Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തൃണമൂൽ മെഗാറാലിയിലെ സാന്നിധ്യമാകാൻ ഉദ്ധവ് താക്കറെ; ബിജെപിക്കു ക്ഷീണം

Mamata Banerjee, Udhav Thackery മമത ബാനർജി, ഉദ്ധവ് താക്കറെ

മുംബൈ ∙ സഖ്യകക്ഷിയായ ബിജെപിയുമായി അകന്നുനിൽക്കുന്ന ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ ജനുവരിയിൽ തൃണമൂൽ കോൺഗ്രസ് കൊൽക്കത്തയിൽ നടത്തുന്ന മെഗാറാലിയിൽ പങ്കെടുക്കും. ബംഗാളിൽ ബിജെപിയുടെ ബദ്ധവൈരിയായ തൃണമൂൽ കോൺഗ്രസിന്റെ റാലിയിൽ പങ്കെടുക്കുന്നതിലൂടെ ബിജെപിക്കു മേൽ സമ്മർദം സൃഷ്ടിക്കുകയാണ് ഉദ്ധവിന്റെ ലക്ഷ്യം.

ഉദ്ധവിന്റെ സാന്നിധ്യം ഉറപ്പിക്കുന്നതു ബിജെപിക്കെതിരായ പോരാട്ടത്തിൽ മമതയ്ക്കും ബലം പകരും. അടുത്ത വർഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്കെതിരെ ശക്തിപ്രകടിപ്പിക്കുകയാണ് ജനുവരി 19ലെ റാലി വഴി മമത ലക്ഷ്യമിടുന്നത്.

അതേസമയം, ബിജെപി വിരുദ്ധ ശക്തികളെ ചേർത്തുനിർത്താനുള്ള തീവ്രശ്രമം നടത്തുന്ന മമത വിവിധ പാർട്ടി നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ തുടരുകയാണ്. അതിനിടെ മുതിർന്ന ശിവസേന നേതാവ് സഞ്ജയ് റാവുത്താണ് ശിവസേന അധ്യക്ഷൻ റാലിയിൽ പങ്കെടുക്കുന്ന കാര്യം മമതയെ അറിയിച്ചത്. 2016ൽ പ്രധാനമന്ത്രിയുടെ നോട്ട് പരിഷ്കരണ പ്രഖ്യാപനത്തിനു പിന്നാലെ പാർലമെന്റിൽനിന്നു രാഷ്ട്രപതി ഭവനിലേക്കു മമത ബാനർജി നടത്തിയ റാലിയിൽ ശിവസേന നേതാക്കൾ പങ്കെടുത്തിരുന്നു. അതിനു ശേഷം മമതയും ഉദ്ധവും തമ്മിൽ ഉടലെടുത്ത സൗഹൃദമാണ് ഇപ്പോൾ കൊൽക്കത്ത റാലിയിൽ കൈകോർക്കുന്നതിൽ എത്തിയത്.

പാർട്ടിയുടെ സ്ഥാപകദിനത്തിൽ ശിവസേനയ്ക്ക് ട്വിറ്ററിലൂടെ ആശംസ അറിയിച്ചിരുന്ന മമത മുംബൈയിൽ എത്തിയ വേളയിൽ ഉദ്ധവ് താക്കറെ, മകനും യുവസേന നേതാവുമായ ആദിത്യ താക്കറെ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിനിടെ, ബംഗാളിൽ മമതയ്ക്കെതിരെ ബിജെപിയും ശക്തിപ്രകടനത്തിന് ഒരുങ്ങുകയാണ്.

മമത ബാനർജി ജനുവരി 19ന് റാലി പ്രഖ്യാപിച്ചിരിക്കെ ജനുവരി 23ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഉൾപ്പെടുത്തി പാർട്ടി സമ്മേളനം നടത്തി കരുത്തു കാട്ടാനാണു ബിജെപിയുടെ ശ്രമം. തൃണമൂൽ-ബിജെപി പോരാട്ടം നേർക്കുനേർ വരുമ്പോൾ സഖ്യകക്ഷിയായ ബിജെപിയെ വിട്ട് തൃണമൂലിനെ ശിവസേന പിന്തുണയ്ക്കാനൊരുങ്ങുന്നത് സേനാ-ബിജെപി ബന്ധം ഇനിയും വഷളാക്കിയേക്കും.

related stories