Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിട്ടയായ വിവരശേഖരണം; അധികാരക്കളിയില്‍ ഇമ്രാനെ തുണച്ചത് ഈ കുഞ്ഞന്‍ ആപ്പ്

Pakistan Elections ഇമ്രാൻ ഖാൻ (ഫയൽ ചിത്രം)

ഇസ്‌ലാമബാദ്∙ പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായത് ഒരു കുഞ്ഞന്‍ ആപ്പും അഞ്ചുകോടിയിലധികം വോട്ടര്‍മാരെക്കുറിച്ചുള്ള കൃത്യമായ വിവരശേഖരണവും. പാക്ക് സൈന്യം ഇമ്രാനെ അകമഴിഞ്ഞു സഹായിച്ചുവെന്നു പ്രതിപക്ഷം ആരോപിക്കുമ്പോഴും സൈബര്‍ പ്രചാരണവും കോണ്‍സ്റ്റിറ്റ്യുവന്‍സി മാനേജ്‌മെന്റ് സിസ്റ്റം (സിഎംഎസ്) എന്ന ആപ്പുമാണു കരുത്തായതെന്നു തെഹരികെ ഇന്‍സാഫ് പാര്‍ട്ടി വ്യക്തമാക്കുന്നു. 115 സീറ്റുകളാണു പാര്‍ട്ടി സ്വന്തമാക്കിയത്.

തിരഞ്ഞെടുപ്പു പ്രചാരണവേളയില്‍ ജനങ്ങളിലേക്കെത്തുന്നതു മുതല്‍ വോട്ടെടുപ്പു ദിവസം അണികള്‍ വോട്ട് ചെയ്തുവെന്ന് ഉറപ്പിക്കുന്നതു വരെ പാര്‍ട്ടിക്കൊപ്പംനിന്നത് സിഎംഎസ് എന്ന ഈ ആപ്പാണ്. പ്രതിയോഗികള്‍ കോപ്പിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ അമീര്‍ മുഗള്‍ എന്ന നേതാവിന്റെ നേതൃത്വത്തില്‍ അതീവ രഹസ്യമായിട്ടായിരുന്നു പാര്‍ട്ടിയുടെ സൈബര്‍ നീക്കങ്ങള്‍. വോട്ടെടുപ്പ് ദിവസം സര്‍ക്കാരിന്റെ ടെലിഫോണ്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് നിശ്ചലമായതു മറ്റു പാര്‍ട്ടികള്‍ക്കു തിരിച്ചടിയായെങ്കിലും സ്വന്തം ആപ്പിലൂടെ ഇമ്രാന്റെ പാര്‍ട്ടി മേല്‍ക്കൈ ഉറപ്പിച്ചു.

ആദ്യഘട്ടത്തില്‍ വിജയ സാധ്യതയുള്ള മണ്ഡലങ്ങളില്‍ പ്രവര്‍ത്തകരെ നിയോഗിച്ച് അഞ്ചു കോടിയിലേറെ വോട്ടര്‍മാരുടെ വിവരശേഖരണം നടത്തി. വോട്ടര്‍ പട്ടിക സ്‌കാന്‍ ചെയ്തായിരുന്നു വിവരശേഖരണം. പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യതയുള്ള വോട്ടര്‍മാരുടെ വിവരങ്ങളാണു പ്രധാനമായി ശേഖരിച്ചത്. വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ടൈപ്പ് ചെയ്താല്‍ പ്രവര്‍ത്തകര്‍ക്കു കൃത്യമായി അവരുടെ വിലാസവും വീട്ടില്‍ മറ്റാരൊക്കെ ഉണ്ടെന്നും അറിയാന്‍ കഴിഞ്ഞിരുന്നു. വോട്ടെടുപ്പു ദിവസം ഇവരുടെ വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ വീണെന്ന് ഉറപ്പിക്കാനും പ്രവര്‍ത്തകര്‍ക്കു തുണയായത് ഈ ആപ്പ് തന്നെ.

വോട്ടെടുപ്പു ദിവസം തെഹരികെ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ വോട്ടര്‍ സ്ലിപ്പുകളുടെ പ്രിന്റ് എടുത്തതും ഈ ആപ്പ്് ഉപയോഗിച്ചതാണ്. അതേസമയം നവാസ് ഷെരീഫിന്റെ പാര്‍ട്ടിക്ക് സ്ലിപ്പുകള്‍ എഴുതി നല്‍കേണ്ടിവന്നു. സാക്ഷരതാ നിരക്ക് 40% മാത്രമുള്ള പാക്കിസ്ഥാനില്‍ ആയിരക്കണക്കിനു സ്ലിപ്പുകളാണു പ്രവര്‍ത്തകര്‍ക്ക് എഴുതേണ്ടി വന്നിരുന്നത്. തെഹരിക് ഇ ഇന്‍സാഫ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ആപ്പുപയോഗിച്ചു പ്രിന്റ് എടുക്കാന്‍ സൗകര്യം കിട്ടിയതോടെ അത്രയും സമയം കൂടി പ്രചാരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞു.

2013ലെ തിരഞ്ഞെടുപ്പില്‍ സൈബര്‍ പ്രചാരണത്തില്‍ പിന്നോട്ടു പോയതാണു തിരിച്ചടിക്കു കാരണമായതെന്ന ഇമ്രാന്റെ പരാതിക്കു പരിഹാരമായാണു സിഎംഎസ് ആപ്പ് വികസിപ്പിച്ചത്. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്കു മുമ്പ് പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് ഇമ്രാന്‍ നേരിട്ടു തന്നെ ആപ്പ് വാട്‌സാപ്പിലൂടെ അയച്ചു കൊടുത്തു. എല്ലാ സ്ഥാനാര്‍ഥികളും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ കൃത്യമായി നിര്‍ദേശം നല്‍കി.

വിജയസാധ്യതയുള്ള 150 മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സൈബര്‍ പ്രചാരണം. അമേരിക്കന്‍ ബിസിനസുകാരനായ താരിഖ് ദിനും ടെക്ക് കണ്‍സള്‍ട്ടന്റായ ഷെഹസാദ് ഗുല്ലും ചേര്‍ന്നുണ്ടാക്കിയ ആപ്പിന്റെ ഗുണങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞത് ഇമ്രാന്റെ സുഹൃത്തായ ജഹാംഗിര്‍ തരീര്‍ ഖാന്‍ എന്ന അതിസമ്പന്നനായ രാഷ്ട്രീയ നേതാവാണ്. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ സിഎംഎസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു വിജയം ഉറപ്പിക്കാന്‍ കഴിഞ്ഞതോടെ പൊതു തിരഞ്ഞെടുപ്പിലും പാര്‍ട്ടി ആപ്പിന്റെ സഹായം തേടുകയായിരുന്നു.

related stories