Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നുഴഞ്ഞുകയറ്റക്കാരെ തുരത്തണോ വേണ്ടയോ? അസം പൗരത്വ വിഷയത്തില്‍ ആഞ്ഞടിച്ച് അമിത് ഷാ

amit-shah ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ

ന്യൂഡല്‍ഹി∙ അസം പൗരത്വ വിഷയത്തില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബംഗ്ലാദേശി നുഴഞ്ഞുകയറ്റുക്കാരെ ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണോ അതോ പുറത്താക്കണോ എന്നു പ്രതിപക്ഷം വ്യക്തമാക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ മുഗള്‍സരായി റെയില്‍വേ സ്‌റ്റേഷന്റെ പുനര്‍നാമകരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. സ്‌റ്റേഷന്റെ പേര് ദീന്‍ദയാല്‍ ഉപാധ്യായ സ്‌റ്റേഷന്‍ എന്നാക്കി.

മമതാ ബാനര്‍ജിയും കോണ്‍ഗ്രസും ആവശ്യപ്പെടുന്നത് എന്‍ആര്‍സി നടപ്പാക്കരുതെന്നാണ്. ഇതുമായി ബന്ധപ്പെട്ട‌ു താന്‍ ഉന്നയിച്ച ചോദ്യത്തിനു രാഹുല്‍ ഗാന്ധി ഇതുവരെ മറുപടി നല്‍കിയിട്ടില്ല. നുഴഞ്ഞുകയറ്റക്കാര്‍ രാജ്യത്തു തുടരണം എന്നണോ ആഗ്രഹിക്കുന്നതെന്ന് എസ്പിയും ബിഎസ്പിയും കോണ്‍ഗ്രസും വ്യക്തമാക്കണം. ഒറ്റ അനധികൃത കുടിയേറ്റക്കാരനും രാജ്യത്തു തുടരരുതെന്നാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. റെയില്‍വേ മന്ത്രി പീയുഷ് ഗോയലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങില്‍ പങ്കെടുത്തു.

ഒബിസി ബില്‍ ഭേദഗതിയില്‍ രാജ്യസഭയില്‍ കോണ്‍ഗ്രസ് നിലപാടു വ്യക്തമാക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു. ലോക്‌സഭയില്‍ മോദി സര്‍ക്കാര്‍ ബില്‍ പാസാക്കി. രാജ്യസഭയില്‍ ബില്ലിനെ അനുകൂലിക്കുമോ എന്നു കോണ്‍ഗ്രസ് അറിയിക്കണം. പിന്നാക്കക്കാരുടെ ക്ഷേമമാണോ കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്ന് ഇതോടെ അറിയാനാകുമെന്നും അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ മഹാസഖ്യം യാഥാര്‍ഥ്യമായാലും വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിക്കു യാതൊരു തിരിച്ചടിയും ഉണ്ടാകില്ലെന്നും അമിത് ഷാ പറഞ്ഞു. 2014ല്‍ 80ല്‍ 71 സീറ്റും ബിജെപി സ്വന്തമാക്കിയിരുന്നു. സഖ്യകക്ഷിയായ അപ്‌നാദള്‍ രണ്ടു സീറ്റും നേടി. ബുവ(മായാവതി)യും ഭതീജ(അഖിലേഷ് യാദവ്)യും രാഹുലും കൈകോര്‍ത്താലും ബിജെപിക്കു സീറ്റ് കൂടുകയല്ലാതെ കുറയില്ലെന്നും അമിത് ഷാ പറഞ്ഞു.