Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജെഡിഎസ് സഖ്യത്തിന്റെ യഥാർഥ സൂത്രധാരൻ രാഹുൽ ഗാന്ധി: കെ.സി. വേണുഗോപാൽ

ജി. രാഗേഷ്
kc-venugopal കെ.സി. വേണുഗോപാൽ

കോട്ടയം∙ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ ബിജെപിയെ തറപറ്റിച്ച് കോൺഗ്രസ് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് പ്രവർത്തകസമിതിയംഗം കെ.സി. വേണുഗോപാൽ. ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിൽ ശക്തമായ വെറുപ്പാണു ബിജെപിക്കുനേരെയുള്ളതെന്നും മനോരമ ഓൺലൈൻ ഇംഗ്ലിഷ് പതിപ്പായ ‘ഓൺമനോരമ’യ്ക്കു നൽകിയ അഭിമുഖത്തിൽ വേണുഗോപാൽ പറഞ്ഞു. ഈ സംസ്ഥാനങ്ങളിൽ ഗ്രൂപ്പ് കളി കൂടുതലല്ലേയെന്ന ചോദ്യത്തിന് കോൺഗ്രസിൽ എന്നും ഗ്രൂപ്പ് ഉണ്ടെന്നും പൊതുശത്രു വരുമ്പോൾ അവരെ നേരിടുകയെന്നതാണു ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ വ്യത്യാസങ്ങളും ഗ്രൂപ്പും മറന്ന് ഒറ്റക്കെട്ടായാകും അത്തരം സാഹചര്യങ്ങളെ പാർട്ടി നേരിടുക – വേണുഗോപാൽ വ്യക്തമാക്കി.

അഭിമുഖം പൂർണരൂപം ‘ഓൺമനോരമ’യിൽ വായിക്കാം

കർണാടകയിൽ കോൺഗ്രസ് ജെഡിഎസുമായി ചേർന്നുണ്ടാക്കിയ മതേതര സഖ്യത്തിന്റെ യഥാർഥ സൂത്രധാരൻ രാഹുൽ ഗാന്ധിയായിരുന്നു എന്ന വെളിപ്പെടുത്തലും വേണുഗോപാൽ നടത്തി. ‘എക്സിറ്റ് പോളുകൾ വന്നതോടെ ഞങ്ങൾക്കു ചില സംശയങ്ങളുണ്ടായി. ഒരു പ്ലാൻ ബി കൂടി വേണമെന്ന നിർദേശത്തെ രാഹുൽ അംഗീകരിച്ചു. കോൺഗ്രസിന് ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടാതെ വരികയാണെങ്കിൽ സ്ഥാനമാനങ്ങൾക്കു പിന്നാലെ പോകാതെ ബിജെപിയെ അധികാരത്തിൽനിന്ന് അകറ്റിനിർത്താനുള്ള നീക്കം നടത്തുകയാണു വേണ്ടതെന്നു അദ്ദേഹം നിർദേശിച്ചു’ – വേണുഗോപാൽ പറഞ്ഞു.

‘‘ജെഡിഎസുമായി ഉപാധികളില്ലാതെ സഖ്യമുണ്ടാക്കാനുള്ള തീരുമാനം രാഹുലിന്റേതായിരുന്നു. സഖ്യകക്ഷിക്കു മുഴുവൻ സമയ മുഖ്യമന്ത്രി സ്ഥാനം കൊടുത്തതിൽ ഖേദമില്ല. കർണാടകയിലെ സഖ്യം ഉറച്ച രീതിയിൽ മുന്നോട്ടു പോകും. പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാനുള്ള സംവിധാനം ഞങ്ങൾ കർണാടകയിൽ നടപ്പാക്കിയിട്ടുണ്ട്.’’ – അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിന്റെ നേതൃത്വത്തിൽ പാർട്ടിയെ ബൂത്ത് തലത്തിൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കോൺഗ്രസ് ഒരു കേഡർ പാർട്ടിയല്ല. എന്നാൽ പകുതിയെങ്കിലും കേഡർ പാർട്ടിയെപ്പോലെയാക്കാനാണ് ശ്രമിക്കുന്നത്. തങ്ങൾക്കു പറയാനുള്ളതു കേൾക്കാൻ നേതാക്കളില്ലെന്ന പരാതി നേരത്തേ അണികൾക്കുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസിന്റെ പ്രവർത്തനശൈലിയിൽ മാറ്റം വന്നിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.