Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊച്ചിയിൽ വൻ ലഹരിമരുന്ന് വേട്ട: ശ്രീലങ്കൻ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

kochi-drugs-arrest പൊലീസ് പിടിയിലായ ഷാഹുൽ ഹമീദ്, ശ്രീദേവന്‍

കൊച്ചി∙ രാജ്യാന്തര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന മുക്കാൽ കിലോയോളം ബ്രൗൺഷുഗറുമായി ശ്രീലങ്കൻ സ്വദേശി അടക്കം രണ്ടു പേരെ സിറ്റി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്തു. ജാഫ്ന സ്വദേശി ശ്രീദേവൻ (57), സഹായിയും ചെന്നൈ റോയൽപേട്ട് സ്വദേശിയുമായ ഷാഹുൽ ഹമീദ് (36) എന്നിവരാണു പിടിയിലായത്.

രാജ്യാന്തര വിപണിയിൽ കിലോയ്ക്ക് ഒരു കോടിയിലധികം രൂപ വിലവരുന്ന വൈറ്റ് ഹെറോയിനാണു പിടികൂടിയതെന്നു പൊലീസ് അറിയിച്ചു. ചെന്നൈ കേന്ദ്രമാക്കി, കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കെമിക്കൽ ലഹരി മരുന്നുകൾ വൻതോതിൽ കടത്തുന്ന സംഘത്തിൽ പെട്ടവരാണു പിടിയിലായതെന്നും ശ്രീലങ്കയിൽ നിന്നാണു ലഹരി വസ്തുക്കൾ ചെന്നൈയിലെത്തിച്ചതെന്നും പൊലീസ് അറിയിച്ചു. സിറ്റി പൊലീസ് കമ്മീഷണർ എം.പി. ദിനേശിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ക്രൈംബ്രാഞ്ച് എസിപി ടി.ബിജി ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേകസംഘം അന്വേഷണം നടത്തുകയായിരുന്നു. 

ഇടപാടുകാർ എന്ന രീതിയിൽ ഒരാഴ്ചയോളം ചെന്നൈയിൽ തങ്ങിയ ഷാഡോ ടീം, ലഹരിമരുന്നു വിൽക്കുന്ന ശ്രീലങ്കൻ അഭയാർഥി സംഘവുമായി കച്ചവടം ഉറപ്പിച്ച ശേഷം മടങ്ങുകയും പ്രതികൾ ലഹരിമരുന്നുമായി തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ പിടികൂടുകയും ചെയ്യുകയായിരുന്നു. ഷാഡോ എസ്ഐ എ.ബി.വിബിൻ, തൃപ്പൂണിത്തുറ എസ്ഐ ബിജു, സിപിഒമാരായ അഫ്സൽ, സന്ദീപ്, ടി.ടി.സാനു, വിനോദ്, സാനുമോൻ, വിശാൽ, ഷാജിമോൻ, സുനിൽ എന്നിവർ ഉൾപെട്ട സംഘമാണു പ്രതികളെ പിടികൂടിയത്.