളാണ് ഓരോ സീസണും. എട്ടു മണിക്കൂറുള്ള ഒറ്റ സിനിമപോലെയും ഓരോ മണിക്കൂർ വീതമുള്ള എട്ടു ഭാഗങ്ങളായും നെറ്റ്ഫ്ലിക്സിൽ ലഭ്യമാക്കും.

ഇന്ത്യയിൽനിന്നുള്ള രണ്ടാമത്തെ നെറ്റ്ഫ്ലിക്സ് പരമ്പരയാണിത്; മലയാളി കഥയെഴുതുന്ന ആദ്യത്തേതും. വിക്രം ചന്ദ്രയുടെ നോവലിനെ അടിസ്ഥാനമാക്കിയുള്ള സേക്രഡ് ഗെയിംസ് ആണ് ഇന്ത്യയിൽനിന്നുള്ള ആദ്യ നെറ്റ്ഫ്ലിക്സ് പരമ്പര. പ്രമുഖ ഇന്ത്യൻ ഇംഗ്ലിഷ് എഴുത്തുകാരനായ തൃപ്പൂണിത്തുറ സ്വദേശി ആനന്ദ്  മുംബൈ സാൻപാഡയിലാണു താമസം.