Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണത്തിന് മുൻപ് നൽകുക 2272.56 കോടിയുടെ ക്ഷേമ പെൻഷൻ

pension

തിരുവനന്തപുരം ∙ ഓണത്തിനുമുമ്പ‌് വിവിധ ക്ഷേമ പെൻഷൻ ഇനത്തിൽ 2,272.56 കോടി രൂപ വിതരണം ചെയ്യും. 42,48,054 പേർക്കാണ‌് ഏപ്രിൽമുതൽ ജൂലൈവരെ നാല‌ുമാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ നൽകുക. ഇവരുടെയെല്ലാം കുടുംബത്തിൽ കുറഞ്ഞത‌് 4,400 രൂപയെങ്കിലും സഹായമായി എത്തും. ഇതിൽ 8,73,504 പേർ എൽഡിഎഫ‌് സർക്കാർ പുതുതായി ഉൾപ്പെടുത്തിയവരാണ‌്.

സ്വന്തംനിലയിൽ പെൻഷൻ നൽകാൻ കഴിവില്ലാത്ത തൊഴിലാളി ക്ഷേമനിധി ബോർഡുകളിലെ 9,14,587 പേരുടെ പെൻഷൻ ബാധ്യതയും ധനവകുപ്പ‌് ഏറ്റെടുക്കും. ബോർഡുകളിലെ കുടിശ്ശിക തീർക്കാൻ 402.42 കോടി രൂപ നീക്കിവയ‌്ക്കും. സഹകരണ ബാങ്കുകൾവഴിയുള്ള പെൻഷൻ 13ന‌് വിതരണം ആരംഭിക്കും. 2,05,472 പേർക്കാണ‌് പെൻഷൻ നേരിട്ടെത്തിക്കുക.

ബാങ്ക‌് വഴിയുള്ള  21,93,334 പേർക്ക‌് 17, 18 തീയതികളിൽ അക്കൗണ്ടിൽ പെൻഷൻ പണമെത്തും. 4,73,129 കർഷകത്തൊഴിലാളികൾക്കായി 208.18 കോടി രൂപയാണ‌് പെൻഷൻ വിതരണത്തിന‌് നീക്കിവയ‌്ക്കുക. വാർധക്യപെൻഷൻ വാങ്ങുന്ന 20,78,372 പേർക്ക‌് 914.48 കോടി രൂപ വേണം. 75 വയസ്സ‌് കഴിഞ്ഞവർക്ക‌് മാസം 1500 രൂപയാണ‌് പെൻഷൻ.

167.94 കോടി രൂപ ഭിന്നശേഷിക്കാരുടെ പെൻഷനായി വിതരണം ചെയ്യും. 80 ശതമാനത്തിനുമേൽ ശാരീരിക‐മാനസിക ബുദ്ധിമുട്ട‌് അനുഭവപ്പെടുന്നവർക്ക‌് മാസം 1300 രൂപയാണ‌് സഹായം. 50 വയസ്സ‌് കഴിഞ്ഞ അവിവാഹിതരായ വനിതകളിൽ 77,601 പേർക്ക‌് പെൻഷൻ വിതരണത്തിന‌് 34.14 കോടി രൂപ വേണം. 12,37,268 വിധവകൾക്ക‌് 544.40 കോടിയാണ‌് വിതരണം ചെയ്യുക.

പെൻഷൻ വാങ്ങുന്നവരിൽ 14,75,183 പേർ വനിതകളാണെന്നതാണ‌് പ്രത്യേകത. യുഡിഎഫ‌് സർക്കാർ ചുമതല ഒഴിയുമ്പോൾ പെൻഷൻ വിതരണത്തിൽ 1473.17 കോടി കുടിശ്ശികയായിരുന്നു.  എൽഡിഎഫ‌് സർക്കാർ ചുമതല ഏറ്റയുടൻ കുടിശ്ശിക നൽകുകയും 600 രൂപയായിരുന്ന പ്രതിമാസ പെൻഷൻ 1100 രൂപയാക്കുകയും ചെയ‌്തു.