Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അന്ന് ഓട്ടോ ഡ്രൈവർ ഇന്ന് നഗരപിതാവ്; കയ്യടി നേടി രാഹുൽ ജാദവ്

rahul-jadhav രാഹുൽ ജാദവ് (ട്വിറ്റർ ചിത്രം)

പുണെ∙ ജീവിക്കാനായി ഓട്ടോറിക്ഷ ഓടിച്ചു നടന്ന രാഹുൽ ജാദവ് ഇനി കോർപറേഷൻ മേയർ. പുണെ ജില്ലയിലെ വ്യാവസായിക നഗരമായ പിംപ്രി ചിൻച്‍വാദിലെ മേയറായാണ് രാഹുൽ ജാദവ് ഇന്നലെ തിരഞ്ഞെടുക്കപ്പെട്ടത്. 128 അംഗങ്ങളുള്ള കോർപ്പറേഷനിൽ ഭരണം ബിജെപിക്കാണ്. 

സാമ്പത്തിക സാഹചര്യങ്ങൾ കാരണം പത്താം ക്ലാസ് വരെ മാത്രമാണ് രാഹുലിന്റെ വിദ്യാഭ്യാസം. കർഷക കുടുംബത്തില്‍ നിന്നുള്ള ഇയാൾ ആറുപേര്‍ക്കിരിക്കാവുന്ന ഓട്ടോറിക്ഷയാണ് ഓടിച്ചിരുന്നത്. 1996 മുതൽ 2003 വരെയായിരുന്നു ഇത്. എന്നാൽ ആറ് സീറ്റുള്ള റിക്ഷ സർക്കാർ നിരോധിച്ചതോടെ പിന്നീട് കൃഷിയിലേക്ക് തിരിഞ്ഞു. പിന്നീട് ഒരു സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കിയിരുന്നതായും രാഹുൽ ജാദവ് മാധ്യമങ്ങളോട് പറഞ്ഞു. 2007ൽ രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാണ്‍ സേനയിൽ ചേർന്നു. 2012 ൽ എംഎന്‍എസ് ടിക്കറ്റിൽ കോർപറേഷൻ അംഗമായി. 2017ൽ ബിജെപിയിൽ ചേർന്ന് രണ്ടാം തവണയും കോർപറേഷനിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 

മേയറായിരുന്ന നിതിന്‍ കജ്‍ലെ രാജിവച്ചതോടെയാണ് രാഹുലിന് നറുക്ക് വീണത്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 120 വോട്ടുകളിൽ 81 ഉം രാഹുലിന് ലഭിച്ചു. സാധാരണക്കാരുടെ പ്രശ്നങ്ങൾ അറിയുന്നതിനാല്‍ അവരെ ഉയർത്തിക്കൊണ്ടുവരാനാകും തന്റെ പ്രവർത്തനമെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.