Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വടക്കൻ കർണാടകയ്ക്ക് പ്രത്യേക സംസ്ഥാന പദവി: മുഖ്യമന്ത്രിക്ക് 15 ദിവസം സമയം

H.D. Kumaraswamy കുമാരസ്വാമി

ബെംഗളൂരു ∙ വടക്കൻ കർണാടകയ്ക്ക് പ്രത്യേക സംസ്ഥാന പദവി ആവശ്യപ്പെട്ട് നടത്താനിരുന്ന ബന്ദ് പിൻവലിച്ചെങ്കിലും, ആവശ്യത്തെ പിന്തുണച്ചും എതിർത്തും വിവിധ സംഘടനകൾ തെരുവിലിറങ്ങി. എന്നാൽ, അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

സംസ്ഥാന ബജറ്റിൽ വടക്കൻ കർണാടകയെ അവഗണിച്ചു എന്നാരോപിച്ച് ഉത്തര കർണാടക പ്രത്യേകരാജ്യ ഹോരാട്ട സമിതി, ഉത്തര കർണാടക വികാസ വേദികെ എന്നീ സംഘടനകളാണ് പ്രത്യേക സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് 13 ജില്ലകളിലായി ബന്ദ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ മേഖലയ്ക്കായുള്ള വികസന ഫണ്ടുകൾ 15 ദിവസത്തിനുള്ളിൽ നൽകാമെന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഉറപ്പിന്മേൽ ബന്ദ് പിൻവലിക്കുകയായിരുന്നു.

വടക്കൻ കർണാടകയുടെ വികസനത്തിനായി സിദ്ധരാമയ്യ സർക്കാർ നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പിലാക്കും. മേഖലയെ ഒരു വിധത്തിലും തഴയില്ലെന്ന് കുമാരസ്വാമി ഉറപ്പു നൽകി. സുവർണ വിധാൻ സൗധയിലേക്ക് പ്രധാന സർക്കാർ വകുപ്പുകളിൽ ചിലതെങ്കിലും പ്രവർത്തനം മാറ്റുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് ബന്ദ് പിൻവലിച്ചതെന്ന് ഉത്തര കർണാടക പ്രത്യേകരാജ്യ ഹോരാട്ട സമിതി പ്രസിഡന്റ് സോമശേഖർ കോദംബരി പറഞ്ഞു. 15 ദിവസത്തിനുള്ളിൽ തീരുമാനമുണ്ടായില്ലെങ്കിൽ പ്രത്യേക സംസ്ഥാന രൂപീകരണത്തിനുള്ള പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പതിവുപോലെ ജനജീവിതം

സംസ്ഥാനത്തെ വിഭജിക്കാനുള്ള നീക്കത്തെ എതിർത്ത് കന്നഡ രക്ഷണ വേദികെ ഉൾപ്പെടെയുളള സംഘടനകൾ കലബുറഗിയിൽ പ്രതിഷേധിച്ചു. സംസ്ഥാന വിഭജന ആവശ്യത്തിനെതിരെ ബെംഗളൂരു ടൗൺഹാളിനു മുന്നിലും കന്നഡ സൗഹൃദ സംഘടനകൾ പ്രതിഷേധവുമായി അണിനിരന്നു.

പ്രത്യേക സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് ചില കർഷക സംഘടനകൾ ധർണ നടത്തി. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര കേന്ദ്രങ്ങളും തുറന്നു പ്രവർത്തിച്ചു. ബസ് സർവീസുകൾ തടസപ്പെട്ടില്ല. കലബുറഗിയിൽ ഹൈദരാബാദ്- കർണാടക പ്രത്യേക രാജ്യ ഹൊരാട്ട സമിതിയുടെ നാല് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഹൈദരാബാദ്- കർണാടക മേഖല പ്രത്യേക സംസ്ഥാനമാക്കണമെന്ന് ആവശ്യമുന്നയിച്ച് ഒപ്പു ശേഖരണം നടത്തുന്നതിനിടെയാണ് അറസ്റ്റ്.

നേരത്തെ, ബന്ദ് നടത്താനുള്ള നീക്കത്തെ പിന്തുണച്ച് വടക്കൻ കർണാടകയിലെ 30 മഠാധിപതികളും ഇരുപതോളം സംഘടനകളും കർഷക സംഘങ്ങളും രംഗത്തെത്തിയിരുന്നു. അഖണ്ഡ കർണാടക വാദവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ യെഡിയൂരപ്പ പാർട്ടി നയം പ്രഖ്യാപിച്ചെങ്കിലും, പ്രത്യേക സംസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാരായ ബി.ശ്രീരാമുലുവും ഉമേഷ് കട്ടിയും രംഗത്തു വന്നത് ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു.