Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുതിപ്പ് തുടർന്ന് ഓഹരി വിപണികൾ; സെൻസെക്സ് 37,691 – നിഫ്റ്റി 11,387

bse-bull-single മുംബൈയിലെ ബിഎസ്ഇ കെട്ടിടത്തിനു മുന്നിൽ സ്ഥാപിച്ച വെങ്കലക്കാളയുടെ ശിൽപം. – ഫയൽ ചിത്രം.

മുംബൈ ∙ രാജ്യത്തെ മുപ്പത് മുൻനിര ഓഹരികൾ ലിസ്റ്റ് ചെയ്യുന്ന ബോംബെ ഓഹരി വിപണി സൂചികയായ സെൻസെക്സ് റെക്കോർഡ് കുതിപ്പ് തുടരുന്നു. 135.73 പോയിന്റ് ഉയർന്ന് 37,691.89 എന്ന തലത്തിലാണ് സെൻസെക്സ് തിങ്കളാഴ്ച ക്ലോസ് ചെയ്തത്. 50 മുൻനിര ഓഹരികളുടെ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ക്ലോസിങ് ബെൽ മുഴങ്ങുമ്പോൾ 26.30 പോയിന്റിന്റെ ഉയർച്ചയോടെ 11,387.10 എന്ന എക്കാലത്തെയും മികച്ച ക്ലോസിങ് തലത്തിലായിരുന്നു. ഇരുസൂചികകളും 0.30 ശതമാനത്തിന്റെ കുതിപ്പാണ് തിങ്കളാഴ്ച കാഴ്ചവച്ചത്.

രാവിലെ വ്യാപാരത്തിനിടെ ഏക്കാലത്തെയും മികച്ച തലമായ 37,805.25 തൊട്ട് സെൻസെക്സും 11,400 തലം കടന്ന് നിഫ്റ്റിയും ചരിത്രം രചിച്ചു. ഉച്ചതിരിഞ്ഞുള്ള വ്യാപാരത്തിൽ അൽപം ഇടിവുണ്ടായതാണ് ക്ലോസിങ് തലങ്ങളിൽ പ്രതിഫലിച്ചത്. നിഫ്റ്റിയിൽ പൊതുമേഖല–ബാങ്ക് ഓഹരികളാണ് മുന്നേറ്റത്തിന് സഹായകമായത്. ഇവ മൊത്തത്തിൽ 2.60 ശതമാനത്തിന്റെ കുതിപ്പ് കാട്ടിയപ്പോൾ ഫാർമ, ഉപഭോക്തൃഉൽപന്ന(എഫ്എംസിജി) സൂചികകൾ യഥാക്രമം ഒരു ശതമാനത്തിന്റെയും 0.65 ശതമാനത്തിന്റെയും ഇടിവു കാട്ടി.

ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ ഓഹരികൾ മൂന്നു ശതമാനത്തോളമാണ് നേട്ടം കാഴ്ചവച്ചത്. ടാറ്റ മോട്ടോഴ്സ്, കോട്ടക് മഹീന്ദ്ര, ഗെയിൽ, ഡോ. റെഡ്ഡീസ് ലാബ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിന്റെ പാതയിലായിരുന്നു.

തിങ്കളാഴ്ച ഓഹരി വിപണികളിൽ ആദ്യമായി ലിസ്റ്റ് ചെയ്ത എച്ച്ഡിഎഫ്സി എഎംസി ഓഹരികൾ കന്നിപ്രകടനം തന്നെ അവിസ്മരണീയമാക്കി. ഓഹരി പുറത്തിറക്കുമ്പോഴുള്ള പ്രാരംഭ വിലയിലും 58 % ഉയർച്ചയാണ് എച്ച്ഡിഎഫ്സി എഎംസി ഓഹരികൾ നേടിയത്. സെൻസെക്സിൽ 67.54 % നേട്ടം കാട്ടി 1,842.95 രൂപ എന്ന തലത്തിലും നിഫ്റ്റിയിൽ 67.64 % നേട്ടത്തോടെ 1,844 രൂപയ്ക്കുമാണ് ഈ ഓഹരിക്ക് വില ലഭിച്ചത്.